‘രണ്ട് പേർ മാത്രമായി കാര്യങ്ങൾ തീരുമാനിച്ചാൽ പോര’; പുനഃസംഘടന വൈകുന്നതിൽ തുറന്നടിച്ച് കെ മുരളീധരൻ
K Muralidharan opens up about delaying reorganization
കോൺഗ്രസ് പുനഃസംഘടന വൈകുന്നതിൽ അതൃപ്തിയുണ്ടെന്ന് മാധ്യമങ്ങൾക്ക് മുന്നിൽ തുറന്നടിച്ച് കെ മുരളീധരൻ എംപി. സിപിഎമ്മും ബിജെപിയും ഗൃഹസന്ദര്‍ശന പരിപാടികളുമായി മുന്നോട്ടുപോകുമ്പോള്‍ കോണ്‍ഗ്രസ് ഇപ്പോഴും പുനഃസംഘടനയുടെ ആലോചനകളിലാണെന്ന് അദ്ദേഹം വിമർശിച്ചു. കെ കരുണാകരൻ അനുസ്മരണ പരിപാടിയിലാണ് മുരളീധരന്റെ പ്രതികരണം.
‘പുനസംഘടന വൈകുന്നതിൽ അതൃപ്തിയുണ്ട്. അത് നേതൃത്വം പരിഹരിക്കണം. അടിയന്തരമായി താഴെ തട്ടിലുള്ള നിർജീവമായ കമ്മിറ്റികളൊക്കെ മാറ്റി പ്രവർത്തിക്കുന്ന കമ്മിറ്റികൾ ഉണ്ടാകണം. നേതൃത്വം വിചാരിച്ചാൽ ഇതൊക്കെ നടക്കും’, മുരശീധരൻ പറഞ്ഞു. കെ സുധാകരൻ പാർട്ടി പരിപാടികൾ പങ്കെടുക്കാതിരിക്കുന്നത് പുനഃസംഘടനയെ ബാധിക്കുന്നുണ്ടോയെന്ന ചോദ്യത്തിന് ബന്ധമില്ലെന്നായിരുന്നു മുരളീധരന്റെ മറുപടി.
‘പുനഃസംഘടനയുടെ രൂപത്തിലെത്തണം. ഇപ്പോഴത്തെ നേതൃത്വം മാറണമെന്ന് അഭിപ്രായമില്ല. അതിന്റെയൊരു സാഹചര്യവുമില്ല.രണ്ട് പേരല്ല, പ്രധാന നേതാക്കളെല്ലാം ഒരുമിച്ചിരുന്ന് വേണം തീരുമാനങ്ങൾ എടുക്കാൻ’, കെ മുരളീധരൻ വ്യക്തമാക്കി. കോൺഗ്രസുകാർ പ്രസംഗിച്ച് നടന്നാൽ പോര ഇറങ്ങി പണിയെടുക്കണമെന്നും മുരളീധരൻ പറഞ്ഞു. ഒരു നായർക്ക് മറ്റേ നായരെ കണ്ടൂടായെന്ന ശശി തരൂർ എംപിയുടെ പരാമർശത്തെ കുറിച്ചുള്ള ചോദ്യത്തിന് അത് തനിക്ക് അറിഞ്ഞൂടെന്നായിരുന്നു മുരളീധരൻ നൽകിയ മറുപടി.
അതേസമയം കോൺഗ്രസുകാർ പ്രസംഗം അവസാനിപ്പിച്ച് പണിയെടുക്കണമെന്ന കെ മുരളീധരന്റെ പ്രതികരണം എല്ലാ കോൺഗ്രസുകാർക്കും ബാധകമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പ്രതികരിച്ചു. പുനഃസംഘടന സംബന്ധിച്ച വിമർശനം ചൂണ്ടിക്കാട്ടിയപ്പോൾ അക്കാര്യത്തിൽ കെ പി സി സി അധ്യക്ഷനാണ് തീരുമാനം കൈക്കൊള്ളേണ്ടതെന്നും വിഡി സതീശൻ പറഞ്ഞു.
പുനഃസംഘടന പൂർത്തിയാക്കാത്തതിൽ കോൺഗ്രസിനുള്ളിൽ അതൃപ്തി രൂക്ഷമായിരിക്കുകയാണ്. മുതിർന്ന നേതാക്കളിൽ പലരും അതൃപ്തിയിലാണ്. കഴിഞ്ഞ ദിവസം രാജ്മോഹൻ ഉണ്ണിത്താൻ എംപിയും നേതൃത്വത്തെ വിമർശിച്ച് രംഗത്തെത്തിയിരുന്നു. കോൺഗ്രസിവന്റെ പോക്ക് അപകടകരമായ അവസ്ഥയിലാണെന്ന് പറയാതിരിക്കാൻ നിർവ്വാഹമില്ല. ബന്ധപ്പെട്ടവർ അടിയന്തിരമായി സമയാധിഷ്ഠിതമായി പുനഃസംഘടന പൂർത്തിയാക്കുന്നില്ലെങ്കിൽ വളരെ അപകടകരമായ അവസ്ഥയിലേക്ക് പാർട്ടി പോകും എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.
സംഘടനാതിരഞ്ഞെടുപ്പിന്റെ ഭാഗമായി കെ പി സി സി പ്രസിഡന്റിനെ ഹൈക്കമാൻഡ് പ്രഖ്യാപിച്ച ശേഷമേ ഡി സി സി പ്രസിഡന്റുമാരുടെ പുനഃസംഘടനയുണ്ടാകൂ. താഴേത്തട്ടിൽ പാർട്ടിയെ കൂടുതൽ ശക്തമാക്കുക എന്ന ലക്ഷ്യത്തോടെ ബ്ലോക്ക് മണ്ഡലം കമ്മിറ്റികളുടെ പുനഃസംഘടന നടത്തണമെന്ന ആവശ്യവും ഉയരുന്നുണ്ട്. അതേസമയം പുനഃസംഘടനാ വിഷയം ഉയർത്തി സുധാകരനെതിരായ നീക്കം ശക്തമാക്കാനാണ് ഒരു വിഭാഗം നേതാക്കളുടെ നീക്കം. സംസ്ഥാന നേതൃത്വത്തിനെതിരെ ഹൈക്കമാന്റിന് മുൻപിൽ എം പിമാർ തന്നെ പരാതി ഉന്നയിച്ച് കഴിഞ്ഞു.
ലോക്സഭ തിരഞ്ഞെടുപ്പിന് മുൻപ് സുധാകരനെ മാറ്റണമെന്നതാണ് ഇവരുടെ ആവശ്യം. സുധാകരന്റെ ആർ എസ് എസ് ബി ജെ പി അനുകൂല പരാമർശങ്ങൾ ന്യൂനപക്ഷങ്ങളിൽ വലിയ അതൃപ്തിക്ക് കാരണമായെന്നും ഈ സാഹചര്യം മറികടക്കാൻ നേതൃ മാറ്റത്തിന് ഹൈക്കമാന്റ് തയ്യാറാകണമെന്നതാണ് നേതാക്കൾ ആവശ്യപ്പെടുന്നത്.
സുധാകരനെതിരെ ഘടകക്ഷികളിലും കടുത അതൃപ്തിയുണ്ട്. ഇതിനോടകം തന്നെ മുസ്ലീം ലീഗ് ഇക്കാര്യം പരസ്യമായി പ്രകടിപ്പിച്ച് കഴിഞ്ഞു.സുധാകരന്റെ പരാമർശങ്ങൾ അനവസരത്തിലുള്ളതാണെന്നും യു ഡി എഫിന് വലിയ തിരിച്ചടിക്ക് കാരണമാകുമെന്നുമാണ് നേതാക്കൾ ചൂണ്ടിക്കാട്ടുന്നത്. ഹൈക്കമാന്റ് എത്രയും വേഗത്തിൽ വിഷയത്തിൽ ഇടപെടേണ്ടതുണ്ടെന്നാണ് നേതാക്കൾ പറയുന്നത്. സുധാകരനെ മാറ്റി നിർത്തിയാൽ തരൂർ അധ്യക്ഷ സ്ഥാനത്തേക്ക് എത്തുമോയെന്നുള്ള ചർച്ചകളും ഉയരുന്നുണ്ട്.
What's Your Reaction?