Moolam Boat race live | നടുഭാഗം ചുണ്ടന് രാജപ്രമുഖൻ ട്രോഫി
സംസ്ഥാനത്ത് വള്ളംകളി സീസണിന് തുടക്കമിട്ടുള്ള ചമ്പക്കുളം മൂലം ജലോത്സവത്തിൽ നടുഭാഗം ചുണ്ടൻ ജേതാക്കളായി. രാജപ്രമുഖൻ ട്രോഫിയ്ക്കുവേണ്ടിയുള്ള പോരാട്ടത്തിൽ ചെറുതനയെയും ആയാപറമ്പ് വലിയൻദിവാൻജിയെയാണ് പരാജയപ്പെടുത്തിയത്. രണ്ട് വള്ളപ്പാടിനാണ് നടുഭാഗം വിജയിച്ചത്.
നേരത്തെ വനിതകളുടെ കളിവള്ളം മറിഞ്ഞ് അപകടമുണ്ടായിരുന്നു. വള്ളത്തിലുണ്ടായിരുന്നവരെ ചമ്പക്കളം സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നൽകി. വള്ളത്തിലുണ്ടായിരുന്ന 26 പേരും സുരക്ഷിതരാണെന്ന് അറിയിച്ചിരുന്നു.
ഹീറ്റ്സ് മത്സരത്തിലെ ആദ്യ പോരാട്ടത്തൽ ആയാപറമ്പ് ബോട്ട് ക്ലബ് തുഴഞ്ഞ ആയാപറമ്പ് വലിയ ദിവാൻജി വിജയിച്ചു. കേരള പൊലീസ് തുഴഞ്ഞ ജവഹർ തായങ്കരിയെയാണ് അവർ തോൽപ്പിച്ചത്. രണ്ടാം ഹീറ്റ്സിൽ ചെറുതന ചുണ്ടനും മൂന്നാം ഹീറ്റ്സിൽ നടുഭാഗം ചുണ്ടനും വിജയിച്ചു.
ചമ്പക്കുളത്താറ്റിൽ നടക്കുന്ന ആവേശപ്പോരാട്ടത്തിനാണ് തുടക്കമായത്. ആലപ്പുഴ കളക്ടർ ഹരിത വി കുമാർ പതാക ഉയർത്തിയതോടെയാണ് ഉദ്ഘാടനം ചടങ്ങ് ആരംഭിച്ചത്. വള്ളംകളി കൃഷിമന്ത്രി പി പ്രസാദാണ് ഉദ്ഘാടനം ചെയ്തത്. ഇന്ന് രാവിലെ 11.30ന് മഠത്തിൽ ക്ഷേത്രത്തിലും മാപ്പിളശേരി തറവാട്ടിലും തിരുവിതാംകൂർ ദേവസ്വം അധികൃതർ ചടങ്ങുകൾ നടത്തിയിരുന്നു. ഉദ്ഘാടന ചടങ്ങിൽ തോമസ് കെ തോമസ് എംഎൽഎ അധ്യക്ഷനായി.
What's Your Reaction?