കോഴിക്കോട് - മസ്ക്കറ്റ് വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് കരിപ്പൂരിൽ തിരിച്ചിറക്കി; 162 യാത്രക്കാർ
കരിപ്പൂർ വിമാനത്താവളത്തില്‍ നിന്ന് മസ്ക്കറ്റിലേക്ക് പുറപ്പെട്ട വിമാനം തിരിച്ചിറക്കി. മസ്ക്കറ്റിലേക്കു പോയ ഡബ്ല്യുവൈ 298 വിമാനമാണ് സാങ്കേതിക തകരാറിനെ തുടർന്ന് തിരിച്ചിറക്കിയത്. രാവിലെ 9.16ന് കോഴിക്കോട് നിന്ന് പുറപ്പെട്ട വിമാനമാണിത്. വിമാനത്തിൽ 162 യാത്രക്കാരുണ്ട്.
ഒമാന്‍ എയര്‍വേയ്സിന്റെ വിമാനമാണ് തിരിച്ചിറക്കിയത്. ഇന്ധനം കത്തിച്ചു തീര്‍ക്കാനായി കരിപ്പൂര്‍ വിമാനത്താവളത്തിനു മുകളില്‍ ഒരു മണിക്കൂർ കറങ്ങിയതിനു ശേഷമാണ് വിമാനം തിരിച്ചിറക്കിയത്.
ബഹ്റൈനിൽനിന്ന് തിരുവനന്തപുരത്തേക്കുള്ള എയർഇന്ത്യ എക്സ്പ്രസ് സർവിസ് വൈകിയതിനെ തുടർന്ന് യാത്രക്കാർ വലഞ്ഞു. ഞായറാഴ്ച രാത്രി 9.42ന് പുറപ്പെടേണ്ടിയിരുന്ന വിമാനം തിങ്കളാഴ്ച പുലർച്ചെ 5.40നാണ് പുറപ്പെട്ടത്. തിരുവനന്തപുരത്തുനിന്നും എത്തേണ്ട വിമാനം വൈകിയതാണ് കാരണം. സാങ്കേതികത്തകരാറിനെ തുടർന്നാണ് തിരുവനന്തപുരത്തുനിന്നുമുള്ള സർവിസ് വൈകിയത്. ഞായറാഴ്ച രാത്രി 8.30ന് എത്തേണ്ടതായിരുന്നു വിമാനം.
തിരുവനന്തപുരത്തുനിന്നും വിമാനം പുറപ്പെടാതിരുന്നതിനാൽ ബഹ്റൈനിൽ നേരത്തെ എത്തിയ യാത്രക്കാർക്ക് ബോർഡിങ് പാസ് നൽകിയില്ല. വിമാനം വൈകുമെന്ന് ഇ-മെയിൽ വഴിയും ഫോൺ വഴിയും യാത്രക്കാർക്ക് അറിയിപ്പ് നൽകിയിരുന്നു. എന്നാൽ, ഇതറിയാതെ നിരവധി യാത്രക്കാർ നേരത്തെതന്നെ വിമാനത്താവളത്തിലെത്തിയിരുന്നു.
What's Your Reaction?