ലഞ്ച് ബോക്സിനെച്ചൊല്ലി തര്‍ക്കം; സഹപാഠിയുടെ ബ്ലേഡ് കൊണ്ടുള്ള ആക്രമണത്തില്‍ 14കാരിക്ക് ഗുരുതരമായി പരിക്കേറ്റു

May 3, 2024 - 17:35
 0

ലഞ്ച് ബോക്സിനെച്ചൊല്ലിയുള്ള തര്‍ക്കത്തില്‍ 14 കാരിയെ ബ്ലേഡ് ഉപയോഗിച്ച് കുത്തി പരിക്കേല്‍പ്പിച്ച് സഹപാഠി. ഡല്‍ഹിയിലെ ഗുലാബി ബാഗിലാണ് സംഭവം.

സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ പോലീസ് സ്വമേധയാ കേസെടുത്തു. ആക്രമണത്തിൽ കുട്ടിയുടെ മുഖത്തിനാണ് പരിക്കേറ്റത്. പരിക്കേറ്റതിത്തുടര്‍ന്ന് 17ഓളം സ്റ്റിച്ചാണ് പെണ്‍കുട്ടിയുടെ മുഖത്തിട്ടതെന്ന് മാതാപിതാക്കള്‍ അറിയിച്ചു. ഇതോടെ വിഷയത്തില്‍ പോലീസ് അന്വേഷണം ശക്തമാക്കിയിരിക്കുകയാണ്.

സംഭവത്തിലുള്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പരിക്കേറ്റ പെണ്‍കുട്ടിയുടെ കുടുംബം രംഗത്തെത്തി.

“തുടക്കത്തില്‍ വിദ്യാര്‍ത്ഥിനികള്‍ തമ്മില്‍ ഒരു തര്‍ക്കമുണ്ടാകുകയായിരുന്നു. അതിനിടെ ഒരു വിദ്യാര്‍ത്ഥിനി കൂര്‍ത്തമുനയുള്ള വസ്തുകൊണ്ട് മറ്റൊരു വിദ്യാര്‍ത്ഥിനിയെ പരിക്കേല്‍പ്പിക്കുകയായിരുന്നു,” എന്ന് പോലീസ് പറഞ്ഞു.

താനും തന്റെ സുഹൃത്തുക്കളും ഉച്ചഭക്ഷണം കഴിച്ചുകൊണ്ടിരുന്ന സമയത്ത് തന്റെ സുഹൃത്തുക്കളിലൊരാളുടെ ലഞ്ച് ബോക്സ് കുറച്ച് വിദ്യാര്‍ത്ഥിനികള്‍ ബലമായി എടുത്തുകൊണ്ടുപോകുകയും അതേത്തുടര്‍ന്നുണ്ടായ തര്‍ക്കം അക്രമത്തിൽ കലാശിക്കുകയായിരുന്നുവെന്നും പരിക്കേറ്റ വിദ്യാര്‍ത്ഥി പോലീസിനോട് പറഞ്ഞു.

“ടിഫിന്‍ ബോക്‌സ് തിരിച്ച് തരാന്‍ സുഹൃത്ത് അവരോട് ആവശ്യപ്പെട്ടു. എന്നാല്‍ അവര്‍ ഞങ്ങളെ മോശമായ ഭാഷയില്‍ കളിയാക്കുകയായിരുന്നു,” പെണ്‍കുട്ടി പറഞ്ഞു.

തര്‍ക്കം മുറുകിയതോടെ ഇരുവിഭാഗത്തേയും അനുനയിപ്പിക്കാന്‍ ശ്രമിക്കവെയാണ് വിദ്യാര്‍ത്ഥിനിയ്ക്ക് പരിക്കേറ്റത്. കൂട്ടത്തിലൊരു വിദ്യാര്‍ത്ഥിനി ബ്ലേഡ് കൊണ്ട് പെണ്‍കുട്ടിയെ ആക്രമിക്കുകയായിരുന്നു.

എന്നാല്‍ പരിക്കേറ്റ തന്റെ മകളെ സഹായിക്കാന്‍ ഒരാള്‍ പോലും മുന്നോട്ട് വന്നില്ലെന്ന് കുട്ടിയുടെ മാതാപിതാക്കള്‍ പറഞ്ഞു.

“മകളുടെ മുഖത്ത് 17 സ്റ്റിച്ചുണ്ട്. ഇപ്പോഴും അവളുടെ ആരോഗ്യനിലയില്‍ ആശങ്കകളുണ്ട്. ആക്രമണം നടന്നശേഷം അവളെയൊന്ന് ആശുപത്രിയില്‍ എത്തിക്കാന്‍ പോലും ആരും മുന്നോട്ട് വന്നിരുന്നില്ല,” എന്ന് കുട്ടിയുടെ അമ്മ പറഞ്ഞു.

“സുഹൃത്തുക്കള്‍ക്കിടയില്‍ തര്‍ക്കം രൂക്ഷമായപ്പോള്‍ അവരെ പറഞ്ഞ് അനുനയിപ്പിക്കാനാണ് അവള്‍ ശ്രമിച്ചത്. എന്നാല്‍ അവള്‍ക്ക് നേരെ ചിലര്‍ ആക്രമണം അഴിച്ചുവിട്ടു. ഇത് ചെയ്തവര്‍ക്കെതിരെ പോലീസ് കര്‍ശന നടപടി സ്വീകരിക്കണം,” എന്ന് പെണ്‍കുട്ടിയുടെ സഹോദരി പറഞ്ഞു.

പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിനികളാണ് ആക്രമണത്തിലുള്‍പ്പെട്ടത്. ഇവര്‍ക്കെതിരെ ജുവൈനല്‍ ജസ്റ്റിസ് ആക്ട് പ്രകാരമായിരിക്കും കേസെടുക്കുകയെന്ന് പോലീസ് പറഞ്ഞു.

What's Your Reaction?

like

dislike

love

funny

angry

sad

wow