താലിബാനെതിരെ പോരാടിയ ആയിഷ ഹബീബീ: അഫ്ഗാനിലെ ഏക വനിതാ യുദ്ധപ്രഭു
ഗോത്രങ്ങളിൽ അടിസ്ഥാനമുള്ള യുദ്ധപ്രഭുക്കൻമാരുടെ നാടാണ് അഫ്ഗാനിസ്ഥാൻ. രാജ്യാന്തര ഇടപെടലുകളിൽ പോലും ഇവരുടെ സ്വാധീനം വ്യക്തമായി കാണാം. താലിബാൻ വീണ്ടും
ഗോത്രങ്ങളിൽ അടിസ്ഥാനമുള്ള യുദ്ധപ്രഭുക്കൻമാരുടെ നാടാണ് അഫ്ഗാനിസ്ഥാൻ. രാജ്യാന്തര ഇടപെടലുകളിൽ പോലും ഇവരുടെ സ്വാധീനം വ്യക്തമായി കാണാം. താലിബാൻ വീണ്ടും പിടിമുറുക്കുമ്പോഴും രാജ്യത്തെ യുദ്ധം എങ്ങോട്ടുപോകുമെന്നു നിശ്ചയമില്ലാത്ത അവസ്ഥയുള്ളപ്പോഴും യുദ്ധപ്രഭുക്കൻമാരുടെ പേര് ഉയർന്നു കേൾക്കുന്നുണ്ട്. രാജ്യാന്തര തലത്തിൽ പോലും അവ ചർച്ചയാകുന്നു.
അഫ്ഗാനിസ്ഥാനിൽ പൊതുധാരയിലുള്ള പ്രശസ്തരായ സ്ത്രീകളുടെ എണ്ണം കുറവാണ്. എന്നാൽ ഈ യുദ്ധപ്രഭുക്കളിൽ ഒരു വനിതയുണ്ടെന്നു പറഞ്ഞാൽ വിശ്വസിക്കാൻ കഴിയുമോ? ആ വനിതയുടെ പേരാണ് ബീബി ആയിഷ ഹബീബി. സോവിയറ്റ് യൂണിയനെതിരെയും താലിബാനെതിരെയും പോരാടിയ അഫ്ഗാനിസ്ഥാനിലെ ഏക യുദ്ധപ്രഭു. ഇപ്പോൾ 68 വയസ്സുള്ള ഇവർ അടുത്തിടെ താലിബാനിൽ ചേർന്നു.
അഫ്ഹാനിസ്ഥാനിലെ നഹ്‌റിൻ ജില്ലയിലുള്ള ബാഗ്ലാൻ പ്രവിശ്യയിൽ 1953ലാണു ബീബീ ആയിഷയുടെ ജനനം. പ്രദേശത്തെ പ്രമുഖ ഗോത്രനേതാവ് അല്ലെങ്കിൽ അർബോബ് ആയിരുന്നു അവരുടെ പിതാവ്. പത്തുമക്കളിൽ അഞ്ചാമത്തേതായിരുന്നു ബീബി ആയിഷ. പിതാവിന് മക്കളിൽ ഏറ്റവും പ്രിയവും ബീബിയെയായിരുന്നു. പ്രാവ് എന്നർഥം വരുന്ന കഫ്തർ എന്ന ചെല്ലപ്പേരായിരുന്നു അദ്ദേഹം അവരെ വിളിക്കാൻ ഉപയോഗിച്ചിരുന്നത്. ഗ്രാമത്തിലെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ പോകുമ്പോഴും കുടുംബവഴക്കുകൾക്ക് തീർപ്പുകൽപിക്കുമ്പോഴും പിതാവിനൊപ്പം നിഴലായി ബീബി ആയിഷയും ഉണ്ടായിരുന്നു.താമസിയാതെ പിതാവിന്റെ സ്ഥാനമായ അർബോബ് ആയിഷയ്ക്കു ലഭിച്ചു.
പന്ത്രണ്ടാം വയസ്സിൽ തന്നെക്കാൾ 10 വയസ്സിനു മൂത്ത ഒരു വ്യക്തിയെ ആയിഷ വിവാഹം കഴിച്ചു. പൊതുക്കാര്യങ്ങളിലിടപെടാനും അർബോബ് സ്ഥാനം നിലനിർത്താനും ഭർത്താവ് സമ്മതിച്ചു.നാട്ടിലെ പ്രശ്‌നങ്ങൾ പരിഹരിക്കാനും കുടുംബപ്രശ്‌നങ്ങളിലിടപെടാനും ആയിഷ സമയം കണ്ടെത്തി.
1979ലാണു സോവിയറ്റ് സൈന്യം അഫ്ഗാനിസ്ഥാനിൽ അധീശത്വം സ്ഥാപിച്ചത്. സോവിയറ്റുകൾ ബീബിയുടെ ഗ്രാമമായ ഗാവിയിലെത്തുകയും അവിടെ പോരാട്ടം നടക്കുകയും ചെയ്തു. ഇതിൽപെട്ട് ബീബിയുടെ മകനും മരിച്ചു. ഇതോടെയാണു ബീബീ ആയിഷ യുദ്ധത്തിനിറങ്ങിയത്. ഇരുന്നൂറു പേരടങ്ങിയ ഒരു യുദ്ധഗ്രൂപ്പിന്റെ മേധാവിയായി അവർ മാറി. കമാൻഡർ കഫ്തർ എന്ന പേരും ഇവർക്കു ലഭിച്ചു.
താലിബാൻ ഇതിനിടെ ശക്തി പ്രാപിക്കുന്നുണ്ടായിരുന്നെങ്കിലും ബീബിയുടെ സംഘങ്ങൾ താലിബാനുമായും യുദ്ധത്തിലായിരുന്നു. ഇതിനിടയിൽ താലിബാൻ കാബുൾ പിടിച്ചടക്കുകയും രാജ്യത്തിന്റെ സിംഹഭാഗങ്ങളിലും അധികാരമുറപ്പിക്കുകയും ചെയ്തു. എങ്കിലും ബീബി ആയിഷയും സംഘാംഗങ്ങളും ഇവരുമായുള്ള പോരാട്ടം തുടർന്നു. ഈ പോരാട്ടത്തിൽ മക്കളും സഹോദരൻമാരും അനന്തരവരും ഉൾപ്പെടെ 30 ബന്ധുക്കളെ ബീബീ ആയിഷയ്ക്കു നഷ്ടമായി. ഇതിനിടെ ബീബിയുടെ ബന്ധുക്കളിൽ ചിലർ താലിബാന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു. ഇവർ ബീബി ആയിഷയെ കൊലപ്പെടുത്താൻ നിരവധി ശ്രമങ്ങൾ നടത്തി. ഇങ്ങനെ ശ്രമിച്ചവരിൽ ചിലർ ബീബിയുടെ ക്രോധത്തിനിരയായി കൊല്ലപ്പെടുകയും ചെയ്തു. തൊണ്ണൂറുകളുടെ അവസാനഘട്ടത്തിൽ ഒരു നൂൽപാലത്തിലൂടെയായിരുന്നു ബീബിയുടെ ജീവിതം കടന്നുപോയത്. എപ്പോൾ വേണമെങ്കിലും കൊല്ലപ്പെടാമെന്ന അവസ്ഥ.
ഇതിനിടെ പുതിയ സഹസ്രാബ്ദം പിറന്നു. ലോകത്തെയാകെ ഞെട്ടിച്ച് ന്യൂയോർക്കിലെ വേൾഡ് ട്രേഡ് സെന്റർ അൽഖ്വയ്ദയുടെ ആക്രമണത്തിൽ നിലംപതിച്ചു. പ്രതികാരരോഷവുമായി അൽഖ്വയ്ദ തലവൻ ഒസാമ ബിൻ ലാദനെ തേടിയെത്തിയ യുഎസ് സൈന്യം അഫ്ഗാനിസ്ഥാന്റെ വരണ്ട ഭൂമിയിൽ പറന്നിറങ്ങി. താലിബാൻ കോട്ടകൾ ഓരോന്നായി യുഎസ് സൈനികകരുത്തിനു മുന്നിൽ തകർന്നുവീണു. ഒടുവിൽ രാജ്യത്തിന്റെ തെക്ക്, കിഴക്കൻ മേഖലകളിലേക്ക് അവർ ഒതുങ്ങി.
താലിബാനുമായി സഖ്യസേനയുടെ യുദ്ധം കൊടുമ്പിരികൊണ്ടിരിക്കെ, ബീബി ആയിഷയെപ്പോലുള്ളവരുടെ യുദ്ധപ്രഭുക്കൻമാരുടെ സേനകൾ ഒരു ശല്യവും അനാവശ്യവുമായി വിലയിരുത്തപ്പെട്ടു. ഇതെത്തുടർന്ന് ആയുധം താഴെവയ്ക്കാനും പോരാട്ടജീവിതം അവസാനിപ്പിക്കാനും അവർക്കു മേൽ സമ്മർദ്ദമേറി. തുടർന്ന് 2006ൽ അവർ ആയുധം താഴെവച്ചു. ഇനി പോരാട്ടങ്ങൾക്കും യുദ്ധങ്ങൾക്കുമില്ലെന്നും പ്രഖ്യാപിച്ചു.
എന്നാൽ താമസിയാതെ താലിബാൻ വീണ്ടും ശക്തി പ്രാപിച്ചു തുടങ്ങി. ബീബിക്കു നേരെ നിരവധി കൊലപാതക ഭീഷണികളുമെത്തി. താലിബാനെതിരെയുള്ള പോരാട്ടം ബീബിയും സംഘവും വീണ്ടും തുടങ്ങി. അഫ്ഗാൻ സർക്കാരിന്റെ അനൗദ്യോഗികമായ പിന്തുണ അവർക്കുണ്ടായിരുന്നു.
അടുത്തിടെ യുഎസ് സേന പിൻമാറ്റം പ്രഖ്യാപിച്ചതോടെ ബീബിയുടെ ജീവിതം ആശങ്കയിലായി. താലിബാനെപ്പേടിച്ച് മറ്റേതെങ്കിലും രാജ്യത്ത് അഭയം തേടാൻ അവർ തീരുമാനിച്ചെങ്കിലും അഫ്ഗാനിസ്ഥാനിലുള്ള തന്റെ ബന്ധുക്കളുടെ സുരക്ഷയോർത്ത് അതിനു തുനിഞ്ഞില്ല. പിന്നീട് കുറെക്കാലം അവരെപ്പറ്റി വലിയ വിവരമൊന്നുമുണ്ടായിരുന്നില്ല.
എന്നാൽ കഴിഞ്ഞ വർഷം അവസാനം താലിബാൻ ബീബീ ആയിഷയുടെ നാടായ നഹ്‌റിൻ ആക്രമിക്കുകയും പല ഗ്രാമങ്ങളും അധീനതയിലാക്കുകയും ചെയ്തു. പിന്നീടറിയുന്നത് ബീബീയും സംഘവും താലിബാനിൽ ചേർന്നെന്ന വാർത്തയാണ്. അഫ്ഗാൻ സർക്കാരിന്റെ നഹ്‌റിനിലെ പ്രതിനിധിയായ ഫസൽ ദിൻ മുറാദിയാണ് ഇക്കാര്യം ആദ്യം അറിയിച്ചത്. പിന്നാലെ താലിബാൻ വക്താവ് സാഹിബുള്ള മുജാഹിദ് ട്വീറ്റിലൂടെ ഇക്കാര്യം സ്ഥിരീകരിച്ചു.
What's Your Reaction?