കർണാടകയിൽ ഐപിസി സയോൺ പ്രാർത്ഥന ഹാളിൻ്റെ പ്രതിഷ്ഠ തടസപ്പെടുത്തി

Apr 4, 2025 - 11:18
 0
കർണാടകയിൽ ഐപിസി സയോൺ പ്രാർത്ഥന  ഹാളിൻ്റെ  പ്രതിഷ്ഠ തടസപ്പെടുത്തി

തുംകൂരു ജില്ലയിൽ പാവഗഡ ക്യാത്തഗാനകെരെ ഐപിസി സയോൺ പ്രാർത്ഥന ഹാളിൻ്റെ പ്രതിഷ്ഠ തടസ്സപ്പെടുത്തി. രണ്ട് വർഷത്തോളമായി തുടരുന്ന ആരാധന ഹാളിൻ്റെ പണി പൂർത്തികരിച്ച സന്തോഷത്തിലായിരുന്നു ക്യാത്തഗാനകെരെ ഐ.പി.സി സഭാ വിശ്വാസികളും സഭാ ശുശ്രൂഷകൻ പാസ്റ്റർ സുരേഷും മാർച്ച് 31 ന് രാവിലെ ആരാധനാ ഹാളിൻ്റെ പ്രവേശനകവാടം പ്രാർത്ഥിച്ച് ഉദ്ഘാടനം കർണാടക ഐപിസി മുൻ സെക്രട്ടറി പാസ്റ്റർ വർഗീസ് മാത്യൂവും, സഭാഹാൾ പ്രതിഷ്ഠ കർണാടക സ്റ്റേറ്റ് ഐ.പി.സി സെക്രട്ടറി പാസ്റ്റർ ഡോ. വർഗീസ് ഫിലിപ്പും നടത്തിയതിന് ശേഷം വൈസ് പ്രസിഡൻ്റ് പാസ്റ്റർ ജോസ് മാത്യുവിൻ്റെ പ്രസംഗം തുടങ്ങി കുറച്ച് കഴിഞ്ഞപ്പോഴാണ് നാൽപതോളം വരുന്ന സുവിശേഷ വിരോധികൾ കൂട്ടമായി ആരാധന ഹാളിന് മുന്നിൽ നിലയുറപ്പിച്ചത്‌ 

ഉടനെ തന്നെ പ്രസംഗം നിർത്തി വിശ്വാസികളും വിശിഷ്ടാതിഥകളും പുറത്തിറങ്ങിയെങ്കിലും സുവിശേഷ വിരോധികൾ കൂട്ടമായി ഹാളിനകത്ത് കയറി അക്രമം അഴിച്ച് വിടുകയായിരുന്നു. സഭാഹാളിൻ്റെ ഭിത്തിയിൽ  ചിത്രങ്ങൾ പതിക്കുകയും പത്ത് നാളികേരം ഉടച്ച് ഹാളിനകത്ത് പ്രത്യേക പൂജ നടത്തുകയും ചെയ്തു. സഭാഹാളിൻ്റെ മുന്നിൽ അടയാളമായി വെച്ചിരുന്ന കുരിശും, ഉദ്ഘാടനത്തിനായി പേരുകൾ പതിച്ച ഫലകവുമടക്കം ഹാളിനകത്തെ പ്രസംഗപീഠവും കസേരകളും തല്ലി തകർത്തു. 

പ്രതിഷ്ഠാ ശുശ്രൂഷയ്ക്കായി വരുന്നവർക്ക് ഒരുക്കിയ ഭക്ഷണ സാധനങ്ങളും നശിപ്പിച്ചു. വിശ്വാസികളും ശുശ്രൂഷകരും യാതൊരു പ്രകോപനത്തിനും പോകാതിരുന്നതിനാൽ കൂടുതൽ അനിഷ്ട സംഭവങ്ങൾ ഉണ്ടായില്ല.

ഐ.പി.സി സഭാ നേതൃത്വം ഉടനെ പോലീസ് അധികാരികളുമായി ബന്ധപ്പെടുകയും ഉടനെ ഉയർന്ന പോലീസ് അധികാരികൾ സ്ഥലത്ത് എത്തി സ്ഥിതി ശാന്തമാക്കുകയും ചെയ്തു. 

ഐ.പി.സി പാവഗഡ ഏരിയയുടെ കീഴിൽ പുതിയതായി ആരംഭിച്ച മൂന്നാമത്തെ സഭാ ഹാൾ ആണിത്. തൊട്ടടുത്ത എസ്.എൻ ഹളളി വില്ലേജിൽ നിന്നുള്ള കന്നട ഭാഷക്കാരനായ പാസ്റ്റർ സുരേഷാണ് ഇവിടുത്തെ ശുശ്രൂഷകൻ. അദ്ദേഹത്തിൻ്റെ ഇവിടുത്തെ ശുശ്രൂഷയിൽ ധാരാളം കന്നട മതസ്ഥർ ഇവിടെ ആരാധനക്ക് വരുന്നതിൻ്റെ എതിർപ്പാണ് സുവിശേഷ വിരോധികൾക്ക് ഉള്ളത്. സഭാഹാൾ പൊളിച്ച് കളയണമെന്ന ആവശ്യമാണ് അവർ ഉന്നയിച്ചതെങ്കിലും നിയമപരമായ രജിസ്ട്രേഷനോടെയാണ് സഭ പണിതിരിക്കുന്നതെന്നും സഭാഹാൾ ആക്രമണത്തിനെതിരെ പോലീസിൽ പരാതി നൽകി എഫ്.ഐ. ആർ രജിസ്ട്രർ ചെയ്തുവെന്നും ഐ.പി.സി പാവുഗഡ ഏരിയാ പ്രസിഡൻ്റ് പാസ്റ്റർ സജീവ് ജോൺ പറഞ്ഞു.  

ഗ്രാമവാസിയായ പാസ്റ്റർ സുരേഷിനെ അവിടെ നിന്ന് ഒഴിവാക്കണമെന്ന ആവശ്യമാണ് ഇപ്പോൾ അവർ ഉന്നയിക്കുന്നത്. സമാധാനപരമായി ആരാധന നടത്തുവാൻ എല്ലാവരുടെയും പ്രാർഥന അദ്ദേഹം ആവശ്യപ്പെടുന്നു

What's Your Reaction?

like

dislike

love

funny

angry

sad

wow