പകരക്കാരനായി ഇറങ്ങിയിട്ടും മെസിക്ക് ഇരട്ടഗോൾ; ജമൈക്കയെ തകർത്ത് അർജന്‍റീന
അർജന്‍റീനയ്ക്കുവേണ്ടി തന്റെ 100-ാം അന്താരാഷ്ട്ര വിജയമായിരുന്നു മെസിക്ക് ഈ മത്സരം
ഖത്തറിൽ നടക്കാൻപോകുന്ന ലോകകപ്പ് ഫുട്ബോളിന് മുന്നോടിയായുള്ള സന്നാഹ മത്സരത്തിൽ ജമൈക്കയെ 3-0ന് തോൽപ്പിച്ച് അർജന്റീന. പകരക്കാരനായി ഇറങ്ങിയിട്ടും രണ്ട് ഗോളുകളുമായി അർജന്‍റീനയുടെ വിജയത്തിൽ നിർണായകമായത് ലയണൽ മെസ്സിയായിരുന്നു. അർജന്‍റീനയ്ക്കുവേണ്ടി തന്റെ 100-ാം അന്താരാഷ്ട്ര വിജയമായിരുന്നു മെസിക്ക് ഈ മത്സരം.
റെഡ്ബുൾ അരീനയിൽ രണ്ടാം പകുതിയിൽ പകരക്കാരനായി ഇറങ്ങിയായിരുന്നു മെസി മാജിക്. 164 മത്സരങ്ങളിൽ നിന്ന് പാരീസ് സെന്റ് ജെർമെയ്ൻ സൂപ്പർ താരം മെസ്സി തന്റെ അന്താരാഷ്ട്ര ഗോളുകളുടെ എണ്ണം 90 ആയി ഉയർത്തി.
2012-നും 2018-നും ഇടയിൽ ഇറ്റലിയുടെ ലോക റെക്കോർഡായ തോൽവി അറിയാതെയുള്ള 37 മത്സരങ്ങളെന്ന നേട്ടത്തിന് തൊട്ടരികിലാണ് അർജന്‍റീന. അർജന്‍റീന തോൽവി അറിയാതെ 35 മത്സരങ്ങൾ പൂർത്തിയാക്കി കഴിഞ്ഞു.
വെള്ളിയാഴ്ച ഹോണ്ടുറാസിനെതിരെ മിയാമിയിൽ നടന്ന സൗഹൃദ മത്സരത്തിൽ രണ്ട് ഗോളുകൾ നേടിയ മെസ്സി, ഇന്നത്തെ മത്സരത്തിൽ 56-ാം മിനിറ്റിൽ ഇന്റർ മിലാന്റെ ലൗട്ടാരോ മാർട്ടിനെസിന് പകരക്കാരനായാണ് കളത്തിൽ ഇറങ്ങിയത്. 86-ാം മിനിറ്റിൽ, ജമൈക്കയുടെ ഗോൾകീപ്പർ ആന്ദ്രെ ബ്ലേക്കിനെ മറികടന്ന് താഴത്തെ മൂലയിലേക്ക് ഒരു ഷോട്ട് ലക്ഷ്യത്തിലെത്തിച്ചതോടെ ആരാധകർ ആവേശഭരിതരായി. 35-കാരനും ഏഴ് തവണ ബാലൺ ഡി ഓർ ജേതാവുമായ താരം തൊട്ടുപിന്നാലെ മറ്റൊരു തകർപ്പൻ രണ്ടാം ഗോൾ കൂടി നേടുകയായിരുന്നു, ഒരു ഫ്രീ-കിക്കിൽ നിന്ന് ജമൈക്കൻ പ്രതിരോധത്തിനിടയിലൂടെ ഒരു ലോ ഷോട്ട് തന്ത്രപൂർവ്വം വലയിലാക്കുകയായിരുന്നു.
മത്സരത്തിന് മുമ്പ് മെസ്സിക്ക് പനി പോലുള്ള ലക്ഷണങ്ങൾ ഉണ്ടെന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടു. ഇതോടെ ആദ്യ ഇലവനിൽ ഉൾപ്പെടുത്തിയിരുന്നില്ല. എന്നാൽ 56-ാം മിനിറ്റിൽ സൂപ്പർതാരം ബെഞ്ചിൽ നിന്ന് ഇറങ്ങി. മെസി കളത്തിലേക്ക് ഇറങ്ങുമ്പോൾ നാടകീയ സംഭവങ്ങളുണ്ടായി. ഒരു ആരാധകൻ മെസിയുടെ സമീപത്തേക്ക് ഓടിയെത്തുകയും ഓട്ടോഗ്രാഫ് ആവശ്യപ്പെടുകയും ചെയ്തു. മെസി അയാളുടെ പുറംഭാഗത്ത് ഒപ്പിട്ടുനൽകി. വൈകാതെ സുരക്ഷാ ഉദ്യോഗസ്ഥരെത്തി ഇയാളെ പുറത്തേക്കു കൊണ്ടുപോയി.
മറ്റൊരു മത്സരത്തിൽ മുൻ ലോകജേതാക്കളായ ബ്രസീൽ 5-1ന് ടുണീഷ്യയെ തോൽപ്പിച്ചു. സൂപ്പർതാരം നെയ്മർ ഈ മത്സരത്തിൽ 75-ാം അന്താരാഷ്ട്ര ഗോൾ നേടി. മൂന്നു തവണ ലോകകപ്പ് ജേതാവായ ബ്രസീൽ ടീമിൽ അംഗമായിരുന്ന പെലെയുടെ 77 എന്ന റെക്കോർഡിന് തൊട്ടരികിൽ എത്തിയിരിക്കുകയാണ് നെയ്മർ. പെനാൽറ്റിയിലൂടെയാണ് നെയ്മർ ഗോൾ നേടിയത്.
What's Your Reaction?