കള്ളപ്പണം വെളുപ്പിക്കല്‍, കെവൈസി പാലിക്കാത്ത ഇടപാടുകള്‍; വിദേശനാണ്യ വിനിമയചട്ട ലംഘനം; പേടിഎമ്മിനെതിരേ ഇഡി അന്വേഷണം

Feb 15, 2024 - 17:24
 0
കള്ളപ്പണം വെളുപ്പിക്കല്‍, കെവൈസി പാലിക്കാത്ത ഇടപാടുകള്‍; വിദേശനാണ്യ വിനിമയചട്ട ലംഘനം; പേടിഎമ്മിനെതിരേ ഇഡി അന്വേഷണം

യുപിഐ ആപ്പായ പേടിഎമ്മിനെതിരേ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്റ്ററേറ്റ് അന്വേഷണം. വിദേശനാണ്യ വിനിമയചട്ടം ലംഘിച്ചെന്ന ആരോപണത്തിലാണ് അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്. കള്ളപ്പണം വെളുപ്പിക്കല്‍ അടക്കമുള്ളവ അന്വേഷണപരിധിയില്‍ ഉള്‍പ്പെടും.

അന്വേഷണത്തോട് പൂര്‍ണമായും സഹകരിക്കുമെന്നാണ് പേടിഎം വ്യക്തമാക്കി. വിദേശവിനിമയവുമായി ബന്ധപ്പെട്ട നിയമനങ്ങളിലെ ലംഘനമാണ് പ്രധാനമായും ഇഡി പരിശോധിക്കുന്നത്.

നേരത്തെ റിസര്‍വ് ബാങ്ക് പേടിഎമ്മിന് വിലക്കേര്‍പ്പെടുത്തിയിരുന്നു. ഫെബ്രുവരി 29 ഓടെ പുതിയ നിക്ഷേപങ്ങള്‍ സ്വീകരിക്കുന്നത് അവസാനിപ്പിക്കണമെന്ന് ആര്‍ബിഐ നിര്‍ദേശം നല്‍കിയിരിക്കുന്നത്. കള്ളപ്പണം വെളുപ്പിക്കല്‍ ഉള്‍പ്പടെയുള്ള കുറ്റകൃത്യങ്ങള്‍ക്കായി പേടിഎം പ്ലാറ്റ്‌ഫോമും പേടിഎം പേമെന്റ്‌സ് ബാങ്കും ഉപയോഗിക്കപ്പെട്ടുവെന്നാണ് ആര്‍ബിഐ വിലയിരുത്തുന്നത്.

കെവൈസി മാനദണ്ഡങ്ങള്‍ പാലിക്കാത്ത ലക്ഷക്കണക്കിന് ഇടപാടുകള്‍ വിജയ് ശേഖര്‍ വര്‍മ നേതൃത്വം നല്‍കുന്ന പേമെന്റ് ബാങ്കില്‍ കണ്ടെത്തിയിട്ടുണ്ട്. ആയിരക്കണക്കിന് കേസുകളില്‍ ഒന്നിലധികം അക്കൗണ്ടുകള്‍ തുറക്കുന്നതിന് ഒറ്റ പാന്‍ ഉപയോഗിച്ചിട്ടുണ്ടെന്നും ആര്‍ബിഐ വെളിപ്പെടുത്തുന്നു.

ഫെബ്രുവരി 29 വരെ ഉപഭോക്താക്കള്‍ക്ക് അവരുടെ നിലവിലുള്ള നിക്ഷേപങ്ങള്‍ ആക്സസ് ചെയ്യാനും അവരുടെ വാലറ്റില്‍ സൂക്ഷിച്ചിരിക്കുന്ന പണം ഉപയോഗിച്ച് സേവനങ്ങള്‍ക്കായി പണമടയ്ക്കാനും കഴിയും. ആര്‍ബിഐ വഴങ്ങിയില്ലെങ്കില്‍, പേടിഎം വാലറ്റ് വഴിയുള്ള ഇടപാടുകള്‍ തുടര്‍ന്ന് സാധ്യമാകില്ല.

എന്നാല്‍ പേടിഎം ഉപഭോക്താക്കള്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് സ്ഥാപകന്‍ വിജയ് ശേഖര്‍ പ്രതികരിച്ചിരുന്നു. അതേസമയം ആര്‍ബിഐയുടെ വിലക്കിന് പിന്നാലെ പേടിഎമ്മിന്റെ 55 ശതമാനം വിപണിമൂല്യമാണ് ഇടിഞ്ഞത്. ഓഹരിയിലും പത്ത് ശതമാനത്തോളം ഇടിവുണ്ടായിരുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow