ഈ രാജ്യത്ത് അക്രമം വേണോയെന്ന് രാഹുൽ ഗാന്ധിയോട് ചോദിക്കാൻ ആഗ്രഹിക്കുകയാണെന്ന് ബിജെപി നേതാവ് സംബിത് പത്ര പറഞ്ഞു. ഈ ചിത്രം ഉടൻ നീക്കം ചെയ്യണമെന്ന് ബിജെപി ആവശ്യപ്പെട്ടു.
ഭാരത് ജോഡോ യാത്രയുടെ ഭാഗമായി കോൺഗ്രസ് ട്വിറ്ററിൽ പങ്കുവെച്ച പോസ്റ്റർ വിവാദമാകുന്നു. ആർഎസ്എസ് പ്രവർത്തകരുടെ യൂണിഫോമിന് തീപിടിക്കുന്ന ചിത്രം ഉൾപ്പെട്ട പോസ്റ്ററിനെതിരെയാണ് ബിജെപി നേതാക്കൾ രംഗത്തെത്തിയിരിക്കുന്നത്. രാജ്യം അഗ്നിക്കിരയാക്കാനാണ് കോൺഗ്രസിന്റെ ശ്രമമെന്ന് ബിജെപി നേതാവ് തരുൺ ചുഗ് ആരോപിച്ചു. "രാജ്യത്തെ വെറുപ്പിന്റെ വിലങ്ങുകളിൽ നിന്നും മോചിപ്പിക്കാനും ആർഎസ്എസും ബിജെപിയും വരുത്തിവെച്ച നാശനഷ്ടങ്ങൾ ഇല്ലാതാക്കാനുമുള്ള ലക്ഷ്യത്തിലേക്ക് ഞങ്ങൾ പടി പടിയായി മുന്നേറുകയാണ്." എന്നാണ് നിക്കറിന് തീപിടിച്ച ചിത്രത്തോടൊപ്പം കോൺഗ്രസ് കുറിച്ചിരിക്കുന്നത്. ചിത്രത്തോടൊപ്പം '145 ദിവസം കൂടി ബാക്കി' എന്നുകൂടി എഴുതിയിട്ടുണ്ട്. കോൺഗ്രസ് ഇത് ആദ്യമായല്ല ഇത്തരത്തിൽ ചെയ്യുന്നതെന്ന് ബിജെപി നേതാവ് സംബിത് പത്ര പറഞ്ഞു. കോൺഗ്രസ് ഈ ചിത്രം ഉടൻ നീക്കം ചെയ്യണമെന്ന് രാഹുൽ ഗാന്ധിയോട് ആവശ്യപ്പെടുകയാണ്. ഈ രാജ്യത്ത് ആക്രമം വേണോയെന്ന് രാഹുൽ ഗാന്ധിയോട് ചോദിക്കാൻ ആഗ്രഹിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ നടക്കുന്നതിനിടെയാണ് കോൺഗ്രസിന്റെ പ്രകോപനപരമായ ട്വീറ്റ്. "ഇത് 'ഭാരത് ജോഡോ' യാത്രയല്ല, എന്നാൽ 'ഭാരത് ടോഡോ' യാത്രയും 'ആഗ് ലഗാവോ യാത്ര' യുമാണ്. കോൺഗ്രസ് പാർട്ടി ഇത് ആദ്യമായല്ല ഇങ്ങനെ ചെയ്യുന്നത്. രാജ്യത്ത് അക്രമം വേണോയെന്ന് ഞാൻ രാഹുൽ ഗാന്ധിയോട് ചോദിക്കാൻ ആഗ്രഹിക്കുകയാണ്. ഈ ചിത്രം ഉടൻ നീക്കം ചെയ്യണം." ബിജെപി നേതാവ് സംബിത് പത്ര പറഞ്ഞു.