നീലേശ്വരം വെടിക്കെട്ട് അപകടം; എട്ട് പേര്‍ക്കെതിരെ കേസ്, മൂന്ന് പേര്‍ അറസ്റ്റില്‍

Oct 30, 2024 - 11:00
 0
നീലേശ്വരം വെടിക്കെട്ട് അപകടം; എട്ട് പേര്‍ക്കെതിരെ കേസ്, മൂന്ന് പേര്‍ അറസ്റ്റില്‍

കാസര്‍കോട് നീലേശ്വരം അഞ്ഞൂറ്റമ്പലം വീരര്‍കാവ് കളിയാട്ട മഹോത്സവത്തിനിടെ പടക്കശേഖരത്തിന് തീപിടിച്ച സംഭവത്തില്‍ ക്ഷേത്ര ഭാരവാഹികള്‍ ഉള്‍പ്പെടെ എട്ട് പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്. സംഭവത്തില്‍ നീലേശ്വരം പൊലീസ് മൂന്ന് പേരുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. അപകടത്തില്‍ 154 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

ക്ഷേത്ര പ്രസിഡന്റ് കരുവാശേരി സ്വദേശി ഭരതന്‍, സെക്രട്ടറി പടന്നക്കാടി സ്വദേശി ചന്ദ്രശേഖരന്‍, പടക്കത്തിന് തീ കൊളുത്തിയ പള്ളിക്കര സ്വദേശി രാജേഷ് എന്നിവരാണ് അറസ്റ്റിലായത്. പരിക്കേറ്റവരില്‍ എട്ട് പേരുടെ നില ഗുരുതരമാണ്. പടക്കങ്ങള്‍ സൂക്ഷിച്ചത് അനുമതിയില്ലാതെയാണെന്നാണ് റിപ്പോര്‍ട്ട്.

സഞ്ജീവനി ആശുപത്രിയില്‍ 40 പേരെയാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. നീലേശ്വരം താലൂക്ക് ആശുപത്രിയിലുള്ള 11 പേരില്‍ രണ്ടുപേരുടേയും നില ഗുരുതരമാണ്. കണ്ണൂര്‍ മിംസില്‍ അഞ്ചുപേരും കെ.എ.എച്ച് ആശുപത്രിയില്‍ 11 പേരുമാണുള്ളത്. ജില്ലാ കളക്ടര്‍, ജില്ലാ പോലീസ് മേധാവി എന്നിവര്‍ രാത്രി തന്നെ സംഭവസ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിച്ചു.

അതേസമയം പടക്കങ്ങള്‍ സൂക്ഷിച്ചത് അനുമതിയില്ലാതെയാണെന്ന് കാസര്‍കോട് ജില്ലാ കളക്ടര്‍ പറഞ്ഞു. മിനിമം അകലം പാലിക്കാതെയാണ് പടക്കം പൊട്ടിച്ചത്. 100 മീറ്റര്‍ വേണമെന്നാണ് നിയമം. രണ്ടോ മൂന്നോ അടി അകലെ വച്ച് പടക്കം പൊട്ടിച്ചു. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ടെന്നും വെടിക്കെട്ട് നടത്തുന്നതിന്റെ സമീപത്ത് തന്നെ പടക്കങ്ങള്‍ സൂക്ഷിച്ചതാണ് അപകടകാരണമെന്നും കളക്ടര്‍ അറിയിച്ചു. അതേസമയം സംഭവ സ്ഥലത്ത് നിന്ന് സാമ്പിളുകള്‍ ശേഖരിച്ചുവെന്നും ജില്ലാകളക്ടര്‍ പറഞ്ഞു.

What's Your Reaction?

like

dislike

love

funny

angry

sad

wow