Agnipath | അഗ്‌നിപഥ് പ്രതിഷേധം; ഒമ്പത് കോച്ചിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തിപ്പുകാര്‍ ഉത്തര്‍പ്രദേശില്‍ അറസ്റ്റില്‍

സായുധ സേന ഉദ്യോഗാര്‍ത്ഥികളെ പ്രതിഷേധ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രേരിപ്പിക്കുകയും, സാമൂഹിക വിരുദ്ധ ഘടകങ്ങളെ പ്രകോപിപ്പിക്കുകയും ചെയ്തതിനാണ് അറസ്റ്റ്.

Jun 19, 2022 - 22:48
 0
Agnipath | അഗ്‌നിപഥ് പ്രതിഷേധം; ഒമ്പത് കോച്ചിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തിപ്പുകാര്‍ ഉത്തര്‍പ്രദേശില്‍ അറസ്റ്റില്‍

അഗ്നിപഥ് പദ്ധതിയ്‌ക്കെതിരെ നടക്കുന്ന പ്രതിഷേധവുമായി ബന്ധപ്പെട്ട് ഉത്തര്‍പ്രദേശില്‍ ഒമ്പത് കോച്ചിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തിപ്പുകാരെ അറസ്റ്റ് ചെയ്തു. ഇതുവരെ 80 ഓളം പേരെ കസ്റ്റഡിയിലെടുത്തതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു. സായുധ സേന ഉദ്യോഗാര്‍ത്ഥികളെ പ്രതിഷേധ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രേരിപ്പിക്കുകയും, സാമൂഹിക വിരുദ്ധ ഘടകങ്ങളെ പ്രകോപിപ്പിക്കുകയും ചെയ്തതിനാണ് അറസ്റ്റ്.

കസ്റ്റഡിയിലുള്ള മറ്റുള്ളവരെ ചോദ്യം ചെയ്തു വരികയാണെന്നും കേസിലെ തെളിവുകളുടെ അടിസ്ഥാനത്തില്‍ തുടര്‍നടപടി സ്വീകരിക്കുമെന്നും അലിഗഡ് സീനിയര്‍ പോലീസ് സൂപ്രണ്ട് അറിയിച്ചു. സെക്കന്തരാബാദിലുണ്ടായ റെയില്‍വേ സ്റ്റേഷന്‍ ആക്രമണത്തിന്റെ പ്രധാന ആസൂത്രകനെന്ന് സംശയിക്കുന്നയാളെ ഇന്നലെ കസ്റ്റഡിയിലെടുത്തിരുന്നു.

ആര്‍മി ട്രെയിനിംഗ് നല്‍കുന്ന സെന്ററിന്റെ നടത്തിപ്പുകാരനായ സുബ്ബ റാവു എന്നയാളെയാണ് ആന്ധ്ര പൊലീസ് കസ്റ്റഡിയിലെടുത്തത്. വാട്സ്ആപ്പ് ഗ്രൂപ്പുകളിലൂടെ പ്രതിഷേധത്തിന് ആഹ്വാനം ചെയ്തതിനാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ചലോ സെക്കന്തരാബാദ് എന്ന പേരിലുണ്ടായിരുന്ന വാട്ട്സാപ്പ് ഗ്രൂപ്പിലൂടെയായിരുന്നു പ്രതിഷേധത്തിന് ആഹ്വാനം.

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് പുറമേ കേരളം അടക്കമുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലും പ്രതിഷേധം വ്യാപിച്ചിട്ടുണ്ട്. 17.5 വയസിനും 21 വയസിനും ഇടയില്‍ പ്രായമുള്ള യുവാക്കളെ നാല് വര്‍ഷത്തേക്ക് ഇന്ത്യന്‍ സായുധ സേനയില്‍ നിയമിക്കുന്ന പദ്ധതി കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്. പ്രതിഷേധം ശക്തമാകുന്നതിനിടയില്‍ കഴിഞ്ഞ ദിവസം കേന്ദ്ര സര്‍ക്കാര്‍ പ്രായപരിധിയില്‍ ഇളവ് പ്രഖ്യാപിച്ചിരുന്നു.

പദ്ധതിക്ക് കീഴിലുള്ള റിക്രൂട്ട്മെന്റിനുള്ള ഉയര്‍ന്ന പ്രായപരിധി 21 ല്‍ നിന്ന് 23 ആയാണ് ഉയര്‍ത്തിയത്. കഴിഞ്ഞ 2 വര്‍ഷമായി ആര്‍മിയിലേക്കുള്ള റിക്രൂട്ട്‌മെന്റ് നിര്‍ത്തിവെച്ചിരുന്ന സാഹചര്യത്തിലാണ് നടപടി.

ഇതിനിടെ അഗ്‌നിപഥ് പദ്ധതിക്കെതിരായ പ്രതിഷേധം തണുപ്പിക്കാനുള്ള നീക്കവുമായി കേന്ദ്ര സര്‍ക്കാര്‍ രംഗത്തെത്തി. കാലാവധി കഴിയുന്ന അഗ്‌നിവീരന്മാര്‍ക്ക് അര്‍ദ്ധസൈനിക വിഭാഗത്തിലും അസം റൈഫിള്‍സിലും പത്ത് ശതമാനം സംവരണം പ്രഖ്യാപിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow