കാര്യവട്ടത്ത് ഇന്ത്യയ്ക്ക് തകർപ്പൻ ജയം; ദക്ഷിണാഫ്രിക്കയെ വീഴ്ത്തിയത് എട്ട് വിക്കറ്റിന്

പേസർമാരുടെ മികവും സൂര്യകുമാർ യാദവിന്‍റെ മികച്ച ഫോമും ചേർന്നപ്പോൾ കാര്യവട്ടം ടി20യിൽ ഇന്ത്യ ദക്ഷിണാഫ്രിക്കയെ എട്ടു വിക്കറ്റിന് തകർത്തു. ദക്ഷിണാഫ്രിക്ക മുന്നോട്ടുവെച്ച 107 റൺസിന്‍റെ വിജയലക്ഷ്യം എട്ടു വിക്കറ്റും 20 പന്തും ശേഷിക്കെയാണ് ഇന്ത്യ മറികടന്നത്

Sep 29, 2022 - 17:31
Sep 30, 2022 - 02:31
 0
കാര്യവട്ടത്ത് ഇന്ത്യയ്ക്ക് തകർപ്പൻ ജയം; ദക്ഷിണാഫ്രിക്കയെ വീഴ്ത്തിയത് എട്ട് വിക്കറ്റിന്

പേസർമാരുടെ മികവും സൂര്യകുമാർ യാദവിന്‍റെ മികച്ച ഫോമും ചേർന്നപ്പോൾ കാര്യവട്ടം ടി20യിൽ ഇന്ത്യ ദക്ഷിണാഫ്രിക്കയെ എട്ടു വിക്കറ്റിന് തകർത്തു. ദക്ഷിണാഫ്രിക്ക മുന്നോട്ടുവെച്ച 107 റൺസിന്‍റെ വിജയലക്ഷ്യം എട്ടു വിക്കറ്റും 20 പന്തും ശേഷിക്കെയാണ് ഇന്ത്യ മറികടന്നത്. ഇന്ത്യയ്ക്കുവേണ്ടി സൂര്യകുമാർ യാദവ് 50 റൺസും കെഎൽ രാഹുൽ 51 റൺസും നേടി പുറത്താകാതെ നിന്നു. റൺസെടുക്കുംമുമ്പ് രോഹിത് ശർമ്മയും മൂന്നു റൺസെടുത്ത വിരാട് കോഹ്ലിയും തുടക്കത്തിലേ പുറത്തായെങ്കിലും കൂടുതൽ നഷ്ടം കൂടാതെ രാഹുലും യാദവും ചേർന്ന് ഇന്ത്യയെ വിജയതീരത്ത് എത്തിക്കുകയായിരുന്നു. വെറും 33 പന്തിൽനിന്നാണ് സൂര്യകുമാർ യാദവ് 50 റൺസെടുത്തത്. 56 പന്ത് നേരിട്ടാണ് രാഹുൽ 51 റൺസെടുത്തത്.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റുചെയ്ത ദക്ഷിണാഫ്രിക്ക 20 ഓവറിൽ എട്ടിന് 106 റൺസിന് പുറത്തായി. മൂന്നു വിക്കറ്റെടുത്ത ആർഷ്ദീപ് സിങും രണ്ടു വിക്കറ്റെടുത്ത ദീപക് ചഹാറും ആഞ്ഞടിച്ചതോടെ ദക്ഷിണാഫ്രിക്ക ഒരവസരത്തിൽ ഒമ്പതിന് അഞ്ച് എന്ന നിലയിലായിരുന്നു. ക്വിന്‍റൻ ഡികോക്ക്(ഒന്ന്), ടെംബ ബവുമ(പൂജ്യം), റിലെ റൂസോ(പൂജ്യം), ഡേവിഡ് മില്ലർ(പൂജ്യം), ട്രിസ്റ്റൻ സ്റ്റബ്സ്(പൂജ്യം) എന്നീ വമ്പൻമാർ അതിവേഗം കൂടാരം കയറിയത് സന്ദർശകർക്ക് കനത്ത തിരിച്ചടിയായി.

41 റൺസെടുത്ത കേശവ് മഹാരാജിന്‍റെയും 25 റൺസെടുത്ത എയ്ഡൻ മർക്രമിന്‍റെയും 24 റൺസെടുത്ത വെയ്ൻ പാർനെലിന്‍റെയും പോരാട്ടമാണ് ദക്ഷിണാഫ്രിക്കൻ സ്കോർ 100 കടത്തിയത്. 35 പന്ത് നേരിട്ട മഹാരാജ് അഞ്ച് ഫോറും രണ്ടു സിക്സറും ഉൾപ്പടെയാണ് 41 റൺസെടുത്തത്.

ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ടോസ് നേടിയ ഇന്ത്യൻ നായകൻ രോഹിത് ശർമ്മ ഫീൽഡിങ് തെരഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യൻ ടീമിൽ റിഷഭ് പന്തിനെയും ദിനേശ് കാർത്തിക്കിനെയും ഉൾപ്പെടുത്തി. പരിശീലനത്തിനിടെ പുറംവേദന അനുഭവപ്പെട്ട ജസ്പ്രീത് ബുംറ ഇന്നത്തെ മത്സരം കളിക്കുന്നില്ല. ബുംറ, ടീം ഡോക്ടറുടെ നിരീക്ഷണത്തിലാണ്.

What's Your Reaction?

like

dislike

love

funny

angry

sad

wow