റോക്കറ്റ് ലോഞ്ചര്‍ ഉള്‍പ്പെടെയുള്ള മാരകായുധങ്ങളുമായി പരേഡ്; മണിപ്പൂരില്‍ നിന്നുള്ള വീഡിയോ

Jan 3, 2024 - 05:12
 0
റോക്കറ്റ് ലോഞ്ചര്‍ ഉള്‍പ്പെടെയുള്ള മാരകായുധങ്ങളുമായി പരേഡ്; മണിപ്പൂരില്‍ നിന്നുള്ള വീഡിയോ

മണിപ്പൂരില്‍ കഴിഞ്ഞ ദിവസം നടന്ന സംഘര്‍ഷത്തിന് പിന്നാലെ റോക്കറ്റ് ലോഞ്ചര്‍ ഉള്‍പ്പെടെയുള്ള മാരകായുധങ്ങളുമായി തീവ്ര മെയ്തി വിഭാഗത്തിന്റെ പരേഡ്. മെഷീന്‍ ഗണ്ണുകള്‍ ഉള്‍പ്പെടെ അത്യാധുനിക ആയുധങ്ങളുമായി സൈനിക യൂണിഫോമില്‍ തുറന്ന വാഹനത്തില്‍ ഒരു സംഘം യാത്ര ചെയ്യുന്നതിന്റെ ദൃശ്യങ്ങളാണ് സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.

മെയ്തിയിലെ തീവ്രവിഭാഗമായ അരംഭയ് തെങ്കോലിലെ അംഗങ്ങളാണ് പരേഡ് നടത്തിയതെന്നാണ് റിപ്പോര്‍ട്ട്. ഇംഫാല്‍ താഴ്‌വരയില്‍ ചൊവ്വാഴ്ച രാവിലെയാണ് സംഭവം നടന്നത്. അത്യാധുനിക ആയുധങ്ങള്‍ ഇവരുടെ പക്കല്‍ എങ്ങനെ എത്തിയെന്നതില്‍ വ്യക്തതയില്ല. മ്യാന്‍മാറില്‍ നിന്നും ബംഗ്ലാദേശില്‍ നിന്നും ആയുധങ്ങള്‍ എത്തുന്നതായി ഇന്റലിജന്‍സ് നേരത്തെ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

കഴിഞ്ഞ ദിവസം വൈകിട്ട് നടന്ന വെടിവെയ്പ്പില്‍ നാല് പേര്‍ കൊല്ലപ്പെട്ടിരുന്നു. 14 പേര്‍ക്ക് സംഭവത്തില്‍ പരിക്കേറ്റു. തൗബാല്‍ ജില്ലയിലെ ലിലോങ് മേഖലയിലാണ് അക്രമം അരങ്ങേറിയത്. പൊലീസ് വേഷം ധരിച്ച് നാല് വാഹനങ്ങളിലായെത്തിയ സംഘം ജനങ്ങള്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു.

ആക്രമണത്തിന് പിന്നാലെ നാട്ടുകാര്‍ അക്രമികളുടെ വാഹനങ്ങള്‍ക്ക് തീയിട്ടു. വെടിവെയ്പ്പിനെ തുടര്‍ന്ന് പ്രദേശത്ത് കൂടുതല്‍ സേനകളെ വിന്യസിച്ചിട്ടുണ്ട്. ആക്രമണത്തിന് പിന്നാലെ സംഘര്‍ഷ മേഖലയില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു. മണിപ്പൂരിന്റെ താഴ്വാര ജില്ലകളായ തൗബാല്‍, ഇംഫാല്‍ ഈസ്റ്റ്, ഇംഫാല്‍ വെസ്റ്റ്, കാക്കിംഗ്, ബിഷ്ണുപൂര്‍ എന്നിവിടങ്ങളിലാണ് കര്‍ഫ്യൂ ഏര്‍പ്പെടുത്തിയത്.

വെടിവെയ്പ്പില്‍ പരിക്കേറ്റ ഒരാളുടെ നില ഗുരുതരമാണ്. ജനങ്ങള്‍ സമാധാനം പാലിക്കണമെന്ന് മുഖ്യമന്ത്രി എന്‍ ബീരേന്‍ സിങ് അറിയിച്ചു. ആളുകള്‍ വീടിന് പുറത്തിറങ്ങരുതെന്ന് കര്‍ശന നിര്‍ദ്ദേശമുണ്ട്. പ്രതികളെ ഉടന്‍ പിടികൂടുമെന്ന് പൊലീസ് അറിയിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow