നെടുമ്പാശേരി വിമാനത്താവളത്തിൽ ബോംബ് ഭീഷണി മുഴക്കിയ യുവാവ് അറസ്റ്റിൽ
നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ബോംബ് ഭീഷണി മുഴക്കിയ യുവാവ് അറസ്റ്റിൽ. കഴിഞ്ഞ ദിവസം എയർ അറേബ്യ വിമാനത്തിൽ പോകാനെത്തിയ അബ്ദുല്ല മുസബ് മുഹമ്മദ് അലി എന്നയാളാണ് വിമാനത്താവളത്തിൽ എത്തി ഭീഷണി ഉയർത്തിയത്.
വിമാനത്താവളത്തിൽ ചെക്ക് ഇൻ ചെയ്യാൻ എത്തിയപ്പോൾ ബാഗേജിൽ ബോംബുണ്ടെന്ന് പറഞ്ഞ് ഇയാൾ ബഹളം വെക്കുകയായിരുന്നു. ഇതോടെ ഇയാളെ സി.ഐ. എസ്.എഫ് കസ്റ്റഡിയിലെടുത്ത് ബാഗ് പരിശോധിച്ചു. എന്നാൽ പരിശോധനയിൽ അസ്വാഭാവികമായി ഒന്നും കണ്ടെത്താനായില്ല. ബോംബ് ഭീഷണി വ്യാജമാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തു. തുടർന്ന് വിമാനത്തിലും സുരക്ഷാ പരിശോധന നടത്തി. വ്യാജഭീഷണി മുഴക്കിയ അബ്ദുല്ലയെ പൊലീസിന് കൈമാറിയിട്ടുണ്ട്.
എന്തിനാണ് അബ്ദുല്ല മുസബ് മുഹമ്മദ് അലി ബോംബ് ഭീഷണി മുഴക്കിയതെന്ന് വ്യക്തമല്ല. ഇയാളെ വിശദമായി ചോദ്യം ചെയ്യുമെന്ന് പൊലീസ് അറിയിച്ചു. അബ്ദുല്ല മുസബ് മുഹമ്മദ് അലിയ്ക്ക് മാനസികപ്രശ്നങ്ങളുണ്ടോയെന്നും പരിശോധിക്കും.
നെടുമ്പാശേരി വിമാനത്താവളത്തിലുണ്ടായ മറ്റൊരു സംഭവത്തിൽ കഴിഞ്ഞ ദിവസം വിമാനത്തിനുള്ളിൽ ഒളിപ്പിച്ച നിലയിൽ 83 ലക്ഷം രൂപയുടെ സ്വർണം കസ്റ്റംസ് പിടികൂടിയിരുന്നു. 1721 ഗ്രാം സ്വർണമാണ് കണ്ടെടുത്തത്. രണ്ട് പാക്കറ്റുകളിലായി പേസ്റ്റ് രൂപത്തിലാക്കിയാണ് വിമാന യാത്രക്കാർക്കായി വച്ചിരുന്ന മാഗസിനുള്ളിൽ സ്വർണം ഒളിപ്പിച്ചിരുന്നത്. അബുദാബിയിൽ നിന്നുള്ള ഇൻഡിഗോ വിമാനത്തിൽ നിന്നാണ് സ്വർണം കണ്ടെടുത്തത്.
What's Your Reaction?