പാകിസ്ഥാനിലെ ഭീകരകേന്ദ്രങ്ങൾക്ക് നേരെ ഇറാന്റെ വ്യോമാക്രമണം

Jan 17, 2024 - 18:55
 0
പാകിസ്ഥാനിലെ ഭീകരകേന്ദ്രങ്ങൾക്ക് നേരെ ഇറാന്റെ വ്യോമാക്രമണം

പാകിസ്ഥാനിലെ തീവ്രവാദ കേന്ദ്രങ്ങളിൽ ഇറാന്റെ ആക്രമണം. തീവ്രവാദ സംഘടനയായ ജെയ്ഷ് അൽ - അദ്ൽ (Jaish al- Adl) താവളമെന്ന് ചൂണ്ടിക്കാട്ടിയാണ് ചൊവ്വാഴ്ച ഇറാൻ ആക്രമണം നടത്തിയത്. ആണവായുധങ്ങളുടെ ശേഖരമുള്ള പാകിസ്ഥാന്റെ അതിർത്തികളിൽ പ്രവർത്തിക്കുന്ന സുന്നി തീവ്രവാദ സംഘടനയായ ജെയ്ഷ് അൽ അദ്ലിന്റെ കേന്ദ്രങ്ങളിൽ ഇറാൻ ആക്രമണം നടത്തിയതായി സർക്കാർ മാധ്യമ ഏജൻസിയായ ഐആർഎൻഎ (IRNA)റിപ്പോർട്ട് ചെയ്തു. ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ചായിരുന്നു ആക്രമണമെന്നാണ് വിവരം. ഇറാന്റെ ആക്രമണത്തിൽ രണ്ട് കുട്ടികൾ മരിക്കുകയും മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി പാകിസ്ഥാൻ വിദേശ കാര്യ മന്ത്രാലയം അറിയിച്ചു.

ഇറാഖിലെ കുർദിഷ് മേഖലയിൽ ഇർബിൽ (Irbil) നഗരത്തിലെ അമേരിക്കൻ കോൺസുലേറ്റിന് സമീപത്തായി ഇറാൻ തിങ്കളാഴ്ച ആക്രമണം നടത്തിയിരുന്നു. ഇസ്രായേലിന്റെ ചാര സംഘടന ഇവിടെ പ്രവർത്തിച്ചിരുന്നതായാണ് ഇറാൻ നൽകുന്ന വിശദീകരണം. ആക്രമണത്തിൽ സാധാരണക്കാർ ഉൾപ്പെടെ കൊല്ലപ്പെട്ടിരുന്നു.

ഒരു സുന്നി സലഫി വിഘടനവാദ സംഘടനയായ (Sunni Salafi Militant Organization ) ജെയ്ഷ് അൽ അദ്ൽ ഇറാനിലെ തെക്കുകിഴക്കൻ മേഖല കേന്ദ്രമാക്കി പ്രവർത്തനം നടത്തിയിരുന്നു. പാകിസ്ഥാനുമായി അതിർത്തി പങ്കിടുന്ന ബലൂചിസ്ഥാൻ മേഖലയിലും ഇവരുടെ സ്വാധീനം ഉണ്ടായിരുന്നു. 2012 ൽ രൂപീകൃതമായ ഈ സംഘടനയെ ടെഹ്റാൻ (Tehran) ഒരു തീവ്രവാദ സംഘടനയായി പ്രഖ്യാപിച്ചിരുന്നു. ഇറാന്റെ സുരക്ഷാ സേനകൾക്ക് നേരെ ജെയ്ഷ് അൽ അദ്ൽ നിരവധി ആക്രമണങ്ങൾ നടത്തിയിരുന്നു.

ആക്രമണത്തെത്തുടർന്ന് ഇസ്ലാമാബാദിൽ പ്രവർത്തിക്കുന്ന ടെഹ്റാൻ നയതന്ത്രജ്ഞനെ വിളിച്ചുവരുത്തി പാകിസ്ഥാൻ പ്രതിഷേധം അറിയിച്ചു. പ്രകോപനമില്ലാതെ തങ്ങളുടെ വ്യോമാതിർത്തി ലംഘിച്ചത് നിയമവിരുദ്ധമായ പ്രവർത്തനമാണെന്നും പാകിസ്ഥാൻ ആരോപിച്ചു. ഇറാനും പാകിസ്ഥാനുമായി 1000 കിലോമീറ്ററോളം അതിർത്തി പങ്കിടുന്ന ബലൂചിസ്ഥാൻ മേഖലയിലാണ് ആക്രമണം നടന്നതെന്നാണ് വിവരം.

ഇറാന്റെ നടപടി അസ്വീകാര്യവും ഗുരുതരമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്നവയുമാണെന്നും, നിരപരാധികളായ രണ്ട് കുട്ടികൾ മരിച്ചുവെന്നും പാകിസ്ഥാൻ വിദേശ കാര്യ മന്ത്രാലയം അറിയിച്ചു. കൂടാതെ ഇറാനും പാകിസ്ഥാനുമായി നല്ല ബന്ധം നിലനിൽക്കുന്ന സാഹചര്യത്തിൽ നടന്ന ഈ ആക്രമണം ഗൗരവമുള്ളതാണെന്നും, തീവ്രവാദം എല്ലാ രാജ്യങ്ങൾക്കും ഭീഷണിയാണെന്ന നിലപാടാണ് പാകിസ്ഥാൻ മുൻപും സ്വീകരിച്ചിട്ടുള്ളതെന്നും വിദേശ കാര്യ മന്ത്രാലയം വ്യക്തമാക്കി.

What's Your Reaction?

like

dislike

love

funny

angry

sad

wow