Qatar World Cup 2022 | അറബ് സംസ്കാരത്തിൽ അലിഞ്ഞ് ഫുട്ബോൾ ആവേശ൦; ഖത്തർ ലോകകപ്പിന്റെ ഔദ്യോഗിക പോസ്റ്ററുകൾ പുറത്തിറക്കി
ഖത്തറിൽ (Qatar) നടക്കാനിരിക്കുന്ന ഫിഫ ലോകകപ്പിന്റെ (FIFA World Cup 2022) ഔദ്യോഗിക പോസ്റ്ററുകള്‍ പുറത്തിറക്കി. അറബ് സംസ്കാരവും ഫുട്ബോൾ ആവേശവും കോർത്തിണക്കി ഒരുക്കിയിരിക്കുന്ന പോസ്റ്റർ ഡിസൈൻ ചെയ്തിരിക്കുന്നത് സ്വദേശി കലാകാരിയായ ബുഥയ്‌ന അല്‍ മുഫ്തയാണ്.
ഖത്തറിൽ (Qatar) നടക്കാനിരിക്കുന്ന ഫിഫ ലോകകപ്പിന്റെ (FIFA World Cup 2022) ഔദ്യോഗിക പോസ്റ്ററുകള്‍ പുറത്തിറക്കി. അറബ് സംസ്കാരവും ഫുട്ബോൾ ആവേശവും കോർത്തിണക്കി ഒരുക്കിയിരിക്കുന്ന പോസ്റ്റർ ഡിസൈൻ ചെയ്തിരിക്കുന്നത് സ്വദേശി കലാകാരിയായ ബുഥയ്‌ന അല്‍ മുഫ്തയാണ്.
ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നടന്ന പ്രത്യേക ചടങ്ങിലാണ് പോസ്റ്ററുകൾ പ്രകാശനം ചെയ്തത്. പരമ്പരാഗത അറബ് ശിരോവസ്ത്രം ആവേശത്താൽ വായുവിലേക്ക് ഉയര്‍ത്തുന്നതാണ് പ്രധാന പോസ്റ്റർ ഇതിനോടൊപ്പം ഏഴു പോസ്റ്ററുകള്‍ കൂടി പുറത്തിറക്കിയിട്ടുണ്ട്. കൂടുതൽ നിറങ്ങൾ ഉപയോഗിക്കാതെ ആശയം വരച്ചിടുന്ന മോണോക്രൊമാറ്റിക് പെയ്ന്റിംഗ് രീതിയാണ് ബുഥയ്‌ന പോസ്റ്റർ ഡിസൈനിലും സ്വീകരിച്ചിരിക്കുന്നത്.
ലോകകപ്പ് വേദികളും ഭാഗ്യചിഹ്നവുമെല്ലാം ഒരുക്കിയത് പോലെ അറബ് സംസ്കാര൦ ഔദ്യോഗിക പോസ്റ്ററുളിലും തെളിഞ്ഞ് നിൽക്കുന്നുണ്ട്. അറബ് ലോകത്തിന്റെ പാരമ്പര്യം, ആഘോഷങ്ങൾ, ഖത്തറിന്റെ ഫുട്‌ബോള്‍ സംസ്‌കാരം, ഫുട്ബോളിനോടുള്ള അഭിനിവേശം, ലോകകപ്പിനെ വരവേല്‍ക്കാനുള്ള ആവേശം എന്നിവ പ്രതിഫലിപ്പിക്കുന്നതാണ് പോസ്റ്ററുകള്‍. ബന്ധങ്ങൾ ഒരുമിച്ച് ചേര്‍ക്കുന്നതില്‍ ഫുട്‌ബോളിനുള്ള പ്രാധാന്യവും പോസ്റ്ററുകളില്‍ നിന്നറിയാം
പോസ്റ്ററുകളിലേത് പോലെ പരമ്പരാഗത ശിരോവസ്ത്രത്തിന് പ്രാധാന്യം നല്‍കി കൊണ്ടാണ് ഖത്തര്‍ ലോകകപ്പിന്റെ ലോഗോ, വേദികളിലൊന്നായ അല്‍ തുമാമ സ്‌റ്റേഡിയം, ഔദ്യോഗിക ചിഹ്നമായ ലഈബ് എന്നിവയുടെ ഡിസൈനും. അറബ് ലോകത്തെ പുരുഷന്മാരും ആണ്‍കുട്ടികളും ധരിക്കുന്ന ഗാഫിയ എന്ന തലപ്പാവിന്റെ മാതൃകയിലാണ് അല്‍ തുമാമ സ്റ്റേഡിയത്തിന്റെ നിർമാണം.
ഒട്ടേറെ പ്രത്യേകതകളോട് കൂടി ഡിസൈൻ ചെയ്തിരിക്കുന്ന ഖത്തര്‍ ലോകകപ്പിന്റെ ഔദ്യോഗിക ലോഗോ, ചിഹ്നം, ഔദ്യോഗിക ഗാനം, പോസ്റ്റര്‍ എന്നിവ ഫുട്‌ബോള്‍ ആരാധകരില്‍ ലോകകപ്പിന്റെ ആവേശം നിറയ്ക്കുകയാണ്.
നവംബർ 21 മുതൽ ഖത്തറിലെ വിവിധ സ്റ്റേഡിയങ്ങളിലായാണ് ലോകകപ്പ് നടക്കുക. 32 ടീമുകൾ മാറ്റുരയ്ക്കാൻ എത്തുന്ന ലോകകപ്പിലെ കലാശപ്പോരാട്ടം ഡിസംബർ 18നാണ്. ഖത്തറിൽ നടക്കുന്ന ലോകകപ്പിന് അർജന്റീന, ബ്രസീൽ, ഫ്രാൻസ്, ജർമനി, പോർച്ചുഗൽ, ഇംഗ്ലണ്ട്, സ്‌പെയ്ൻ, ബെൽജിയം എന്നീ വമ്പന്മാരെല്ലാം യോഗ്യത നേടിയിട്ടുണ്ട്.
ഇവർക്കൊപ്പം നെതർലൻഡ്‌സ്, ക്രോയേഷ്യ, ഉറുഗ്വായ്, ഡെന്മാർക്ക്, വെയ്ൽസ്, പോളണ്ട്, സെനഗൽ, മെക്സിക്കോ, അമേരിക്ക, ഓസ്‌ട്രേലിയ, ജപ്പാൻ, മൊറോക്കോ, സ്വിറ്റ്‌സർലൻഡ്, ഘാന, കൊറിയ റിപ്പബ്ലിക്, കാമറൂൺ, സെർബിയ, കാനഡ, കോസ്റ്റാറിക്ക, ടുണീഷ്യ, സൗദി അറേബ്യ, ഇറാൻ, ഇക്വഡോർ എന്നീ ടീമുകളും തങ്ങളുടെ കരുത്ത് പരീക്ഷിക്കാൻ ഇറങ്ങും. ആതിഥേയരെന്ന നിലയിൽ ഖത്തർ ആദ്യമേ യോഗ്യത നേടിയിരുന്നു.യൂറോ കപ്പ് ചാമ്പ്യന്മാരായ ഇറ്റലിക്ക് പക്ഷെ ലോകകപ്പ് യോഗ്യത നേടാൻ കഴിഞ്ഞില്ല.
What's Your Reaction?