താലിബാന്‍ ആക്ടിംഗ് പ്രതിരോധമന്ത്രിയുമായി ഇന്ത്യന്‍ വക്താവ് ആദ്യമായി കൂടിക്കാഴ്ച നടത്തി

Nov 9, 2024 - 11:29
 0
താലിബാന്‍ ആക്ടിംഗ് പ്രതിരോധമന്ത്രിയുമായി ഇന്ത്യന്‍ വക്താവ് ആദ്യമായി കൂടിക്കാഴ്ച നടത്തി

അഫ്ഗാനിസ്ഥാനിലെ താലിബാന്‍ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഇന്ത്യ. താലിബാന്‍ ആക്ടിംഗ് പ്രതിരോധമന്ത്രിയായ മുല്ല മുഹമ്മദ് യാക്കൂബുമായി ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനായ ജെ.പി സിംഗാണ് ചര്‍ച്ച നടത്തിയത്.

നവംബര്‍ അഞ്ചിനാണ് ഇരുവരും കാബൂളില്‍ വെച്ച് കൂടിക്കാഴ്ച നടത്തിയത്. താലിബാന്‍ സ്ഥാപക നേതാവായ മുല്ല ഒമറിന്റെ മകനാണ് മുല്ല മുഹമ്മദ് യാക്കൂബ്. ഇതാദ്യമായാണ് അഫ്ഗാനിസ്ഥാനിലെ താലിബാന്‍ നേതൃത്വവുമായി ഇന്ത്യ കൂടിക്കാഴ്ച നടത്തുന്നത്. അഫ്ഗാനിസ്ഥാനും ഇന്ത്യയും തമ്മിലുള്ള സൗഹൃദ ബന്ധം കൂടുതല്‍ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് കൂടിക്കാഴ്ചയെന്നാണ് സൂചന.

താലിബാന്‍ സര്‍ക്കാരിലെ മറ്റ് പ്രധാന മന്ത്രിമാരുമായും ജെപി സിംഗ് കൂടിക്കാഴ്ച നടത്തിയെന്നാണ് വിവരം. താലിബാന്‍ വിദേശകാര്യമന്ത്രി അമീര്‍ ഖാന്‍ മുത്താഖിയുമായും സിംഗ് ചര്‍ച്ച നടത്തിയെന്ന് റിപ്പോര്‍ട്ടുണ്ട്. കൂടാതെ അഫ്ഗാനിസ്ഥാന്റെ മുന്‍ പ്രസിഡന്റ് ഹമീദ് കര്‍സായിയുമായും അദ്ദേഹം ചര്‍ച്ചകള്‍ നടത്തി.

ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ നടന്നുവെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. സമാന അഭിപ്രായമാണ് താലിബാന്‍ പ്രതിരോധ മന്ത്രാലയവും അറിയിച്ചത്. ഇന്ത്യ-അഫ്ഗാനിസ്ഥാന്‍ സൗഹൃദബന്ധം വിപൂലീകരിക്കുന്നതുമായി ബന്ധപ്പെട്ടകാര്യങ്ങള്‍ കൂടിക്കാഴ്ചയില്‍ ചര്‍ച്ച ചെയ്തുവെന്നും താലിബാന്‍ പ്രതിരോധമന്ത്രാലയം വക്താവ് പറഞ്ഞു.

2021ലാണ് അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ അധികാരത്തിലെത്തിയത്. അധികാരത്തിലെത്തിയതിന് പിന്നാലെ സ്ത്രീകളുടെ നിരവധി അവകാശങ്ങള്‍ക്ക് താലിബാന്‍ വിലക്കേര്‍പ്പെടുത്തിയത് വാര്‍ത്താപ്രാധാന്യം നേടിയിരുന്നു. സ്ത്രീകള്‍ മുഖവും ശരീരവും പൂര്‍ണ്ണമായി മറച്ചുവേണം പൊതുസ്ഥലങ്ങളിലെത്താന്‍ എന്ന് താലിബാന്‍അധികാരത്തിലെത്തിയ ഉടനെ ഉത്തരവിറക്കിയിരുന്നു.

അടുത്തിടെ ജീവനുള്ള വസ്തുക്കള്‍ ചിത്രീകരിച്ച് ടെലിവിഷനില്‍ സംപ്രേക്ഷണം ചെയ്യുന്നത് നിരോധിച്ചും താലിബാന്‍ ഉത്തരവിറക്കിയിരുന്നു. 1996-2001 കാലത്ത് അധികാരത്തിലേറിയ സമയത്ത് ടെലിവിഷനും താലിബാന്‍ വിലക്കേര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ നിലവിലെ താലിബാന്‍ ഭരണകൂടം ടെലിവിഷന് പൂര്‍ണ്ണമായി വിലക്കേര്‍പ്പെടുത്തിയിട്ടില്ല.

അതേസമയം ഇക്കഴിഞ്ഞ ആഗസ്റ്റില്‍ പൊതുസ്ഥലത്ത് സ്ത്രീകള്‍ സംസാരിക്കാന്‍ പാടില്ലെന്ന താലിബാന്റെ വിലക്കിനെതിരെ അഫ്ഗാനിസ്ഥാനിലെ സ്ത്രീകള്‍ രംഗത്തെത്തിയിരുന്നു. സോഷ്യല്‍ മീഡിയയിലൂടെയാണ് സ്ത്രീകള്‍ പ്രതിഷേധം അറിയിച്ചത്. ഹാഷ്ടാഗുകളോടൊപ്പം വീഡിയോയും ചിത്രങ്ങളും പങ്കുവച്ചുകൊണ്ടാണ് പ്രതിഷേധം അറിയിച്ചിരിക്കുന്നത്.

What's Your Reaction?

like

dislike

love

funny

angry

sad

wow