ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദിന് നേരെ ആക്രമണം; വയറ്റിൽ വെടിയേറ്റു
ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദിനു നേരെ ആക്രമണം. ഉത്തർപ്രദേശിലെ സഹരൻപൂർ ജില്ലയിൽ ബുധനാഴ്ച്ച വൈകിട്ടാണ് സംഭവം. ആസാദിന്റെ വാഹത്തിനു നേരെ ഹരിയാന രജിസ്ട്രേഷനിലുള്ള വാഹനത്തിലെത്തിയ സംഘം വെടിയുതിർക്കുകയായിരുന്നു. വയറിനു വെടിയേറ്റ ആസാദിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
സംഭവത്തെ കുറിച്ച് തനിക്ക് കൃത്യമായ ഓർമയില്ലെന്നും എന്നാൽ കൂടെയുണ്ടായിരുന്നവർ അക്രമികളെ തിരിച്ചറിഞ്ഞതായും ചന്ദ്രശേഖർ ആസാദ് പ്രതികരിച്ചു. ഇളയ സഹോദരനടക്കം അഞ്ച് പേരാണ് ആസാദിന്റെ കാറിലുണ്ടായിരുന്നത്. മുൻ സീറ്റിലാണ് ആസാദ് ഇരുന്നത്. സഹരൻപൂർ ഭാഗത്തേക്കാണ് അക്രമികളുടെ വാഹനം പോയത്.
കാറിലെത്തിയ അക്രമികൾ ആസാദിന്റെ കാറിന്റെ വലതു ഭാഗത്തു നിന്നാണ് വെടിവെച്ചതെന്നും അദ്ദേഹത്തിന്റെ അടിവയറ്റിന് വെടിയേറ്റതായും പൊലീസ് സൂപ്രണ്ട് അഭിമന്യു മംഗ്ലിക് മാധ്യമങ്ങളോട് പറഞ്ഞത്. പരിക്ക് സാരമുള്ളതല്ലെന്നാണ് റിപ്പോർട്ടുകൾ. അദ്ദേഹം ആരോഗ്യനില തരണം ചെയ്തതായി ചികിത്സിച്ച ഡോക്ടർ അറിയിച്ചു.
സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ചന്ദ്രശേഖർ ആസാദിനു നേരെയുണ്ടായ ആക്രമണത്തെ അപലപിച്ച് രാഷ്ട്രീയ ലോക് ദൾ രംഗത്തെത്തി. ഉത്തർപ്രദേശിൽ നിലനിൽക്കുന്ന അരാജകത്വത്തിന്റെയും ബിജെപി സർക്കാരിന്റെ ക്രമസമാധാന പരാജയത്തിന്റെയും തെളിവാണിതെന്ന് ആർഎൽഡി ട്വീറ്റിൽ പറഞ്ഞു. ചന്ദ്രശേഖർ ആസാദിന് സുരക്ഷ ഒരുക്കണമെന്നും ആർഎൽഡി ആവശ്യപ്പെട്ടു.
What's Your Reaction?