രാജസ്ഥാനെ നയിച്ച് ജയ്‌സ്വാൾ

നിർണായക ഐപിഎൽ മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ ഒൻപതു വിക്കറ്റിനാണ് രാജസ്ഥാൻ റോയൽസ് വിജയിച്ചത്
ഐപിഎലിലെ വേഗമേറിയ അർധസെഞ്ചറി തികച്ച യശ്വസി ജയ്‌സ്വാൾ (47 പന്തിൽ 98*), ക്യാപ്റ്റൻ സഞ്ജു സാംസൺ (29 പന്തിൽ 48*) എന്നിവരാണ് രാജസ്ഥാന് തകർപ്പൻ ജയം സമ്മാനിച്ചത്. കൊൽക്കത്ത ഉയർത്തിയ 150 റൺസ് വിജയലക്ഷ്യം 41 പന്തുകളും ഒൻപത് വിക്കറ്റുകളും ബാക്കിയാക്കിയാണ് രാജസ്ഥാൻ മറികടന്നത്. ജയത്തോടെ പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തേയ്ക്ക് കയറിയ രാജസ്ഥാൻ റോയൽസ് പ്ലേഓഫ് സാധ്യതകളും സജീവമാക്കി.
മറുപടി ബാറ്റിങ്ങിൽ, ആദ്യ പന്തിൽ തന്നെ സിക്സറടിച്ച് തുടങ്ങിയ ഓപ്പണർ യശ്വസി ജയ്‌സ്വാൾ പിന്നീട് ഇന്നിങ്സിൽ ഒരിക്കൽ പോലും ‘ഗിയർ’ മാറ്റിയില്ല. ആദ്യ ഓവറിൽ രണ്ടു സിക്സും മൂന്നു ഫോറും സഹിതം 26 റൺസാണ് ജയ്‌സ്വാൾ അടിച്ചുകൂട്ടിയത്. ഐപിഎലിൽ ആദ്യ ഓവറിൽ നേടുന്ന ഏറ്റവും ഉയർന്ന രണ്ടാമത്തെ സ്കോറാണിത്. 2011ൽ മുംബൈ ഇന്ത്യൻസിനെതിരെ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ നേടിയ 27 റൺസ് ഒന്നാം സ്ഥാനത്ത്. രണ്ടാം ഓവറിൽ ജോസ് ബട്‌ലർ (പൂജ്യം) റണ്ണൗട്ടായെങ്കിലും രാജസ്ഥാൻ ഇന്നിങ്സിനെ അതു ബാധിച്ചേയില്ല.
മൂന്നാം ഓവറിൽ രാജസ്ഥാൻ സ്കോർ 50 കടന്നു, ഒപ്പം ജയ്‌സ്വാളും. 13 പന്തിൽനിന്നാണ് ജയ്‌സ്വാൾ അർധസഞ്ചെറി തികച്ചത്. ഐപിഎലിലെ ഏറ്റവും വേഗമേറിയ ഫിഫ്റ്റിയാണ് ഇത്. 2018ൽ ഡൽഹിക്കെതിരെ, അന്നു പഞ്ചാബ് താരമായിരുന്ന കെ.എൽ.രാഹുൽ 14 പന്തിൽനിന്നു നേടിയ അർധസെഞ്ചറിയുടെ റെക്കോർഡാണ് 21 വയസ്സുകാരനായ ജയ്‌സ്വാൾ തിരുത്തിയത്.
What's Your Reaction?






