ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്‍ മേല്‍ അവര്‍ക്കുള്ളത് വേറെ ഉദ്ദേശം ; WCCക്കെതിരെ മന്ത്രി സജി ചെറിയാന്‍
ഹേമ കമ്മിറ്റി റിപ്പോർട്ട് വിവാദത്തില്‍ (Hema Committee Report) മലയാള സിനിമയിലെ വനിത കൂട്ടായ്മയായ ഡബ്ല്യൂസിസി (WCC)ക്കെതിരെ സാംസ്ക്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ (Saji Cherian).

ഹേമ കമ്മിറ്റി റിപ്പോർട്ട് വിവാദത്തില്‍ (Hema Committee Report) മലയാള സിനിമയിലെ വനിത കൂട്ടായ്മയായ ഡബ്ല്യൂസിസി (WCC)ക്കെതിരെ സാംസ്ക്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ (Saji Cherian). റിപ്പോർട്ട് പുറത്തുവിടേണ്ടതില്ലെന്ന് ജസ്റ്റിസ് ഹേമ തന്നെ പറഞ്ഞിട്ടുണ്ടെന്നും റിപ്പോർട്ട് പുറത്ത് വിടണമെന്ന് ആവര്‍ത്തിച്ച് ആവശ്യപ്പെടുന്നവര്‍ക്ക് വേറെ ഉദ്ദേശമാണെന്നും മന്ത്രി കുറ്റപ്പെടുത്തി.
റിപ്പോർട്ട് പുറത്ത് വിടണോ വേണ്ടയോ എന്ന് സർക്കാരാണ് തീരുമാനിക്കേണ്ടത്. സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന വനിതകൾക്ക് സുരക്ഷിതത്വം ലഭിക്കണമെന്നതാണ് സർക്കാരിന്റെ പ്രധാന ഉദ്ദേശം. റിപ്പോർട്ടിലെ ഉള്ളടക്കം അംഗീകരിച്ചാണ് സർക്കാർ തുടർ നടപടികളിലേക്ക് നീങ്ങുന്നത്. റിപ്പോർട്ട് പുറത്ത് വിടുകയെന്നതിനേക്കാൾ ഹേമാ കമ്മിറ്റിയുടെ ശുപാർശകൾ നടപ്പിലാക്കുകയാണ് വേണ്ടെതെന്നും മന്ത്രി അഭിപ്രായപ്പെട്ടു. സിനിമാ മേഖലയിലെ ജോലിക്ക് കരാർ അടക്കം പരിഗണനയിലാണെന്നും മന്ത്രി വിശദീകരിച്ചു.
ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിലെ നിർദ്ദേശങ്ങൾ നടപ്പാക്കുന്നത് ചർച്ച ചെയ്യാനായി വിളിച്ചുചേർത്ത യോഗത്തിന് മുന്നോടിയായാണ് മന്ത്രിയുടെ പ്രതികരണം. അമ്മ, മാക്ട, ഫെഫ്ക, ഡബ്ല്യുസിസി, ഫിലിം ചേമ്പര്‍, പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ അടക്കം സിനിമാ മേഖലയിലെ മുഴുവന്‍ സംഘടനകളെയും യോഗത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്.
സോഷ്യൽ മീഡിയയിലൂടെയുള്ള ഓഡിഷന് നിയന്ത്രണം ഏർപ്പെടുത്തും, ക്രിമിനൽ പശ്ചാത്തലമുള്ള ഡ്രൈവർമാരെ നിയമിക്കരുത്, തുല്യവേതനം ഉറപ്പാക്കും എന്നിങ്ങനെയാണ് കമ്മറ്റി റിപ്പോർട്ടില്‍ സാംസ്കാരിക വകുപ്പിന്‍റെ പ്രധാന നിർദ്ദേശങ്ങൾ. ഇന്നത്തെ യോഗത്തിൽ ഈ നിർദേശങ്ങൾ അവതരിപ്പിക്കും.
സിനിമ മേഖലയിൽ സമഗ്ര നിയമം പ്രാബല്യത്തിൽ കൊണ്ടുവരുമെന്നും സാംസ്കാരിക വകുപ്പ് നിർദേശിക്കുന്നു. സിനിമ മേഖലയിൽ കരാർ നിർബന്ധമാക്കും, ക്രിമിനൽ പശ്ചാത്തലമുള്ള ഡ്രൈവർമാരെ നിയമിക്കരുത്, ജോലി സ്ഥലത്ത് മദ്യവും മയക്കുമരുന്നും പാടില്ല, സ്ത്രീക്കും പുരുഷനും തുല്യവേതനം ഉറപ്പാക്കണം, സ്ത്രീകൾക്ക് അടിസ്ഥാന സൗകര്യങ്ങൾ നിഷേധിക്കരുത്, സ്ത്രീകൾക്ക് സുരക്ഷിതമല്ലാത്ത താമസ, യാത്ര സൗകര്യങ്ങൾ ഒരുക്കരുത്, സിനിമ ജോലികളിൽ വ്യക്തമായ കരാർ വ്യവസ്ഥ നിർബന്ധമാക്കും, സ്ത്രീകളോട് അശ്ലീല ചുവയോടെയുള്ള പെരുമാറ്റം അരുത് എന്നിവയാണ് മറ്റ് കരട് നിർദേശങ്ങൾ.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് (Hema Committee Report) പുറത്തുവിടാത്തതിലും റിപ്പോർട്ടിന്മേൽ നടപടി എടുക്കാത്തതിലും ആശങ്ക അറിയിച്ചുകൊണ്ട് സർക്കാരിന് കത്തയച്ച് ഡബ്ല്യൂസിസി (WCC). കമ്മിറ്റിയുടെ പഠനം ചര്‍ച്ച ചെയത് നടപടിയെടുക്കണമെന്നാണ് ഡബ്ല്യൂസിസി അയച്ച കത്തിലെ ഉള്ളടക്കം. വിഷയം സംബന്ധിച്ച് മന്ത്രി പി രാജീവുമായി (P Rajeev) നടത്തിയ കൂടിക്കാഴ്ചയിൽ സമർപ്പിച്ച കത്ത് ഡബ്ല്യൂസിസി ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.
മന്ത്രിക്ക് സമർപ്പിച്ച കത്തിൽ, സ്ത്രീക്ക് നീതി ഉറപ്പാക്കുന്നവര്‍ക്കേ സ്ത്രീപക്ഷ കേരളം വാര്‍ത്തെടുക്കാനാകൂവെന്നും എല്ലാ തൊഴിലിടങ്ങളിലും ആഭ്യന്തര പരാതി പരിഹാര സമിതികള്‍ ഏര്‍പ്പെടുത്തണമെന്നും ഡബ്ല്യൂസിസി അംഗങ്ങൾ ആവശ്യപ്പെടുന്നുണ്ട്. വിഷയത്തിൽ കൂടുതൽ ചർച്ചയ്ക്കായി മന്ത്രി ബുധനാഴ്ച വിളിച്ചിരിക്കുന്ന കൂടിക്കാഴ്ചയെ വളരെ പ്രതീക്ഷയോടെയാണ് ഉറ്റുനോക്കുന്നതെന്നും കത്തിൽ പറയുന്നു.
ഡബ്ല്യുസിസി ഫേസ്‌ബുക്കിൽ പങ്കുവെച്ച കുറിപ്പ് -
What's Your Reaction?






