ഗൂഗിളിനെ വെല്ലുവിളിച്ച് വാവെയ് ഓപ്പറേറ്റിങ് സിസ്റ്റം പുറത്തിറക്കി-ഹാര്‍മണിഒഎസ്
"ഏതാനും മാസത്തെ ഊഹാപോഹങ്ങള്‍ അവസാനിപ്പിച്ച്, ലോകത്തെ രണ്ടാമത്തെ വലിയ സ്മാര്‍ട് ഫോണ്‍ നിര്‍മാതാവും ചൈനീസ് ടെക്‌നോളജി ഭീമനുമായ വാവെയ് സ്വന്തം ഓപ്പറേറ്റിങ് സിസ്റ്റമായ ഹോങ്‌മെങ്ഒഎസ് (HongmengOS) അവതരിപ്പിച്ചു.
ഏതാനും മാസത്തെ ഊഹാപോഹങ്ങള്‍ അവസാനിപ്പിച്ച്, ലോകത്തെ രണ്ടാമത്തെ വലിയ സ്മാര്‍ട് ഫോണ്‍ നിര്‍മാതാവും ചൈനീസ് ടെക്‌നോളജി ഭീമനുമായ വാവെയ് സ്വന്തം ഓപ്പറേറ്റിങ് സിസ്റ്റമായ ഹോങ്‌മെങ്ഒഎസ് (HongmengOS) അവതരിപ്പിച്ചു. ചൈനയിലല്ലാത്ത ഉപയോക്താക്കള്‍ക്ക് ഇത് ഹാര്‍മണിഒസ് (HarmonyOS) എന്ന പേരിലായിരിക്കും അറിയപ്പെടുക. തങ്ങളുടെ ഓപ്പറേറ്റിങ് സിസ്റ്റം സ്മാര്‍ട് ഫോണുകളിലും സ്മാര്‍ട് സ്പീക്കറുകളിലും ടാബുകളിലും ടെലിവിഷനുകളിലും ഇന്റര്‍നെറ്റ് ഓഫ് തിങ്‌സിലെ സെന്‍സറുകളിലും അടക്കം പല ഉപകരണങ്ങളെയും ചാലകമാക്കാന്‍ ഉതകുമെന്ന് കമ്പനി പറഞ്ഞു.
തന്‍പോരിമയുള്ള കമ്പനികളിലൊന്നായ വാവെയ് സ്വന്തം ഓപ്പറേറ്റിങ് സിസ്റ്റം എന്ന സ്വപ്‌നം പല വര്‍ഷങ്ങളായി താലോലിച്ചു വരികയായിരുന്നു. എന്നാല്‍ ഗൂഗിള്‍, വാവെയ്ക്കു നല്‍കിയിരുന്ന ആന്‍ഡ്രോയിഡ് ഒഎസ് ലൈസന്‍സ് പിന്‍വലിച്ചതോടു കൂടി പുതിയ ഒഎസ് പരീക്ഷിക്കാന്‍ തന്നെ കമ്പനി തീരുമാനിക്കുകയായിരുന്നു. ലൈസന്‍സ് പുനഃസ്ഥാപിച്ചെങ്കിലും ഇത്തരം സംഭവങ്ങള്‍ ഭാവിയിലും ഉണ്ടാകാമെന്ന തിരിച്ചറിവാണ് കമ്പനിയെ ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ നിര്‍മാണം വേഗത്തിലാക്കാന്‍ പ്രേരിപ്പിച്ചത്. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വാവെയ്‌ക്കെതിരെ ഉപരോധം ഏര്‍പ്പെടുത്തിയതാണ് ഗൂഗിള്‍ വാവെയുടെ ലൈസന്‍സുകള്‍ പിന്‍വലിക്കാന്‍ കാരണം.
അമേരിക്ക-ചൈന വാണിജ്യ യുദ്ധത്തിന്റെ നടുക്കുപെട്ടുപോയ കമ്പനിയാണ് വാവെയ്. അവര്‍ക്ക് തങ്ങളുടെ മുന്നോട്ടുള്ള നീക്കങ്ങള്‍ക്ക് ഗൂഗിള്‍, മൈക്രോസോഫ്റ്റ്, ഇന്റല്‍ തുടങ്ങി നിരവധി അമേരിക്കന്‍ കമ്പനികളുടെ സഹായം വേണ്ടിയിരുന്നു. ഹാര്‍മണിഒഎസ് പുറത്തിറക്കിയ വാര്‍ത്തപുറത്തുവിട്ട സിഎന്‍ബിസി പറയുന്നത്. പുതിയ ഓപ്പറേറ്റിങ് സിസ്റ്റം ഉപയോഗിച്ചുള്ള ഫോണുകളും മറ്റും ആദ്യം ചൈനയില്‍ മാത്രമായിരിക്കും ലഭ്യമാക്കുക എന്ന് കമ്പനിയുടെ കണ്‍സ്യൂമര്‍ വിഭാഗത്തിന്റെ മേധാവി റിച്ചാഡ് യൂ പറഞ്ഞു എന്നാണ്. പിന്നീട് ഇത് ആഗോളതലത്തില്‍ അവതരിപ്പിക്കും. എന്നാല്‍ തങ്ങള്‍ ആന്‍ഡ്രോയിഡുമായുള്ള ബന്ധം തുടരുമെന്നും യൂ പറഞ്ഞു. എന്നാല്‍, അടിയന്തര സാഹചര്യമുണ്ടായാല്‍ ഒട്ടും സമയം കളായാതെ പുതിയ ഓപ്പറേറ്റിങ് സിസ്റ്റത്തിലേക്കു മാറുകയും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.
തങ്ങളുടെ സ്മാര്‍ട് ഫോണ്‍ വില്‍പന ഇടിയുന്നു എന്നതും, അമേരിക്കയുമായുള്ള പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരം ആയില്ല എന്നതുമൊക്കെയുണ്ടെങ്കിലും വാവെയ് സ്മാര്‍ട് ഫോണുകള്‍ മുറയ്ക്ക് ഇറക്കുന്നുണ്ട്. ചൈനയില്‍ പലരും ദേശഭക്തി കാണിക്കാനായി വാവെയ് ഫോണുകള്‍ വാങ്ങുന്നു. ചില ചൈനീസ് കമ്പനികള്‍ വിദേശ കമ്പനികളുടെ പ്രൊഡക്ടുകള്‍ വാങ്ങരുതെന്ന് ഉപദേശിക്കുന്നുമുണ്ട്. എന്നാല്‍ വാവെയുടെ നീക്കം സ്മാര്‍ട് ഫോണ്‍ വിപണിയില്‍ വന്‍ മാറ്റങ്ങള്‍ക്കു വഴിവയ്ക്കാമെന്നാണ് ടെക് നിരൂപകര്‍ വിലയിരുത്തുന്നത്.
സ്വന്തമായി ഓപ്പറേറ്റിങ് സിസ്റ്റം ഇറക്കിയതോടെ വാവെയ്ക്ക് ഗൂഗിളിനെ ആശ്രയിക്കേണ്ടി വരില്ല എന്നത് നാടകീയമായ ഒരു വഴിത്തിരിവാണ് സൃഷ്ടിച്ചിരിക്കുന്നത്. ദക്ഷിണ കൊറിയ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സാംസങ് ആണ് ലോകത്തെ ഏറ്റവും വലിയ സ്മാര്‍ട് ഫോണ്‍ നിര്‍മാതാവ്. രണ്ടാം സ്ഥാനത്ത് വാവെയും മൂന്നാം സ്ഥാനത്ത് ഒപ്പോയും നാലാം സ്ഥാനത്ത് ആപ്പിളുമാണ്. എന്നാല്‍ ഈ മൂന്നു കമ്പനികള്‍ക്കു പിന്നില്‍ പ്രധാനപ്പെട്ട പല സ്മാര്‍ട് ഫോണ്‍ നിര്‍മാതാക്കളും ചൈനയില്‍ നിന്നുള്ളവയാണ്. ഷഓമി, ഒപ്പോ, വിവോ, വണ്‍പ്ലസ് എന്നിങ്ങനെ നീളും ലിസ്റ്റ്. വാവെയ്ക്കു മാത്രമല്ല, ഈ ചൈനീസ് കമ്പനികള്‍ക്കും വേണ്ടിവന്നാല്‍ ആന്‍ഡ്രോയിഡ് ഉപേക്ഷിച്ച് പുതിയ ഓപ്പറേറ്റിങ് സിസ്റ്റം ഏറ്റെടുക്കാമെന്നത് ആന്‍ഡ്രോയിഡ് ഉടമയായ ഗൂഗിളിന്റെ ഉറക്കം കെടുത്താന്‍ പര്യാപ്തമാണ് എന്നാണ് ടെക്‌നോളജി അവലോകകര്‍ അഭിപ്രായപ്പെടുന്നത്.
അതു കൂടാതെയാണ് അമേരിക്ക-ചൈന വിഭജനം. പുതിയ ഓപ്പറേറ്റിങ് സിസ്റ്റം വിജയിച്ചാല്‍ അത് അമേരിക്കന്‍ കമ്പനികളുടെ കുത്തകയ്ക്ക് ഏല്‍ക്കുന്ന കരുത്തന്‍ പ്രഹരം കൂടിയാകും. ഇതുവരെ എല്ലാ കമ്പനികള്‍ക്കും ആശ്രയിക്കാവുന്ന ഏക ഓപ്പറേറ്റിങ് സിസ്റ്റം ആന്‍ഡ്രോയിഡ് ആയിരുന്നു. ഇപ്പോഴിതാ മറ്റൊരു പാത തുറക്കുകയാണ്. ഇന്റര്‍നാഷണല്‍ വിപണികളില്‍ എന്നായിരിക്കും ഹാര്‍മണിഒഎസ് എത്തുക എന്നതിനെക്കുറിച്ച് ഇപ്പോള്‍ വ്യക്തമായ വിവരമൊന്നുമില്ല. പുതിയ ഓപ്പറേറ്റിങ് സിസ്റ്റമുള്ള സ്വന്തം ഫോണ്‍ വാവെയ് എന്നു പുറത്തിറക്കുമെന്നതിനെക്കുറിച്ചും വിവരമൊന്നുമില്ല. എന്നാല്‍ സ്മാര്‍ട് ഫോണ്‍ വിപണിയില്‍ വൻ ശക്തിയായി തീരാന്‍ സാധ്യതയുള്ളതാണ് ഹാര്‍മണിഒഎസ് എന്നു ചിലര്‍ വിശ്വസിക്കുന്നു. പക്ഷേ, ഹാര്‍മണിഒഎസിന് കാര്യങ്ങള്‍ അത്ര സുഗമമാകണമെന്നില്ല. സാംസങ് ഇറക്കിയ ഓപ്പറേറ്റിങ് സിസ്റ്റത്തെ പൂട്ടിക്കെട്ടിക്കാനാകുമെങ്കില്‍ വാവെയെ നിലയ്ക്കുനിർത്താനും ചിലപ്പോള്‍ ഗൂഗിളിനായേക്കും. പക്ഷേ, വാവെയ് പിടിച്ചു നിന്നാല്‍ സാംസങ് പോലും സ്വന്തം ഓപ്പറേറ്റിങ്സിസ്റ്റം ഇറക്കാനുള്ള വഴി പോലും തെളിയുകയും ചെയ്യും. ഇതെല്ലാം ഇന്റര്‍നെറ്റ് ഭീമന്‍ ഗൂഗിളിന് വന്‍ തിരിച്ചടി നല്‍കിയേക്കാം
What's Your Reaction?