130 സീറ്റുകൾ; തെന്നിന്ത്യയിൽ നിന്ന് പരമാവധി നേടാൻ ബിജെപി; തെലങ്കാനയിലെ നേതാക്കളുമായി അമിത് ഷായുടെ ചർച്ച
തെലങ്കാനയിൽ ബിആർഎസിനു പകരമായി പ്രധാന പ്രതിപക്ഷ പാർട്ടിയായി ബിജെപി ഉയർന്നുവരുമെന്ന് പ്രതീക്ഷിക്കുന്നതിനാൽ ഇന്നത്തെ യോഗം ഏറെ നിർണായകമാണ്
തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ചുള്ള തന്ത്രങ്ങൾ മെനയുന്നതിനായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് ബിജെപി തെലങ്കാന ഘടകം പ്രതിനിധികളുമായി ചർച്ച നടത്തും. ബിജെപി ദേശീയ ജനറൽ സെക്രട്ടറിമാരായ തരുൺ ചുഗ്, സുനിൽ ബൻസാൽ എന്നിവരും ബിജെപി തെലങ്കാന അധ്യക്ഷൻ ബന്ദി സഞ്ജയും എംപിമാരും മുൻ എംപിമാരും ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കളും യോഗത്തിൽ പങ്കെടുക്കും. കെ. ചന്ദ്രശേഖർ റാവുവിന്റെ ഭാരത് രാഷ്ട്ര സമിതിയിലെ (ബിആർഎസ്) ചില നേതാക്കൾ വൈകാതെ ബിജെപിയിൽ ചേരാൻ സാധ്യതയുണ്ടെന്ന് പാർട്ടി വൃത്തങ്ങൾ അറിയിച്ചു.
തെലങ്കാനയിൽ ബിആർഎസിനു പകരമായി പ്രധാന പ്രതിപക്ഷ പാർട്ടിയായി ബിജെപി ഉയർന്നുവരുമെന്ന് പ്രതീക്ഷിക്കുന്നതിനാൽ ഇന്നത്തെ യോഗം ഏറെ നിർണായകമാണ്. സംസ്ഥാനത്തെ മുതിർന്ന നേതാക്കൾ സീറ്റ് തിരിച്ചുള്ള വിശദമായ ചർച്ച നടത്തുമെന്ന് പ്രതീക്ഷിക്കുന്നതായി പാർട്ടി വൃത്തങ്ങൾ അറിയിച്ചു. തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ജനസമ്പർക്ക പരിപാടിക്കും മുതിർന്ന നേതാക്കൾ സംസ്ഥാനം സന്ദർശിക്കുന്നതിനെക്കുറിച്ചും ഇന്നത്തെ യോഗത്തിൽ തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഡൽഹി മദ്യക്കേസുമായി ബന്ധപ്പെട്ട് പ്രതിക്കൂട്ടിൽ നിൽക്കുന്ന ബിആർഎസ് നേതാക്കളെക്കുറിച്ച് ഇന്നത്തെ യോഗത്തിൽ ചർച്ച ചെയ്തേക്കുമെന്നും പാർട്ടി വൃത്തങ്ങൾ അറിയിച്ചു.
119 അംഗങ്ങളുള്ള തെലങ്കാന നിയമസഭയിൽ നിർണായക സ്വാധീനമാകാനുള്ള ശ്രമത്തിലാണ് ബിജെപി. 2024ൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ മൂന്നാം തവണയും അധികാരത്തിലെത്തിക്കാനുള്ള പരിശ്രമത്തിലാണ് പാർട്ടി. അതുകൊണ്ടു തന്നെ തെലങ്കാനയിലെ ബിജെപി നേതൃത്വവും പ്രചാരണം ശക്തമാക്കാനുള്ള തീരുമാനത്തിലാണ്. ഹൈദരാബാദിൽ വെച്ചാണ് കഴിഞ്ഞ വർഷം ജൂലൈയിൽ ബിജെപി ദേശീയ എക്‌സിക്യൂട്ടീവ് യോഗം നടത്തിയത്. ഇതിൽ നിന്നു തന്നെ തെലങ്കാനയിൽ ചുവടുറപ്പിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് വ്യക്തമായതാണ്.
2024 ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി, ദക്ഷിണേന്ത്യയിൽ തങ്ങളുടെ സാന്നിധ്യം ശക്തമാക്കാനാണ് ബിജെപി ലക്ഷ്യമിടുന്നത്, തെലങ്കാനയിൽ സ്വാധീനം വർദ്ധിപ്പിക്കാനുള്ള ശ്രമങ്ങളും അതിന്റെ ഭാഗമാണ്. 17 ലോക്‌സഭാ സീറ്റുകളാണ് തെലങ്കാനയിൽ ഉള്ളത്. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തെലങ്കാനയിൽ നാല് സീറ്റുകൾ മാത്രമാണ് ബിജെപിക്ക് നേടാനായത്. ഇത്തവണ ഈ മേഖലയിൽ വലിയ നേട്ടമുണ്ടാക്കാനാകുമെന്ന പ്രതീക്ഷയിലാണ് പാർട്ടി.
തെന്നിന്ത്യയിലെ ആകെയുള്ള 130 സീറ്റുകളിൽ പരമാവധി നേടുകയാണ് ബിജെപി ലക്ഷ്യമിടുന്നത്. അതിനായി അമിത് ഷാ ഉൾപ്പടെയുള്ള മുതിർന്ന നേതാക്കളെ തന്നെയാണ് ബിജെപി രംഗത്തിറക്കുന്നത്. കർണാടകം- 28, തെലങ്കാന- 17, ആന്ധ്രാപ്രദേശ്- 28, പോണ്ടിച്ചേരി-1 തമിഴ്നാട്- 39, കേരളം- 20 എന്നിങ്ങനെ ആകെ 130 സീറ്റുകളാണ് തെന്നിന്ത്യൻ സംസ്ഥാനങ്ങളിലുള്ളത്. ഇതിൽ പരമാവധി സീറ്റുകളാണ് ബിജെപി ലക്ഷ്യമിടുന്നത്. കർണാടകത്തിൽ കൂടുതൽ സീറ്റുകൾ നേടാനാകുമെന്ന ഉറച്ച പ്രതീക്ഷയിലാണ് പാർട്ടി. അതിനൊപ്പം തെലങ്കാനയിലും ആന്ധ്രയിലും സീറ്റുകളുടെ എണ്ണം വർദ്ധിപ്പിക്കാനാണ് ബിജെപി ലക്ഷ്യമിടുന്നത്. തമിഴ്നാട്, പോണ്ടിച്ചേരി, കേരളം എന്നിവിടങ്ങളിലും അട്ടിമറി ജയം ലക്ഷ്യമിട്ടുകൊണ്ടുള്ള കരുനീക്കം ബിജെപി ആരംഭിച്ചിട്ടുണ്ട്.
തെലങ്കാനക്കൊപ്പം ആന്ധ്രയിലും വേരുറപ്പിക്കാൻ ബിജെപി കിണഞ്ഞ് പരിശ്രമിക്കുന്നുണ്ട്. ചന്ദ്രബാബു നായിഡുവുമായി അടുത്ത ബന്ധമുള്ള ജൂനിയർ എൻടിആറിനെ അമിത് ഷാ കണ്ടത് ആന്ധ്രക്കു പുറമേ, തെലങ്കാനയിലും വലിയ ചർച്ചായിരുന്നു. ഓരോ സംസ്ഥാനത്തെയും പ്രശസ്ത വ്യക്തിത്വങ്ങളെ പാർട്ടിയിലേക്ക് ആകർഷിക്കുകയെന്നത് ബിജെപിയുടെ രാഷ്ട്രീയ തന്ത്രമാണ്.
2009ലെ തെരഞ്ഞെടുപ്പിൽ ടിഡിപിയുടെ താര പ്രചാരകൻ കൂടിയായിരുന്ന ജൂനിയർ എൻടിആറിനെ ഒപ്പമെത്തിക്കുക പ്രയാസമായിരിക്കുമെന്ന് ബിജെപി നേതാക്കൾക്ക് വ്യക്തമായി അറിയാം. ടിഡിപി – ബിജെപി സഖ്യത്തിന് വേണ്ടി അദ്ദേഹം പ്രവർത്തിക്കുമോയെന്ന് ചില കോണുകളിൽ നിന്ന് അഭിപ്രായമുയരുന്നുണ്ട്. എന്നാൽ, നിലവിലെ സാഹചര്യത്തിൽ അതിന് സാധ്യത കുറവാണെന്ന് ബിജെപി വൃത്തങ്ങൾ പറയുന്നു.
What's Your Reaction?