Loan Apps | ബെംഗളൂരുവിലെ വിലാസം; ഡൽഹിയിലെ സഹായി; അനധികൃത ലോൺ ആപ്പുകളെ ബന്ധിപ്പിക്കുന്ന കണ്ണി
വ്യത്യസ്ത ലോൺ ആപ്പുകളുമായി ബന്ധപ്പെട്ട പ്രത്യേക അന്വേഷണങ്ങളാണ് ഇവ തമ്മിലുള്ള സാമ്യതയിലേക്ക് അന്വേഷണം കൊണ്ടെത്തിച്ചത്
അപകടകാരികളായ ലോൺ ആപ്പുകളുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ നിർണ്ണായക വഴിത്തിരിവുമായി സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസും (എസ്എഫ്ഐഒ) എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റും. വ്യത്യസ്ത ലോൺ ആപ്പുകളുമായി ബന്ധപ്പെട്ട പ്രത്യേക അന്വേഷണങ്ങളാണ് ഇവ തമ്മിലുള്ള സാമ്യതയിലേക്ക് അന്വേഷണം കൊണ്ടെത്തിച്ചത്. രണ്ട് ആപ്പുകളും ബെംഗളൂരുവിലെ ഒരു കോ വർക്കിംഗ് സ്പേസ് സ്ഥാപനത്തിൻ്റെ വിലാസത്തിലാണ് രജിസ്റ്റർ ചെയ്തിട്ടുള്ളതെന്ന് അന്വേഷണ സംഘം കണ്ടെത്തി. ഡൽഹിയിലുള്ള ഒരാൾ തന്നെയാണ് ഇവരുടെ സഹായിയായി പ്രവർത്തിച്ചതെന്നും അന്വേഷണത്തിൽ മനസ്സിലായി.
ബെംഗളൂരുവിലെ ബ്രിക്സ്പേസ് എന്ന പേരുള്ള കോ വർക്കിംഗ് സ്പേസ് സ്ഥാപനത്തിൻ്റെ വിലാസത്തിൽ, അന്വേഷണ പരിധിയിലുള്ള മൂന്ന് ലോൺ ആപ്പുകളെങ്കിലും രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഷെൽ കമ്പനികളുടെ മറവിൽ കള്ളപ്പണം വെളുപ്പിക്കാൻ വേണ്ടിയാണ് ഇവ പ്രവർത്തിക്കുന്നതെന്നാണ് വിവരം.
തങ്ങളുടെ വിലാസത്തിൽ നിന്ന് ഈ കമ്പനികളുടെ രജിസ്ട്രേഷൻ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് ബ്രിക്സ്പേസ് കേന്ദ്ര കോർപ്പറേറ്റ് കാര്യ മന്ത്രാലയത്തെ സമീപിച്ചിട്ടുണ്ട്. ഈ കമ്പനികൾ കോ വർക്കിംഗ് സ്പേസ് ദുരുപയോഗം ചെയ്തതായി ഇവർ മന്ത്രാലയത്തിന് അയച്ച കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. ഏജൻസികൾ ആപ്പുകൾക്ക് എതിരെ അന്വേഷണം ആരംഭിച്ചതോടെയാണ് കോ വർക്കിംഗ് സ്പേസ് ഇവർക്കെതിരെ നടപടി ആവശ്യപ്പെട്ട് കത്തയച്ചിരിക്കുന്നത്. ഒരു വർഷത്തെ കരാർ മാത്രമുള്ള സ്ഥാപനങ്ങൾ പോലും തങ്ങളുടെ വിലാസം ഉപയോഗിച്ച് കമ്പനി രജിസ്ട്രേഷൻ നടത്തിയിട്ടുണ്ടെന്ന് ഇവർ ആരോപിക്കുന്നു.
ചൈനീസ് ഷെൽ കമ്പനികൾക്കെതിരായ എസ്എഫ്ഐഒയുടെ നടപടിയുടെ ഭാഗമായി കഴിഞ്ഞയാഴ്ച അറസ്റ്റിലായ ഡോർട്സെ എന്ന വ്യക്തിയിൽ നിന്നാണ് ആപ്പുകളുമായുള്ള ബന്ധത്തിലേക്ക് അന്വേഷണമെത്തിയത്. ഐടി നിയമത്തിലെ 66ഡി വകുപ്പ് പ്രകാരവും ഗുരുഗ്രാം പോലീസ് ഇയാളെ അറസ്റ്റ് ചെയ്തിരുന്നു. കമ്പ്യൂട്ടറോ ആശയവിനിമയ ഉപകരണമോ ഉപയോഗിച്ച് ആൾമാറാട്ടം നടത്തി വഞ്ചിക്കുന്നതുമായി ബന്ധപ്പെട്ട വകുപ്പാണിത്.
കോർപ്പറേറ്റ് കാര്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഗുരുഗ്രാം പോലീസ് ഇയാൾക്കെതിരെ കേസെടുത്തത്. ഇയാൾ ഹിമാചൽ പ്രദേശ് സ്വദേശിയാണെന്നും ഒരു പേര് മാത്രമേ ഉപയോഗിക്കുന്നുള്ളൂ എന്നും മന്ത്രാലയത്തിൻ്റെ പരാതിയിൽ പറയുന്നു. ഡോർട്ട്സെയോടൊപ്പം കുറ്റകൃത്യത്തിൽ പങ്കാളിയായ ചൈന സ്വദേശി വാൻ ജുൻ ആണ് കേസിലെ രണ്ടാമത്തെ കണ്ണി. ഇയാൾ നിലവിൽ ഒളിവിലാണ്.
രണ്ട് കമ്പനികളുടെ ഡയറക്ടറാണ് വാൻ. ഫൈനൈൻ്റി പ്രൈവറ്റ് ലിമിറ്റഡ്, ഡോർട്ട്സെയുമായി ചേർന്ന് ആരംഭിച്ച ജിലിയൻ കൺസൾട്ടൻ്റ്സ് ഇന്ത്യ ലിമിറ്റഡ് എന്നിവയാണ് രണ്ട് കമ്പനികൾ. ബെംഗളൂരുവിലെ കല്യാൺ നഗറിലുള്ള ബ്രിക്സ്പേസിൻ്റെ വിലാസത്തിലാണ് ഫൈനൈൻ്റി പ്രൈവറ്റ് ലിമിറ്റഡ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. അന്വേഷണ പരിധിയിലുള്ള മറ്റ് രണ്ട് കമ്പനികളായ യെല്ലോ ട്യൂൺ ടെക്നോളജീസും മഡ്മേറ്റ് ടെക്നോളജീസും രജിസ്റ്റർ ചെയ്തിട്ടുള്ളതും ഇതേ വിലാസത്തിലാണ്.
കള്ളപ്പണം വെളുപ്പിക്കൽ, മറ്റ് നിയമലംഘനങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട നിരവധി കമ്പനികൾ ദക്ഷിണ ഡൽഹിയിലെ സഹായി മുഖേന ഈ കോ വർക്കിംഗ് സ്പേസ് സ്ഥാപനത്തെ ബന്ധപ്പെട്ടിരുന്നു. ഈ കമ്പനികൾക്കും മറ്റ് 22 കമ്പനികൾക്കും സ്ഥലം നൽകാൻ ഡൽഹിയിലെ സഹായി തങ്ങളോട് ആവശ്യപ്പെട്ടിരുന്നതായി ബ്രിക്സ്പേസ് പറഞ്ഞു. 2021 മാർച്ച് 2, 3 തീയതികളിലാണ് ഈ കമ്പനികളുമായുള്ള കരാർ ആരംഭിച്ചത്. ഒരു വർഷമാണ് കരാർ കാലാവധി.
മറ്റൊരു കേസിൽ, യെല്ലോ ട്യൂൺ ടെക്നോളജീസിൻ്റെ 370 കോടി രൂപയുടെ ആസ്തി എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് മരവിപ്പിച്ചിട്ടുണ്ട്. നിയമവിരുദ്ധ ലോൺ ആപ്പുകളിലൂടെ പണം നൽകിയശേഷം കള്ളപ്പണം വെളുപ്പിക്കാനായി ക്രിപ്റ്റോകറൻസിയാക്കി മാറ്റിയായിരുന്നു കമ്പനിയുടെ പ്രവർത്തനം. വിവിധ സംസ്ഥാന, കേന്ദ്ര ഏജൻസികളുടെ നിരീക്ഷണത്തിലായിരുന്നു കമ്പനി.
What's Your Reaction?