ഷോ കാണിക്കാൻ പോയതല്ല; ദുഃഖത്തിൽ ഇരിക്കുന്നവർ വൈകാരികമായി പ്രതികരിക്കുന്നത് സ്വാഭാവികം: പെരുമാതുറ സംഘർഷത്തിൽ ഫാ. യുജിൻ പെരേര
സർക്കാരിനെതിരെ ലത്തീൻ അതിരൂപത വികാരി ജനറൽ യൂജിൻ പെരേര. സത്യം വിളിച്ചു പറയുന്നവരെ നിശബ്ദരാക്കുക എന്നതാണ് രീതിയെന്നും കേസ് നിയമപരമായി നേരിടുമെന്നും യുജിൻ പെരേര പറഞ്ഞു. ദുഃഖത്തിൽ ഇരിക്കുന്നവർ വൈകാരികമായി പ്രതികരിക്കുന്നത് സ്വാഭാവികമാണ്. താൻ ഷോ കാണിക്കാൻ പോയതല്ലെന്നും മന്ത്രി തന്നോട് പറഞ്ഞത് ഷോ കാണിക്കരുതെന്നാണെന്നും അദ്ദേഹം പറഞ്ഞു.
ഇടവേളയ്ക്കുശേഷം സർക്കാരും ലത്തീൻ സഭയും തുറന്ന പോരിലേക്ക് നീങ്ങുകയാണ്. പെരുമാതുറയിൽ മന്ത്രിമാരെ തടഞ്ഞതിന് യുജിൻ പെരേര അടക്കമുള്ളവർക്കെതിരെയാണ് സർക്കാർ കേസെടുത്തിരിക്കുന്നത്. ഇതോടെ വിഴിഞ്ഞം സമരത്തിന് ശേഷം സഭക്കെതിരെ സർക്കാർ നിലപാട് കടുപ്പിക്കുകയാണ്.
മത്സ്യബന്ധന വള്ളം മറിഞ്ഞ് അപകടമുണ്ടായ മുതലപ്പൊഴി സന്ദർശിച്ച മന്ത്രിമാരെ നാട്ടുകാർ തടഞ്ഞ് പ്രതിഷേധിച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കം. തിരുവനന്തപുരം ജില്ലയിൽനിന്നുള്ള മന്ത്രിമാരായ വി ശിവൻകുട്ടി, ആന്‍റണി രാജു, ജി ആർ അനിൽ എന്നിവരാണ് സ്ഥലം സന്ദർശിച്ചത്. മുതലപ്പൊഴിയിൽ വള്ളം മറിഞ്ഞു കാണാതായ മൂന്നുപേർക്കായി തെരച്ചിൽ പുരോഗമിക്കുന്നതിനിടെയാണ് മന്ത്രിമാർ സ്ഥലത്തെത്തിയത്. മന്ത്രിമാരെ തടഞ്ഞ് നാട്ടുകാരും രംഗത്തെത്തി.
ഫാദർ യൂജിൻ പെരേരക്കെതിരെയും മന്ത്രി വി.ശിവൻകുട്ടി പ്രതികരിച്ചു. മന്ത്രിമാർ അടങ്ങുന്ന സംഘത്തെ പ്രകോപിപ്പിക്കാൻ ശ്രമിച്ചത് യൂജിൻ പെരേരയാണെന്നാണ് ശിവൻകുട്ടി പറഞ്ഞത്. നാട്ടുകാർ പക്ഷെ ഫാദർ യൂജിന്റെ നിർദേശങ്ങൾ അവഗണിച്ചു. ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പ് ഡോ.തോമസ് ജെ നെറ്റോ എല്ലാത്തിനും സാക്ഷിയാണ്. വിഴിഞ്ഞം സമരത്തിന്റെ പേരിലെ കലാപ നീക്കങ്ങൾക്ക് നേതൃത്വം നൽകിയതും ഫാദർ യൂജിനാണെന്നും ശിവൻകുട്ടി കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
മന്ത്രിമാരെ തടയാൻ നേതൃത്വം കൊടുത്തതും കലാപാഹ്വാനം നടത്തിയതും വികാരി ജനറല്‍ ഫാ. യൂജിന്‍ പെരേരയാണെന്നാണ് മന്ത്രി ശിവൻകുട്ടി ആരോപിച്ചത്. പിന്നാലെ വൈദികനെതിരെ കേസുമെടുത്തിരുന്നു.അതേസമയം, മുതലപ്പൊഴിയിൽ വള്ളം മറിഞ്ഞ് കാണാതായ മൂന്ന് മത്സ്യത്തൊഴിലാളികൾക്കായി ഇന്നും തെരച്ചിൽ തുടരും. കാണാതായ നാലു പേരിൽ ഒരാളുടെ മൃതദേഹം കണ്ടെടുത്തിരുന്നു. സബ് കളക്ടർ അശ്വതി ശ്രീനിവാസ് സ്ഥലത്തുണ്ട്. മത്സ്യതൊഴിലാളികളും മറൈൻ എൻഫോഴ്സ്മെന്നും കോസ്റ്റൽ പോലീസും തിരച്ചിലിനുണ്ട്.
What's Your Reaction?