'ശ്രദ്ധിക്കുക, കോവിഡ് കോളർ ട്യൂൺ ഇനി ഉണ്ടാകില്ല'; കോവിഡ് അലർട്ട് നിർത്താനൊരുങ്ങി സർക്കാർ
ഫോൺ ചെയ്യുമ്പോൾ കേൾക്കുന്ന കോവിഡ് അലർട്ട് കോളർ ട്യൂൺ (Corona alert caller tune)നിർത്താനൊരുങ്ങി സർക്കാർ. ഉടൻ തന്നെ കോളർ ട്യൂൺ നിർത്തലാക്കുന്ന കാര്യം പരിഗണനയിലാണെന്നാണ് സൂചന. കോവിഡ് മഹാമാരി പൊട്ടിപ്പുറപ്പെട്ടതിനു പിന്നാലെയാണ് കോവിഡ് ജാഗ്രതാ നിർദേശവുമായി അലർട്ട് കോളർ ട്യൂൺ കേന്ദ്ര സർക്കാർ ആരംഭിച്ചത്.
രണ്ട് വർഷത്തിനു ശേഷം കോളർ ട്യൂൺ നിർത്തുന്ന കാര്യം കേന്ദ്ര സർക്കാരിന്റെ പരിഗണനയിലാണെന്ന് പിടിഐ റിപ്പോർട്ട് ചെയ്യുന്നു. എന്നുമുതലാണ് അലർട്ട് ട്യൂൺ നിർത്തലാകുക എന്ന് വ്യക്തമല്ലെങ്കിലും വൈകാതെ തന്നെയുണ്ടാകുമെന്നും റിപ്പോർട്ടിൽ പറയുന്നു.
കോവിഡിനെ തുടർന്ന് രാജ്യം സമ്പൂർണ ലോക്ക്ഡൗണിലേക്ക് നീങ്ങിയതിനു പിന്നാലെയാണ് ജനങ്ങളെ ബോധവത്കരിക്കാനായി കോവിഡ് കോളർട്യൂൺ ആരംഭിച്ചത്. ഹിന്ദിയിൽ ബോളിവിഡ് സൂപ്പർസ്റ്റാർ അമിതാഭ് ബച്ചന്റെ ശബ്ദത്തിലായിരുന്നു കോളർ ട്യൂൺ.
പിന്നീട്, രാജ്യത്ത് വാക്സിനേഷൻ ആരംഭിച്ചതോടെ സ്ത്രീ ശബ്ദത്തിൽ പ്രതിരോധ വാക്സിൻ സ്വീകരിക്കേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ചായി കോളർ ട്യൂൺ.
നിലവിൽ ഇന്ത്യയിൽ നൂറ് മില്യൺ കോവിഡ് വാക്സിനേഷൻ പൂർത്തിയാക്കതിനെ കുറിച്ചുള്ള കോളർ ട്യൂണാണ് ഓരോ ഫോൺ കോൾ ചെയ്യുമ്പോഴും കേൾക്കുക.
"കോളർ ട്യൂൺ" കോവിഡിനെ കുറിച്ചുള്ള അവബോധം പ്രചരിപ്പിക്കാൻ സഹായിച്ചുവെന്നാണ് സർക്കാരിന്റെ വിലയിരുത്തൽ. എന്നാൽ ഓരോ കോളിലും ഈ സന്ദേശം കേൾക്കാൻ നിർബന്ധിതരാകുന്നത് അസൗകര്യമാണെന്ന പരാതിയും വ്യാപകമായി ഉയർന്നിരുന്നു. ഓരോ തവണയും ഈ കോളർ ട്യൂൺ പ്ലേ ചെയ്യുന്നത് ഒഴിവാക്കാൻ പലരും വാട്ട്‌സ്ആപ്പ് കോളുകളെ ആശ്രയിക്കാനും തുടങ്ങിയിരുന്നു
What's Your Reaction?