എങ്ങിനെയാണ് ക്ലസ്റ്റര്‍ രൂപപ്പെടുന്നത്? എന്തൊക്കെ ശ്രദ്ധിക്കണം?
സംസ്ഥാനത്ത് കോവിഡ് അതിതീവ്ര വ്യാപന പശ്ചാത്തലത്തില്‍ ക്ലസ്റ്റര്‍ മാനേജ്‌മെന്റിന് രൂപം നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്
സംസ്ഥാനത്ത് കോവിഡ് അതിതീവ്ര വ്യാപന പശ്ചാത്തലത്തില്‍ ക്ലസ്റ്റര്‍ മാനേജ്‌മെന്റിന് രൂപം നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സ്ഥാപനങ്ങളിലും ഓഫീസുകളിലും നിരവധി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തില്‍ കൂടിയാണ് ക്ലസ്റ്റര്‍ മാനേജ്‌മെന്റ് തയ്യാറാക്കിയത്.
സംസ്ഥാനത്ത് 18 വയസിന് മുകളില്‍ ലക്ഷ്യം വച്ച ജനസംഖ്യയുടെ 100 ശതമാനം പേര്‍ക്ക് ആദ്യ ഡോസ് വാക്‌സിനും 83 ശതമാനം പേര്‍ക്ക് രണ്ടാം ഡോസും നല്‍കി. ഇതുകൂടാതെ കരുതല്‍ ഡോസിന് അര്‍ഹതയുള്ളവരില്‍ 33 ശതമാനം (2,91,271) പേര്‍ക്ക് വാക്‌സിന്‍ നല്‍കി. 15നും 17നും ഇടയ്ക്ക് പ്രായമുള്ള 61 ശതമാനം പേര്‍ക്ക് (9,25,722) വാക്‌സിന്‍ നല്‍കിയിട്ടുണ്ട്. എല്ലാ വിഭാഗങ്ങളിലുമായി 5 കോടിയിലധികം ഡോസ് വാക്‌സിനേഷന്‍ നല്‍കി. കുറേ പേര്‍ക്ക് കോവിഡ് വന്ന് പോയിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ ഭൂരിപക്ഷം പേരും ഹൈബ്രിഡ് പ്രതിരോധശേഷി നേടിയിട്ടുണ്ട്. സ്ഥാപനങ്ങളിലും സ്‌കൂളുകളിലും ജോലി ചെയ്യുന്ന ജീവനക്കാരും അധ്യാപകരും പൂര്‍ണമായും വാക്‌സിനേഷന്‍ എടുത്തവരാണ്. അതിനാല്‍ കോവിഡ് അണുബാധ ഉണ്ടായാല്‍ പോലും അത് ഗുരുതരമാകാനുള്ള സാധ്യത വളരെ കുറവാണ്. മറ്റനുബന്ധ രോഗമുള്ളവര്‍ക്ക് കോവിഡ് ബാധിച്ചാല്‍ ഗുരുതരമാകുകയും ചെയ്യും. ഈ സാഹചര്യത്തില്‍ സ്‌കൂളുകളിലും ഓഫീസുകളിലും സുരക്ഷ ഉറപ്പാക്കാനാണ് ക്ലസ്റ്റര്‍ മാനേജ്‌മെന്റ് ആവിഷ്‌ക്കരിച്ചത്.
എല്ലാ സ്ഥാപനങ്ങളിലും ഓഫീസുകളിലും ഒരു ഇന്‍ഫെക്ഷന്‍ കണ്‍ട്രോള്‍ ടീം (ഐസിടി) രൂപീകരിക്കണം. തിരഞ്ഞെടുത്ത ടീം അംഗങ്ങള്‍ക്ക് സ്ഥാപനങ്ങളിലും ഓഫീസുകളിലും പിന്തുടരേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ സംബന്ധിച്ച് പരിശീലനം നല്‍കണം. ഒരു ചെക്ക്‌ലിസ്റ്റ് ഉപയോഗിച്ച് ദിവസവും രോഗലക്ഷണ പരിശോധന നടത്തുക എന്നതാണ് അണുബാധ നിയന്ത്രണ ടീമിന്റെ പ്രധാന ഉത്തരവാദിത്തം. ക്ലസ്റ്റര്‍ രൂപീകരണത്തിന്റെ കാര്യത്തില്‍, ഉയര്‍ന്ന അപകടസാധ്യതയുള്ള എല്ലാ സമ്പര്‍ക്കങ്ങളും ഈ ടീം തിരിച്ചറിയുകയും ക്വാറന്റീന്‍ ചെയ്യിക്കുകയും വേണം. എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടെങ്കില്‍ പ്രാദേശിക ആരോഗ്യ പ്രവര്‍ത്തകരുടെ സഹായം തേടണം.
ക്ലസ്റ്റര്‍ മാനേജ്‌മെന്റ്
ഔട്ട്‌ബ്രേക്ക് മാനേജ്‌മെന്റ് സ്ഥലത്തും സമയത്തും ഗ്രൂപ്പുചെയ്ത കേസുകളുടെ സംയോജനമായാണ് ഒരു ക്ലസ്റ്റര്‍ നിര്‍വചിച്ചിരിക്കുന്നത്. രണ്ട് വ്യക്തികള്‍ക്ക് ഏഴ് ദിവസത്തിനുള്ളില്‍ ഒരേ ക്ലാസിലോ ഓഫീസ് മുറിയിലോ സ്ഥാപനത്തിലോ ഓഫീസിലോ ഒരേ പ്രദേശത്ത് പ്രവര്‍ത്തിക്കുന്ന വ്യക്തികള്‍ക്കിടയിലോ രോഗം വരുമ്പോഴാണ് ഒരു ക്ലസ്റ്റര്‍ രൂപപ്പെടുന്നത്. ഒരു ക്ലസ്റ്ററിന്റെ കാര്യത്തില്‍, രോഗം വരാന്‍ ഏറെ സാധ്യതയുള്ള സമ്പര്‍ക്കത്തിലുള്ളവരെ ഐസിടി കണ്ടെത്തി അവരെ ക്വാറന്റീന്‍ ചെയ്യണം. എന്‍ 95 മാസ്‌കിന്റെ ഉപയോഗം, ശാരീരിക അകലം, കൈകളുടെ ശുചിത്വം എന്നിവ പാലിക്കണം. ഒരുമിച്ച് ഭക്ഷണം കഴിക്കുമ്പോള്‍ എന്‍ 95 മാസ്‌ക് നീക്കം ചെയ്യുമ്പോഴാണ് സാധാരണയായി ഓഫീസില്‍ വ്യാപനമുണ്ടാകുന്നത്. ഓഫീസുകളില്‍ ഒരുമിച്ച് ഭക്ഷണം കഴിക്കുന്നില്ലെന്ന് ഐസിടി ഉറപ്പാക്കണം.
ഓഫീസ് സമയങ്ങളില്‍ എല്ലാ ഉദ്യോഗസ്ഥരും ശരിയായ വിധം എന്‍ 95 മാസ്‌ക് ഉപയോഗിക്കുന്നുവെന്ന് ഉറപ്പാക്കണം. കോവിഡ് രോഗലക്ഷണങ്ങള്‍ കാണുകയാണെങ്കില്‍ പരിശോധന നടത്തണം. ഓഫീസ് സ്ഥലത്ത് മതിയായ വായു സഞ്ചാരം ഉറപ്പാക്കണം. 5 വയസിന് മുകളിലുള്ള എല്ലാ കുട്ടികളും എന്‍ 95 മാസ്‌കുകളോ കുറഞ്ഞത് ട്രിപ്പിള്‍ ലെയര്‍ മാസ്‌കുകളോ ധരിക്കാന്‍ പ്രോത്സാഹിപ്പിക്കണം.
English Summary: Kerala Govt to focus on Covid cluster management, fresh guidelines
What's Your Reaction?