കാസർകോട് വെള്ളച്ചാൽ സ്വദേശി പി പി രാഘവൻ എന്ന 75 കാരന് ലോട്ടറി എന്നാൽ ഹരമാണ്. അഞ്ച് പതിറ്റാണ്ടിനിടെ ലോട്ടറി ടിക്കറ്റിനായി ഇദ്ദേഹം ചെലവഴിച്ചത് മൂന്നരക്കോടിയോളം രൂപ. ഇന്നു വരെ എടുത്ത ടിക്കറ്റുകൾ ഒന്നും ഇദ്ദേഹം കളഞ്ഞിട്ടില്ല. എല്ലാം ഒരു നിധി പോലെ കാത്തു സൂക്ഷിക്കുകയാണ്. ടിക്കറ്റിനായി കോടിക്കണക്കിന് രൂപ ചെലവഴിച്ചിട്ടും രാഘവൻ കോടീശ്വരനായില്ല.
രാഘവൻ തന്റെ പതിനെട്ടാം വയസ്സിലാണ് ഭാഗ്യപരീക്ഷണം ആരംഭിച്ചത്. ഒരു രൂപ വിലയുള്ള ഭൂട്ടാൻ ലോട്ടറിയാണ് ആദ്യം എടുത്തു തുടങ്ങിയത്. തുടർച്ചയായി സമ്മാനം അടിക്കാൻ തുടങ്ങിയതോടെ ഏജന്‍റുമാർ രാഘവനെ തേടിയെത്തി. ദിവസം നൂറും മുന്നൂറും രൂപയുടെ ടിക്കറ്റുകൾ എടുത്തു തുടങ്ങിയതോടെ അത് ഒരു ഹരമായി മാറി. 1968 ൽ കേരള സർക്കാർ ലോട്ടറി ആരംഭിച്ചതു മുതൽ വാങ്ങിക്കൂട്ടിയ ടിക്കറ്റുകളെല്ലാം തന്നെ പൊന്നുപോലെ കാത്തുസൂക്ഷിക്കുന്നുണ്ട്.
ദിവസം 10 ടിക്കറ്റുകൾ വരെ എടുത്തിട്ടുണ്ടെങ്കിലും 50,000 രൂപയാണ് ആകെ അടിച്ച വലിയ തുക. ബന്ധുക്കളും സുഹൃത്തുക്കളും നിരുത്സാഹപ്പെടുത്താൻ ശ്രമിച്ചെങ്കിലും രാഘവൻ അതൊന്നും ചെവിക്കൊള്ളാൻ തയ്യാറായില്ല.
നേന്ത്രവാഴ കൃഷിയിലൂടെയും മറ്റും ലഭിക്കുന്ന തുകയുടെ ഒരു വിഹിതമാണ് ലോട്ടറിക്കായി രാഘവൻ ചെലവഴിക്കുന്നത്. എന്നാൽ ലോട്ടറി എടുത്തു പണം കളയരുതെന്നാണ് പുതുതലമുറയോട് രാഘവെന്റെ ഉപദേശം. നേരത്തെ നട്ടെല്ലിനേറ്റ ക്ഷതവും ജീവിതശൈലി രോഗങ്ങളും രാഘവനെ അലട്ടുന്നുണ്ട് എങ്കിലും കഴിഞ്ഞ മാസം വരെ മുടങ്ങാതെ ലോട്ടറി എടുത്തിരുന്നു. എന്നാൽ വാർദ്ധക്യത്തിന്റെ അവശത കാരണം ഇക്കുറി നടന്ന ഓണം ബംബറോടെ തന്റെ ഭാഗ്യപരീക്ഷണം അവസാനിപ്പിച്ചിരിക്കുകയാണ്. ഇനി ഭാര്യ ശാന്തക്കൊപ്പം വിശ്രമ ജീവിതം കൊണ്ടുപോകാനാണ് ആഗ്രഹമെന്ന് രാഘവൻ പറയുന്നു.