പുതിയ പാർട്ടി രൂപീകരിക്കാൻ ജെഡിഎസ്

Jun 14, 2024 - 11:43
 0
പുതിയ പാർട്ടി രൂപീകരിക്കാൻ ജെഡിഎസ്

പുതിയ സംസ്ഥാന പാർട്ടി രൂപീകരിക്കാൻ ഒരുങ്ങി ജെഡിഎസ്.  ഇതിനായി 18ന് പാർട്ടി സംസ്ഥാന നേതൃയോഗം വിളിച്ചു. മൂന്നാം മോദി സർക്കാരിൽ ജെഡിഎസിന്റെ എച്ച്ഡി കുമാരസ്വാമി മന്ത്രിയായതോടെ കേരളത്തിൽ ഇടത് മുന്നണിയോടൊപ്പമുള്ള ജെഡിഎസിനെതിരെ വിമർശനങ്ങൾ ഉയർന്നിരുന്നു.

ഒരേ സമയം കേന്ദ്രത്തിലെ എന്‍ഡിഎ സർക്കാരിലും കേരളത്തിലെ എല്‍ഡിഎഫ് സർക്കാരിലും അംഗമാണിപ്പോൾ ജെഡിഎസ് ഇതിനെതിരെ ഇടതുമുന്നണിയിൽ തന്നെ പരസ്യ പ്രതിഷേധമുയർന്നു. എന്‍ഡിഎ സർക്കാരിന്റെ ഭാഗമായ പാർട്ടിയുടെ കേരള ഘടകമായി പിണറായി സർക്കാരിൽ തുടരാനാവില്ലെന്ന് ഇതോടെ സിപിഎം നേതൃത്വം മാത്യു ടി തോമസിനെയും മന്ത്രി കെ കൃഷ്ണൻകുട്ടിയേയും അറിയിച്ചു. എത്രയും വേഗം പ്രശ്നം പരിഹരിക്കാനും നിർദ്ദേശിച്ചു.

പാർട്ടി സംസ്ഥാന ഭാരവാഹികളുടെയും ജില്ലാ പ്രസിഡന്റു മാരുടെയും അടിയന്തര യോഗം മാത്യു ടി തോമസ് വിളിച്ചത് ഇതിനെ തുടർന്നാണ്. തിരുവനന്തപുരത്താണ് ചൊവ്വാഴ്ച രാവിലെ പത്തരയ്ക്ക്  യോഗം. പുതിയ സംസ്ഥാന പാർട്ടി രൂപീകരിക്കുകയാണ് ലക്ഷ്യം. കൂറുമാറ്റ നിരോധന നിയമത്തിൽ തട്ടി മന്ത്രി സ്ഥാനം നഷ്ടമാകാതിരിക്കാൻ കെ കൃഷ്ണൻകുട്ടിയും മാത്യു ടി തോമസും ഈ പാർട്ടിയുടെ പദവികളിൽ നിന്ന് മാറി നിൽക്കാനും ആലോചനയുണ്ട്. എന്നാൽ കൂറുമാറ്റ നിരോധന നിയമം ബാധകമാവില്ല എന്നാണ് ജെഡിഎസ് സംസ്ഥാന നേതാക്കൾ പറയുന്നത്.

അഭിപ്രായ ഐക്യത്തിലേക്ക് ചൊവ്വാഴ്ചത്തെ യോഗത്തിൽ എത്തുന്നത് ബുദ്ധിമുട്ടാണ്. പുതിയ പാർട്ടിക്ക് പകരം സമാജ് വാദി പാർട്ടിയുമായി ലയിക്കുകയാണ് വേണ്ടതെന്ന കടുത്ത നിലപാടുള്ളവരും പാർട്ടിയിലുണ്ട്. ദേശീയ നേതൃത്വവുമായി ബന്ധം വിഛേദിച്ചെന്ന പ്രസ്താവന മാത്രമാണ് നേതാക്കൾ നടത്തിയിട്ടുള്ളത്. ചിഹ്നവും കൊടിയുമൊന്നുമില്ലാതെ എങ്ങനെ മുന്നോട്ട് പോകുമെന്ന വിമർശനവും ജെഡിഎസിൽ ശക്തമാണ്. ചൊവ്വാഴ്ചയും തീരുമാനമുണ്ടായില്ലെങ്കിൽ ഒരു വിഭാഗം പാർട്ടി വിടാനും സാധ്യതയുണ്ട്.

What's Your Reaction?

like

dislike

love

funny

angry

sad

wow