കോഴിക്കോട് മെഡിക്കല്‍കോളേജ് ഐസിയു പീഡനപരാതി കൈകാര്യം ചെയ്തതില്‍ വീഴ്ച ,രണ്ട് പേര്‍ക്കെതിരെ വകുപ്പ് തല നടപടി
മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഐസിയു പീഡനക്കേസില്‍ ചീഫ് നഴ്സിങ്ങ് ഓഫീസര്‍, നഴ്സിങ്ങ് സൂപ്രണ്ട് എന്നിവരെ സ്ഥലം മാറ്റി. ഡിഎംഇ യുടെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ കോളേജ് സൂപ്രണ്ടാണ് അച്ചടക്ക നടപടി സ്വീകരിച്ചത്.
ചീഫ് നഴ്സിങ്ങ് ഓഫീസര്‍ സുമതി, നഴ്സിങ്ങ് സൂപ്രണ്ട് ബെറ്റി ആന്‍റണി എന്നിവര്‍ക്കെതിരെയാണ് നടപടി. സുമതിയെ തിരുവന്തപുരം എസ്എടി ആശുപത്രിയിലേക്കും ബെറ്റി ആന്‍റണിയെ കോന്നിയിലേക്കും സ്ഥലം മാറ്റി.പരാതി കൈകാര്യം ചെയ്തതില്‍ ഇരുവര്‍ക്കും വീഴ്ച പറ്റിയതായി അന്വേഷണത്തില്‍ കണ്ടെത്തി. ഇതേ തുടര്‍ന്നാണ് നടപടി.അതിജീവിതക്കായി നഴ്സ് അനിത ഇവര്‍ മുഖേനയാണ് പരാതി നല്‍കിയത്. ഈ പരാതിയില്‍ വേണ്ട രീതിയില്‍ ഇരുവരും നടപടി എടുത്തില്ലെന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.
പീഢനക്കെസിലെ മുഖ്യപ്രതി അറ്റന്‍ഡര്‍ ശശീന്ദ്രനെതിരെ നേരത്തെ പൊലീസ് കുറ്റപത്രം നല്‍കിയതാണ്.അതിജീവിതയെ ഭീഷണിപ്പെടുത്തിയെന്ന കേസില്‍ അഞ്ച് പേരെ പ്രതികളാക്കി മറ്റൊരു കേസും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതിലും പൊലീസ് കുറ്റപത്രം നല്‍കി.സംഭവം അന്വേഷിക്കാന്‍ നിയോഗിച്ച ഡോക്ടര്‍ തന്‍റെ മൊഴി തിരുത്തിയെന്ന പരാതിയില്‍ അതിജീവിത പുനരന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നല്‍കി. പരാതി എഡിജിപിയുടെ പരിഗണനയിലാണ്.മുഖ്യ പ്രതി ശശീന്ദ്രന്‍റെ സസ്പെന്‍ഷന്‍ വീണ്ടും നീട്ടിയിട്ടുമുണ്ട്. മറ്റ് നാല് പ്രതികളേയും നേരത്തെ തന്നെ സ്ഥലം മാറ്റുകയും ചെയ്തിരുന്നു.
അതിജീവിതക്ക് അനുകൂല നിലപാടെടുത്ത നഴ്സ് അനിതയെ സ്ഥലം മാറ്റിയ നടപടി വിവാദമായിരുന്നു. സ്ഥലം മാറ്റിയ നടപടി പിന്നീട് ട്രൈബ്യൂണല്‍ തടഞ്ഞു. തൈറോയ്ഡ് ശസ്ത്രക്രിയ കഴിഞ്ഞ് ഐസിയുവിലേക്ക് മാറ്റിയ യുവതിയെ അറ്റൻഡർ ശശീന്ദ്രൻ പീഡിപ്പിച്ചന്നാണ് കേസ്. കഴിഞ്ഞ വര്‍ഷം മാര്‍ച്ച് പതിനെട്ടിനായിരുന്നു കേസിനാസ്പദമായ സംഭവം
What's Your Reaction?