ട്വിറ്ററിന് പിന്നാലെ മെറ്റയിലും കൂട്ടപ്പിരിച്ചുവിടൽ; 11,000 പേർക്ക് ജോലി നഷ്ടമായി

ഫേസ്ബുക്കിന്റെ മാതൃസ്ഥാപനമായ മെറ്റയിലും കൂട്ടപ്പിരിച്ചുവിടൽ. ചെലവ് ചുരുക്കുന്നതിന്റെ ഭാഗമായി 11,000 ജീവനക്കാരെ പിരിച്ചുവിട്ടു. ആകെ ജീവനക്കാരുടെ 13 ശതമാനമാണിത്.

Nov 10, 2022 - 23:55
 0
ട്വിറ്ററിന് പിന്നാലെ മെറ്റയിലും കൂട്ടപ്പിരിച്ചുവിടൽ; 11,000 പേർക്ക് ജോലി നഷ്ടമായി

ഫേസ്ബുക്കിന്റെ മാതൃസ്ഥാപനമായ മെറ്റയിലും കൂട്ടപ്പിരിച്ചുവിടൽ. ചെലവ് ചുരുക്കുന്നതിന്റെ ഭാഗമായി 11,000 ജീവനക്കാരെ പിരിച്ചുവിട്ടു. ആകെ ജീവനക്കാരുടെ 13 ശതമാനമാണിത്. പുതിയ നിയമനങ്ങൾ മരവിപ്പിക്കും. മെറ്റയുടെ ചരിത്രത്തിലെ ഏറ്റവും പ്രയാസകരമായ ചില മാറ്റങ്ങളാണ് ഞാന്‍ ഇന്ന് പങ്കുവെക്കുന്നതെന്ന് പറഞ്ഞുകൊണ്ടാണ് ബ്ലോഗ്‌പോസ്റ്റിലൂടെ കമ്പനി മേധാവി മാർക്ക് സക്കര്‍ബര്‍ഗ് പുതിയ തീരുമാനങ്ങള്‍ അറിയിച്ചത്.

മെറ്റയുടെ ജീവനക്കാരില്‍ നിന്ന് 13 ശതമാനം പേരെയാണ് ഒഴിവാക്കുക. തങ്ങളുടെ മികവുറ്റ ജീവനക്കാരില്‍ നിന്ന് 11,000 പേര്‍ക്ക് പുറത്തുപോവേണ്ടി വരുമെന്ന് സക്കര്‍ബര്‍ഗ് പറഞ്ഞു. ചെലവ് ചുരുക്കുക, നിയമനങ്ങള്‍ നിര്‍ത്തിവെക്കുക തുടങ്ങിയ അധിക നടപടികളും കമ്പനി സ്വീകരിച്ചിട്ടുണ്ട്. പിരിച്ചുവിടപ്പെടുന്ന ജീവനക്കാര്‍ക്ക് 16 ആഴ്ചയിലെ അടിസ്ഥാന ശമ്പളവും സേവനം ചെയ്ത ഒരോ വര്‍ഷവും രണ്ടാഴ്ചത്തെ അധിക ശമ്പളവും നല്‍കും.

2004 ല്‍ ഫേസ്ബുക്ക് തുടക്കമിട്ടതിന് ശേഷം വരുന്ന ഏറ്റവും വലിയ ചെലവ് ചുരുക്കല്‍ നടപടിയാണിത്. വിര്‍ച്വല്‍ റിയാലിറ്റി വ്യവസായത്തിലേക്കുള്ള അതിഭീമമായ നിക്ഷേപവും ഫേസ്ബുക്കില്‍ നിന്നുള്ള വരുമാനത്തില്‍ വലിയ ഇടിവുണ്ടായതും കമ്പനിയെ വലിയ സാമ്പത്തിക നഷ്ടത്തിലെത്തിച്ചിട്ടുണ്ട്. എന്നാൽ പിരിച്ചുവിടൽ ഇന്ത്യയിലെ മെറ്റാ ജീവനക്കാരെ എങ്ങനെ ബാധിക്കുമെന്ന് വ്യക്തമല്ല.

ഈ വർഷം സ്റ്റോക്ക് മാര്‍ക്കറ്റില്‍ വൻ ഇടിവാണ് മെറ്റയ്ക്ക് നേരിടേണ്ടി വന്നത്. വരുമാനത്തില്‍ വലിയ നഷ്ടം നേരിടേണ്ടിവരുമെന്നും അതിനാല്‍ തന്നെ അടുത്ത കൊല്ലവും കമ്പനിയുടെ വിപണിമൂല്യം കുറയാനിടയുണ്ടെന്നും ഒക്ടോബറില്‍ തന്നെ കമ്പനി മുന്‍കൂട്ടിക്കണ്ടിരുന്നു. ആഗോള സാമ്പത്തികമാന്ദ്യം, ടിക് ടോക്കില്‍നിന്ന് നേരിടുന്ന കടുത്ത മത്സരം, സ്വകാര്യതാ നയത്തില്‍ ആപ്പിള്‍ കൊണ്ടുവന്ന മാറ്റങ്ങള്‍, നിയന്ത്രണ ചട്ടങ്ങള്‍ തുടങ്ങിയ ഘടകങ്ങള്‍ തുടങ്ങിയവ മൂലമുള്ള പ്രതിസന്ധികളും കമ്പനി നേരിടുന്നുണ്ട്.

മെറ്റാവേഴ്‌സില്‍ നടത്തുന്ന നിക്ഷേപങ്ങളില്‍ നിന്നുള്ള വരുമാനത്തിന് പത്ത് കൊല്ലമെങ്കിലും കാത്തിരിക്കേണ്ടിവരുമെന്നാണ് കമ്പനി സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗ് പറയുന്നത്. ചെലവ് ചുരുക്കുന്നതിന്റെ ഭാഗമായി പുതിയ നിയമനങ്ങളും പദ്ധതികളും നിര്‍ത്തിവെച്ച് ജീവനക്കാരെ പുനഃക്രമീകരിക്കുകയാണ് കുറച്ചുകാലമായി കമ്പനി ചെയ്യുന്നത്. എന്‍ജിനീയര്‍മാരെ നിയമിക്കുന്നതില്‍ 30 ശതമാനത്തോളം കുറവ് വരുത്താന്‍ ജൂണ്‍ മാസത്തില്‍ തന്നെ കമ്പനി പദ്ധതിയിട്ടിരുന്നു.



ജീവനക്കാരുടെ നിയമനത്തിലും മുതല്‍മുടക്കിലും കുറവ് വരുത്തണമെന്ന് മെറ്റയുടെ ഷയര്‍ ഹോള്‍ഡറായ ആള്‍ട്ടീമീറ്റര്‍ ക്യാപിറ്റല്‍ മാനേജ്‌മെന്റ് സക്കര്‍ബര്‍ഗിനയച്ച തുറന്ന കത്തില്‍ ആവശ്യപ്പെട്ടിരുന്നു.

കഴിഞ്ഞയാഴ്ച 50 ശതമാനം ജീവനക്കാരെ ട്വിറ്റര്‍ പിരിച്ചുവിട്ടതിന് പിന്നാലെയാണ് മെറ്റയും സമാന നടപടിയുമായി എത്തിയിരിക്കുന്നത്. മെറ്റയുടെ മറ്റൊരു എതിരാളിയായ സ്‌നാപ്ചാറ്റിന്റെ മാതൃസ്ഥാപനമായ സ്‌നാപ്പും 20 ശതമാനം ജീവനക്കാരെ പിരിച്ചുവിടുമെന്ന് പ്രഖ്യാപിച്ചിരുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow