ആരോഗ്യ മേഖലയെ ശരിയാക്കി എടുക്കാന്‍ കെയര്‍ ക്വാളിറ്റി കമ്മീഷനില്‍ പൊരുതി മലയാളി ഡോക്ടര്‍; സമാനതകളില്ലാത്ത പോരാട്ടത്തിനൊടുവില്‍ പകരം ലഭിച്ചത് ജോലിയില്‍ നിന്നുള്ള പുറത്താക്കല്‍; സി ക്യു സിക്കെതിരെ കേസ് നടത്തി നഷ്ടപരിഹാരം നേടി ശ്യാം കുമാര്‍

A Malayali doctor fought in the Care Quality Commission to fix the health sector; After an unparalleled struggle, he was replaced by dismissal from his job; Shyam Kumar filed a case against CQC and won compensation

Sep 12, 2022 - 08:07
 0
ആരോഗ്യ മേഖലയെ ശരിയാക്കി എടുക്കാന്‍ കെയര്‍ ക്വാളിറ്റി കമ്മീഷനില്‍ പൊരുതി മലയാളി ഡോക്ടര്‍; സമാനതകളില്ലാത്ത പോരാട്ടത്തിനൊടുവില്‍ പകരം ലഭിച്ചത് ജോലിയില്‍ നിന്നുള്ള പുറത്താക്കല്‍; സി ക്യു സിക്കെതിരെ കേസ് നടത്തി നഷ്ടപരിഹാരം നേടി ശ്യാം കുമാര്‍

എന്‍ എച്ച് എസ് ട്രസ്റ്റിലെ കണ്‍സള്‍ട്ടന്റ് ഓര്‍ത്തോപീഡിക് സര്‍ജന്‍ ആയ ഡോ. ശ്യാം കുമാര്‍ നടത്തിയത് സമാനതകളില്ലാത്ത പോരാട്ടമായിരുന്നു. ആരോഗ്യ രംഗത്ത് സുരക്ഷയില്ലായ്മയ്ക്കും അനാരോഗ്യകരമായ പ്രവണതകള്‍ക്കുമെതിരെയുള്ള പോരാട്ടമായിരുന്നു ഡോ. ശ്യാം കുമാറിന്റെത്. മോകം ബേ എന്‍ എച്ച് എസ് ഫൗണ്ടേഷന്‍ ട്രസ്റ്റിനു കീഴിലുള്ള യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലില്‍ സീനിയര്‍ കണ്‍സള്‍ട്ടന്റ് ഓര്‍ത്തൊപീഡിക് സര്‍ജനായി ജോലി ചെയ്തു വരികയായിരുന്നു ഡോ. ശ്യാം കുമാര്‍.

2014- ല്‍ അദ്ദേഹത്തെ കെയര്‍ ക്വാളിറ്റി കമ്മീഷനിലേക്ക് ആശുപത്രി പരിശോധനകളില്‍ ക്ലിനിക്കല്‍ - സ്‌പെഷ്യല്‍ ഉപദേഷ്ടാവായി പാര്‍ട്ട് ടൈം ആയി നിയമിക്കുകയായിരുന്നു. 2015- നും 2019 നും ഇടയിലായി നിരവധി ആശുപത്രികളെ കുറിച്ചുള്ള ആശങ്കകള്‍ സി ക്യു സിയിലെ തന്റെ മുതിര്‍ന്ന സഹപ്രവര്‍ത്തകര്‍ക്ക് മുന്‍പില്‍ അദ്ദേഹം അവതരിപ്പിച്ചു. അതില്‍, നിലവാരമില്ലാത്ത ശസ്ത്രക്രിയാ നടപടികള്‍, ശുശ്രൂഷകളുടെ ഗുണമേന്മ അതുപോലെ അനുയോജ്യമല്ലാത്ത ക്ലിനിക്കല്‍ തീരുമാനങ്ങള്‍ എന്നിവ ഉള്‍പ്പെടും.

അതില്‍ ഡോക്ടര്‍ എക്‌സ് എന്ന് പരാമര്‍ശിക്കപ്പെടുന്ന ഒരു വ്യക്തി എടുത്ത പല ക്ലിനിക്കല്‍ തീരുമാനങ്ങളും സന്ദര്‍ഭത്തിന് ഒട്ടും അനുയോജ്യമല്ല എന്ന് പരാമര്‍ശിച്ചിരുന്നു. ഈ പരാമര്‍ശ്ങ്ങള്‍ എല്ലാം തന്നെ ശരിയാണെന്ന് മാഞ്ചസ്റ്റര്‍ എംപ്ലോയ്‌മെന്റ് ട്രിബുണല്‍ കണ്ടെത്തുകയും ഡോക്ടര്‍ എക്‌സിന്റെ പ്രാക്ടീസ് ചെയ്യുവാനുള്ള ലൈസന്‍സില്‍ നിരവധി നിബന്ധനകള്‍ വെയ്ക്കുകയും ചെയ്തിരുന്നു. അതേസമയം സി ക്യൂ സി അധികൃതര്‍ ഈ ആശങ്കകള്‍ എല്ലാം തന്നെ മൂടിവയ്ക്കാനായിരുന്നു ശ്രമിച്ചത്.

പല ആശുപ്ത്രികളിലും പ്രതികാര നടപടികള്‍ ഭയന്ന് ജീവനക്കാര്‍ ക്ലിനിക്കല്‍ അനുഭവങ്ങള്‍ പങ്ക് വയ്ക്കുന്നതിനു പോലും ഭയക്കുകയായിരുന്നു എന്നും ശ്യാം കുമാര്‍ പറയുന്നു. സി ക്യു സി പരിശോധനയിലെ പല ന്യുനതകളും അദ്ദേഹം എടുത്തു കാട്ടിയിരുന്നു. ജോലിയില്‍ ഇരുന്ന കാലത്ത് വളരെ കര്‍ശനമായി നിയമങ്ങള്‍ പാലിച്ചിരുന്ന ഡോ. ശ്യാം കുമാര്‍ നിരവധി ആശുപത്രികളിലെ വീഴ്ച്ചകള്‍ എടുത്തുകാട്ടി റിപ്പോര്‍ട്ടുകള്‍ നല്‍കിയിരുന്നു. അതിനു പുറമെ സി ക്യു സിയിലെ തന്നെ ചില ജീവനക്കാരുടെ അനുചിതമായ പ്രവര്‍ത്തന രീതികളും അദ്ദെഹം സി ക്യൂ സി മേധാവികളെ അറിയിച്ചിരുന്നു.

എന്നാല്‍, ഈ ആശങ്കകള്‍ എല്ലാം പരിഗണനക്കെടുത്ത് ബോര്‍ഡില്‍ ചര്‍ച്ച ചെയ്യേണ്ടതിനു പകരം, ഡോ. ശ്യാം കുമാര്‍ തന്റെ ഔദ്യോഗിക പദവി സഹപ്രവര്‍ത്തകരെ ഭയപ്പെടുത്തുവാന്‍ ഉപയോഗിക്കുന്നു എന്ന് ആരോപിച്ച് 2019-ല്‍ അദ്ദേഹത്തെ പുറത്താക്കുകയായിരുന്നു. ഈ നടപടിയാണ് ഇപ്പോള്‍ നിയമവിരുദ്ധമാണെന്ന് മാഞ്ചസ്റ്റര്‍ എംപ്ലോയ്‌മെന്റ് ട്രിബ്യുണല്‍ കണ്ടെത്തിയതും നഷ്ടപരിഹാരം വിധിച്ചതും.

രോഗികളുടെ സുരക്ഷയും, നിലവിലുള്ള നിയമങ്ങളും നടപ്പാക്കുന്നതിനു പകരമായി സി ക്യൂ സിയിലെ ചില വ്യക്തികള്‍ അവരുടെ സമയം മുഴുവന്‍ ഉപയോഗിച്ചത് തന്നെ നിശബ്ദനാക്കാന്‍ ആയിരുന്നു എന്ന് വിധിക്ക് ശേഷം ഡോ. ശ്യാം കുമാര്‍ പ്രതികരിച്ചു. പല ആഭ്യന്തര ഈ മെയില്‍ സന്ദേശങ്ങളും ശ്യാം കുമാറിനെ വ്യക്തിഹത്യ നടത്തുന്നതായിരുന്നു. എന്നാല്‍, സുരക്ഷയെ കുറിച്ച് ശ്യാം കുമാര്‍ ഉയര്‍ത്തിയ ആശങ്കകളായിരുന്നു പിരിച്ചുവിടലിന് പ്രധാന കാരണമായതെന്ന് ട്രിബ്യുണല്‍ നിരീക്ഷിച്ചു.

പിരിച്ചു വിട്ടതിനു ശേഷം ബ്രിട്ടീഷ് മെഡിക്കല്‍ അസ്സോസിയേഷന്റെ സഹായത്തോടെയായിരുന്നു ഡോ. ശ്യാം കുമാര്‍ സി ക്യൂ സിയെ കോടതിനടപടികളിലേക്ക് എത്തിച്ചത്. ചുരുങ്ങിയത് 11 സന്ദര്‍ഭങ്ങളിലെങ്കിലും ശ്യാം കുമാര്‍ ഉയര്‍ത്തിയ ഗൗരവകരമായ ആശങ്കകളുടെ പുറത്തായിരുന്നു അദ്ദേഹത്തെ ഇരയാക്കിയത് എന്ന് ട്രിബ്യുണല്‍ കണ്ടെത്തി. തീരെ കളങ്കമേല്‍ക്കാത്ത ഒരു വ്യക്തിത്വമാണ് ഡോ. ശ്യാം കുമാറിന്റെതെന്നും ജഡ്ജി നിരീക്ഷിച്ചു. തുടര്‍ന്നായിരുന്നു 23,000 പൗണ്ടിന്റെ നഷ്ടപരിഹാരം വിധിച്ചത്.

അതിയായ മാനസിക സമ്മര്‍ദ്ദങ്ങള്‍ അനുഭവിച്ച ഒരു കാലഘട്ടമായിരുന്നു കടന്ന് പോയതെന്ന് ഡോ. ശ്യാം കുമാര്‍ പറഞ്ഞു. തന്റെ കുടുംബത്തിന്റെയും അടുത്ത സുഹൃത്തുക്കളുടെയും സഹായത്തോടെയാണ് ഈ പ്രതിസന്ധി തരണം ചെയ്യാന്‍ കഴിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ എം ബി ബി എസ് വിദ്യാര്‍ത്ഥിയായിരുന്ന കാലത്താണ് അധികൃതരുടെ ദുര്‍നടപടികളെ ചോദ്യം ചെയ്യാനുള്ള ത്വര തന്നിലുണ്ടായതെന്ന് അദ്ദേഹം പറഞ്ഞു.

വിധി വന്നതിനു ശേഷം സി ക്യൂ സി ചെയര്‍മാന്‍ ഇയാന്‍ ട്രെന്‍ഹോം ഡോ. ശ്യാം കുമാറിനോട് ക്ഷമാപണം നടത്തി. അദ്ദേഹത്തിന്റെ പ്രൊഫഷണല്‍ നൈപുണ്യവും അദ്ദേഹം ഉയര്‍ത്തിപ്പിടിക്കുന്ന മൂല്യങ്ങളും അംഗീകരിക്കപ്പെടാതെ പോയി എന്നും ചെയര്‍മാന്‍ പറഞ്ഞു. തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലെ എം ബി ബി എസ് പഠനം കഴിഞ്ഞ് മുംബൈ സിയോണ്‍ ഹോസ്പിറ്റലില്‍ നിന്നായിരുന്നു ഓര്‍ട്ടോപീഡിക്‌സില്‍ എം എസ് എടുത്തറ്റ്. അദ്ദേഹത്തിന്റെ ഭാര്യ ഡോ. സംഗീത ഒരു കണ്‍സള്‍ട്ടന്റ് റേഡിയോളജിസ്റ്റാണ്. മൂത്തമകനും ഡോക്ടറാണ്. ഇളയമകന്‍ യൂണിവേഴ്‌സിറ്റി കോളേജ് ലണ്ടനില്‍ മാസ്റ്റേഴ്‌സ് ചെയ്യുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow