IPL2023|വെടിക്കെട്ടുമായി സഞ്ജുവും ഹെറ്റ്മെയറും; ഗുജറാത്തിനെ വീഴ്ത്തി രാജസ്ഥാൻ
മലയാളിതാരം സഞ്ജു സാംസണിന്‍റെ കരീബിയൻ താരം ഷിമ്രോൺ ഹെറ്റ്മെയറിന്‍റെയും വെടിക്കെട്ട് ബാറ്റിങ് മികവിൽ ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിന് മിന്നുംവിജയം. ഞായറാഴ്ച അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റൻസിനെതിരെ മൂന്ന് വിക്കറ്റിനാണ് രാജസ്ഥാൻ റോയൽസ് ജയിച്ചത്. കഴിഞ്ഞ സീസണിലെ ഫൈനലിലെ ഹൃദയഭേദകമായ തോൽവിക്ക് രാജസ്ഥാൻ ഇതോടെ പകരം ചോദിച്ചു. 60 റൺസ് നേടി സഞ്ജു പുറത്തായെങ്കിലും പുറത്താകാതെ 56 റൺസെടുത്ത് ഹെറ്റ്മെയർ വിജയം കാണുംവരെ ക്രീസിൽ ഉണ്ടായിരുന്നു.
അവസാന ഓവറിൽ റോയൽസിന് ജയിക്കാൻ ഏഴ് റൺസ് വേണമായിരുന്നു. എന്നാൽ നൂർ അഹ്മദ് എറിഞ്ഞ ഓവറിലെ രണ്ടാം പന്തിൽ സിക്സറടിച്ച് ഹെറ്റ്മെയർ രാജസ്ഥാനെ വിജയതീരത്ത് എത്തിക്കുകയായിരുന്നു. 26 പന്തിൽ രണ്ട് ഫോറും അഞ്ച് സിക്സും സഹിതം ഹെറ്റ്മെയർ 56 റൺസുമായി പുറത്താകാതെ നിന്നു.
178 റൺസ് വിജയലക്ഷ്യം പിന്തുടരുമ്പോൾ മികച്ച ഫോമിലുള്ള ഓപ്പണർമാരായ യശസ്വി ജയ്‌സ്വാളിനെയും ജോസ് ബട്ട്‌ലറെയും തുടക്കത്തിലേ നഷ്ടമായത് രാജസ്ഥാൻ റോയൽസ് ആരാധകർക്കിടയിൽ ആശങ്ക പടർത്തി. മത്സരത്തിന്റെ രണ്ടാം ഓവറിൽ ശുഭ്മാൻ ഗിൽ സ്ലിപ്പിൽ ഒരു മികച്ച ക്യാച്ചിലൂടെ യശസ്വിയെ പുറത്താക്കി. ഹാർദിക് പാണ്ഡ്യയ്ക്കായിരുന്നു വിക്കറ്റ്. മൂന്നാം ഓവറിലെ അഞ്ചാം പന്തിൽ ബട്ട്‌ലർ ഒരു റാംപ് ഷോട്ടിന് ശ്രമിക്കുമ്പോൾ മുഹമ്മദ് ഷമിയുടെ പന്തിൽ ക്ലീൻ ബോൾഡ് ആകുകയായിരുന്നു
മൂന്നാം വിക്കറ്റിൽ 43 റൺസിന്റെ നിർണായക കൂട്ടുകെട്ടുമായി ക്യാപ്റ്റൻ സാംസണും ദേവദത്ത് പടിക്കലും റോയൽസിനെ മുന്നോട്ടു നയിച്ചു. എന്നാൽ, പടിക്കലിനെ 26 റൺസിന് പുറത്താക്കി, ടൈറ്റൻസ് താരം റാഷിദ് ഖാൻ ബ്രേക്ക് നൽകി. റിയാൻ പരാഗ് വേഗത്തിൽ പുറത്തായതോടെ രാജസ്ഥാൻ തോൽവിയിലേക്കാണെന്ന് ഏവരും ഉറപ്പിച്ചു. എന്നാൽ ഒരു ഭാഗത്ത് നങ്കൂരമിട്ട സഞ്ജു വി സാംസൺ എന്ന കപ്പിത്താൻ അത്രയെളുപ്പം കീഴടങ്ങാൻ തയ്യാറല്ലായിരുന്നു.
ഷിംറോൺ ഹെറ്റ്മെയറെ കൂട്ടുപിടിച്ച് സഞ്ജു പോരാട്ടം ആരംഭിച്ചു. 27 പന്തിൽ 59 റൺസ് നേടിയ ഇവരുടെ കൂട്ടുകെട്ട് മത്സരഗതി മാറ്റിമറിച്ചു. 60 റൺസെടുത്ത സാംസൺ 3 ഫോറും 6 സിക്സും പറത്തി. ഇംപാക്ട് പ്ലേയറായി വന്ന നൂർ അഹ്മദിനെ ഉയർത്തി അടിക്കാനുള്ള ശ്രമത്തിൽ സഞ്ജു പുറത്തായെങ്കിലും ജയിക്കാനാകുന്ന അവസ്ഥയിലേക്ക് രാജസ്ഥാൻ എത്തിയിരുന്നു. പിന്നീടെത്തിയ ധ്രുവ് ജുറൽ 18 റൺസും ആർ അശ്വിൻ പത്തു റൺസും നേടി പുറത്തായെങ്കിലും ഹെറ്റ്മെയർക്ക് കാര്യങ്ങൾ എളുപ്പമാക്കാൻ ഇരുവർക്കും സാധിച്ചു. ഗുജറാത്തിനുവേണ്ടി ഷമി മൂന്നും റാഷിദ് ഖാൻ രണ്ടും വിക്കറ്റുകൾ വീഴ്ത്തി.
ആദ്യം ബാറ്റു ചെയ്ത ഗുജറാത്ത് ടൈറ്റൻസ് ഡേവിഡ് മില്ലർ(46), ശുഭ്മാൻ ഗിൽ(45) എന്നിവരുടെ മികവിൽ 20 ഓവറിൽ ഏഴിന് 177 റൺസ് നേടുകയായിരുന്നു. രാജസ്ഥാന് വേണ്ടി സന്ദീപ് ശർമ്മ രണ്ടുവിക്കറ്റ് വീഴ്ത്തി
What's Your Reaction?