നഷ്ടപരിഹാര വിധി സ്റ്റേ ചെയ്യാൻ ബിസിസിഐ 100 കോടി കെട്ടിവയ്ക്കണം
ന്യൂഡൽഹി ∙ ഇന്ത്യൻ പ്രീമിയർ ലീഗിൽ (ഐപിഎൽ) നിന്നു പുറത്താക്കിയ കൊച്ചി ടസ്കേഴ്സ് കേരളാ ടീമിന് 550 കോടി രൂപ നഷ്ടപരിഹാരം നൽകാനുള്ള വിധി സ്റ്റേ ചെയ്യുന്നതിന് 100 കോടി രൂപ കെട്ടിവയ്ക്കാൻ ബിസിസിഐയ്ക്കു സുപ്രീം കോടതിയുടെ നിർദേശം. നഷ്ടപരിഹാരം നൽകാനുള്ള തർക്ക പരിഹാര കോടതി വിധി സ്റ്റേ ചെയ്ത ബോംബെ ഹൈക്കോടതി
ന്യൂഡൽഹി ∙ ഇന്ത്യൻ പ്രീമിയർ ലീഗിൽ (ഐപിഎൽ) നിന്നു പുറത്താക്കിയ കൊച്ചി ടസ്കേഴ്സ് കേരളാ ടീമിന് 550 കോടി രൂപ നഷ്ടപരിഹാരം നൽകാനുള്ള വിധി സ്റ്റേ ചെയ്യുന്നതിന് 100 കോടി രൂപ കെട്ടിവയ്ക്കാൻ ബിസിസിഐയ്ക്കു സുപ്രീം കോടതിയുടെ നിർദേശം. നഷ്ടപരിഹാരം നൽകാനുള്ള തർക്ക പരിഹാര കോടതി വിധി സ്റ്റേ ചെയ്ത ബോംബെ ഹൈക്കോടതി നടപടി ചോദ്യം ചെയ്തു ടസ്കേഴ്സ് സമർപ്പിച്ച ഹർജിയിലാണു ജസ്റ്റിസുമാരായ എ.കെ.ഗോയൽ, ഇന്ദു മൽഹോത്ര എന്നിവരുൾപ്പെട്ട ബെഞ്ചിന്റെ ഉത്തരവ്.
ഒരു സീസൺ കളിച്ച ടസ്കേഴ്സിനെ കരാർ ലംഘനം ആരോപിച്ചാണ് 2011ൽ ബിസിസിഐ ഐപിഎല്ലിൽ നിന്നു പുറത്താക്കിയത്. ഐപിഎൽ പ്രവേശനത്തിനു ടസ്കേഴ്സ് നൽകിയ 156 കോടി രൂപയുടെ ബാങ്ക് ഗ്യാരന്റി തുക ബിസിസിഐ ഏകപക്ഷീയമായി ഈടാക്കിയതോടെയാണു പ്രശ്നങ്ങൾക്കു തുടക്കം. ആറു മാസത്തിനുള്ളിൽ പുതിയ ഗ്യാരന്റി നൽകാനുള്ള നിർദേശം പാലിക്കാൻ ടസ്കേഴ്സ് വിസമ്മതിച്ചതോടെ, കരാർ ലംഘനത്തിന്റെ പേരിൽ 2011 സെപ്റ്റംബറിൽ ടീമിനെ പുറത്താക്കുകയായിരുന്നു. ഇതിനെതിരെയാണ് ടീം ഉടമകളായ റോന്ദേവൂ സ്പോർട്സ് വേൾഡ് തർക്ക പരിഹാര കോടതിയെ സമീപിച്ചത്
ബാങ്ക് ഗ്യാരന്റി അന്യായമായി ഈടാക്കിയെന്നു കാട്ടിയുള്ള ടസ്കേഴ്സിന്റെ ഹർജി പരിഗണിച്ച സുപ്രീം കോടതി മുൻ ജഡ്ജി ആർ.പി.ലഹോട്ടിയുടെ അധ്യക്ഷതയിലുള്ള കോടതി 2015 ജൂലൈയിലാണ് 550 കോടി രൂപയുടെ നഷ്ടപരിഹാരം ബിസിസിഐയ്ക്കു മേൽ ചുമത്തിയത്. നഷ്ടപരിഹാരം വേണ്ടെന്നും ഐപിഎല്ലിൽ കളിക്കാൻ അനുവദിക്കണമെന്നുമുള്ള ടസ്കേഴ്സിന്റെ ആവശ്യം ബിസിസിഐ നേരത്തേ തള്ളിയിരുന്നു.
ബിസിസിഐയിൽ ശുദ്ധികലശം ലക്ഷ്യമിട്ടു ജസ്റ്റിസ് ആർ.എം.ലോധ സമിതി മുന്നോട്ടു വച്ച ശുപാർശകളിൽ നാലെണ്ണത്തിൽ എതിർപ്പറിയിച്ചു കേരളം ഉൾപ്പെടെയുള്ള സംസ്ഥാന അസോസിയേഷനുകൾ രംഗത്ത്. വിഷയത്തിൽ കോടതിയെ സഹായിക്കുന്ന അമിക്യസ് ക്യൂരി ഗോപാൽ സുബ്രഹ്മണ്യത്തെയാണ് അസോസിയേഷനുകൾ ഇക്കാര്യം അറിയിച്ചത്. ബിസിസിഐ തിരഞ്ഞെടുപ്പിൽ ഒരു സംസ്ഥാനത്തിന് ഒരു വോട്ട്, തുടർച്ചയായി ഭാരവാഹിത്വം വഹിക്കുന്നതിനുള്ള വിലക്ക്, കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ ഉൾപ്പെട്ട ഉന്നതാധികാര സമിതിയുടെ രൂപീകരണം, ഭാരവാഹികളുടെ അധികാരം വെട്ടിക്കുറയ്ക്കൽ എന്നീ ശുപാർശകൾ പുനഃപരിശോധിക്കണമെന്ന് അസോസിയേഷനുകൾ ആവശ്യപ്പെട്ടു. ഇതിനിടെ, ശുപാർശകൾ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട ഹർജി ജൂലൈ നാലിനു പരിഗണിക്കുമെന്നു കോടതി അറിയിച്ചു.
What's Your Reaction?