'പറയാനുള്ളതെല്ലാം ഫെയ്സ്ബുക്കിൽ പറഞ്ഞു'; കൈതോലപ്പായ വിവാദത്തിൽ മൊഴി നൽകാനെത്തി ദേശാഭിമാനി മുൻ അസോഷ്യേറ്റ് എഡിറ്റർ ജി ശക്തിധരൻ
കൈതോല പായയിൽ പൊതിഞ്ഞ് രണ്ടു കോടിയിലധികം രൂപ മുതിർന്ന സിപിഎം നേതാവ് കടത്തി എന്ന ആരോപണത്തിൽ മൊഴി നൽകാനെത്തി ദേശാഭിമാനി മുൻ അസോഷ്യേറ്റ് എഡിറ്റർ ജി ശക്തിധരൻ. ബെന്നി ബെഹന്നാന്റെ പരാതിയിലാണ് തിരുവനന്തപുരം കന്റോൺമെന്റ് അസിസ്റ്റന്റ് കമ്മിഷണറുടെ നേതൃത്വത്തിലാണ് മൊഴി രേഖപ്പെടുത്തിയത്.
എന്നാൽ, വെളിപ്പെടുത്തലിൽ, വ്യക്തമായ മൊഴി ശക്തിധരൻ നൽകിയില്ല. പണം കടത്തിയെന്ന് ആരോപിച്ച നേതാക്കളുടെ പേര് പൊലീസിനോട് വെളിപ്പെടുത്തിയില്ല. പറയാനുളളതെല്ലാം ഫേസ് ബുക്കിൽ പറഞ്ഞന്നും കൂടുതൽ പറയാനില്ലന്നുമാണ് അദ്ദേഹത്തിന്റെ നിലപാട്.
ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു കൈതോലപ്പായയിൽ പൊതിഞ്ഞ് രണ്ട് കോടി രൂപ ഉന്നത സിപിഎം നേതാവ് കൈപ്പറ്റിയെന്ന് ശക്തിധരൻ ആരോപിച്ചത്. ഭരണത്തിലെ ഒരു ഉന്നതൻ വാങ്ങിയ കൈക്കൂലി എണ്ണിത്തിട്ടപ്പെടുത്താൻ താൻ സഹായിച്ചുവെന്നും ശക്തിധരൻ വെളിപ്പെടുത്തിയിരുന്നു. ഈ പണം എറണാകുളത്ത് നിന്ന് കൈതോല പായയിൽ പൊതിഞ്ഞ് രാത്രിയിൽ ഇന്നോവ കാറിന്റെ ഡിക്കിയിൽ ഇട്ട് കൊണ്ടുപോയി. നിലവിൽ മന്ത്രിസഭയിൽ അംഗമായ ഒരാളും കാറിലുണ്ടായിരുന്നുവെന്നും മറ്റൊരവസരത്തിൽ കോവളത്തെ ഒരു ഹോട്ടലിൽ വച്ച് പത്ത് ലക്ഷം രൂപയുടെ രണ്ടു കെട്ടുകൾ ഉന്നതൻ കൈപ്പറ്റിയെന്നും ശക്തിധരൻ ആരോപിച്ചിരുന്നു.
ആരോപണത്തിൽ അന്വേഷണം വേണമെന്നാവശ്യപ്പെട്ടാണ് ബെന്നി ബെഹനാൻ പരാതി നൽകിയത്.
What's Your Reaction?