ജീവിതത്തിൽ കഷ്ടപ്പാടുകൾ മൂലം ജീവിതം മുന്നോട്ടു കൊണ്ടുപോകാൻ ബുദ്ധിമുട്ടുന്നവർക്ക് പ്രചോദനമാകുകയാണ് ഒരു ഡെലിവറി ഗേൾ. ഭിന്നശേഷിക്കാരിയായ യുവതി ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ വീൽ ചെയറിൽ പോയാണ് ഭക്ഷണം വിതരണം ചെയ്യുന്നത്. നിങ്ങൾ ഇതു കാണാതെ പോകരുതെന്ന കുറിപ്പോടെ ഡൽഹി വനിതാ കമ്മീഷൻ സ്വാതി മലിവാൾ ആണ് വീഡിയോ ട്വീറ്റ് ചെയ്തിരിക്കുന്നത്.
ഭിന്നശേഷിക്കാരിയായ ഡെലിവറി ഗേൾ വീൽ ചെയറിൽ റോഡിലൂടെ ഭക്ഷണവുമായി പോകുന്ന ദൃശ്യങ്ങൾ മലിവാൾ പങ്കുവെച്ച വീഡിയോയിൽ കാണാം. ആറ് സെക്കന്റ് മാത്രമുള്ളതാണ് ദൃശ്യങ്ങൾ. യുവതിക്കു പിന്നിൽ കാറിൽ സഞ്ചരിക്കുകയായിരുന്ന യാത്രക്കാരൻ പകർത്തിയതാണ് വീഡിയോ. യുവതിയുടെ ബാഗിലും വസ്ത്രത്തിലും കാണുന്ന ലോഗോ പ്രകാരം യുവതി സ്വിഗ്ഗിയിൽ ജോലി ചെയ്യുകയാണെന്നാണ് മനസിലാക്കാൻ കഴിയുന്നത്. "ജീവിതം തീർച്ചയായും ബുദ്ധിമുട്ട് നിറഞ്ഞതാണ്. പക്ഷേ തോൽവി അംഗീകരിക്കാൻ ഞങ്ങൾ പഠിച്ചിട്ടില്ല. സല്യൂട്ട്." മലിവാൾ ട്വീറ്റ് ചെയ്തു. രണ്ടര ലക്ഷത്തിൽ അധികം പേരാണ് വീഡിയോ ഇതുവരെ കണ്ടിരിക്കുന്നത്.
നിരവധിപ്പേരാണ് യുവതിയെ അഭിനന്ദിച്ച് കമന്റ് ചെയ്തിരിക്കുന്നത്. യുവതി ജീവിതം മുന്നോട്ടു കൊണ്ടുപോകാൻ നടത്തുന്ന ശ്രമങ്ങൾ മറ്റുള്ളവർക്ക് പ്രചോദനം നൽകുന്നതാണെന്നാണ് ഭൂരിഭാഗം ആളുകളും അഭിപ്രായപ്പെടുന്നത്. തങ്ങൾക്ക് പ്രചോദനം നൽകിയതിന് നന്ദി പറയാനും ചിലർ മറന്നിട്ടില്ല.