സർക്കാർ ഹെലികോപ്റ്ററിന്‍റെ പ്രതിമാസ വാടക എണ്‍പത് ലക്ഷം
സര്‍ക്കാരിനായുള്ള പുതിയ ഹെലികോപ്റ്ററിന്‍റെ പ്രതിമാസ വാടക എണ്‍പത് ലക്ഷം പിന്നിടും. ഡല്‍ഹിയിലെ സ്വകാര്യ കമ്പനിയായ ചിപ്സന്‍ ഏവിയേഷനില്‍ നിന്ന് വാടകയ്ക്കെടുക്കാനാണ് തീരുമാനം. അടുത്തമാസം ആദ്യത്തോടെ ഹെലികോപ്റ്റര്‍ സംസ്ഥാനത്ത് എത്തിക്കാനും ആഭ്യന്തരവകുപ്പ് ഡി.ജി.പിക്ക് നിര്‍ദേശം നല്‍കി.
സര്‍ക്കാരിന്റെ പുതിയ ഹെലികോപ്റ്റര്‍ ഏപ്രില്‍ ആദ്യം തിരുവനന്തപുരത്ത് പറന്നിറങ്ങും. അതിനുള്ള നടപടികളാണ് വേഗത്തില്‍ പുരോഗമിക്കുന്നത്. പുതിയ ടെന്‍ഡര്‍ വിളിച്ച് വാടകക്കെടുക്കാനായിരുന്നു ആദ്യ ആലോചന. എന്നാല്‍ 2021 ലെ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കാതെ കിടപ്പുണ്ട്. അതിനാല്‍ അത് തന്നെ തുടരാന്‍ ആഭ്യന്തരവകുപ്പ് തീരുമാനിച്ചു. അതുപ്രകാരം ഡെല്‍ഹി ആസ്ഥാനമായ ചിപ്സന്‍ ഏവിയേഷനാണ് കരാര്‍ നല്‍കുന്നത്. മാസം ഇരുപത് മണിക്കൂര്‍ പറക്കാന്‍ 80 ലക്ഷം രൂപ വാടക. അതില്‍കൂടുതല്‍ പറന്നാല്‍ ഓരോ മണിക്കൂറിനും തൊണ്ണൂറായിരം രൂപ അധികം നല്‍കണം.
സര്‍ക്കാര്‍ ആദ്യം വാടകക്കെടുത്ത ഹെലികോപ്റ്ററിന് പ്രതിമാസം ജി.എസ്.ടി ഉള്‍പ്പെടെ ഒന്നരക്കോടിയിലേറെ രൂപയായിരുന്നു വാടക. അതിന്റെ പകുതിയോളം കുറവാണ് പുതിയ വാടകയെന്നതാണ് ധൂര്‍ത്തെന്ന ആക്ഷേപത്തിന് സര്‍ക്കാരിന്റെ മറുന്യായം. എന്നാല്‍ വാടക കുറയുന്നതനുസരിച്ച് ഹെലികോപ്റ്ററിന്റെ പ്രത്യേകതകളും കുറയുന്നുണ്ട്. കഴിഞ്ഞതവണ പതിനൊന്ന് സീറ്റായിരുന്നെങ്കില്‍ ഇത്തവണ ആറ് സീറ്റേയുള്ളു. കഴിഞ്ഞതവണ പൊതുമേഖലാ കമ്പനിയില്‍ നിന്നാണങ്കില്‍ ഇത്തവണ സ്വകാര്യ കമ്പനിയില്‍ നിന്നാണ്. അതും ദുരിതാശ്വാസഫണ്ട് വകമാറ്റിയുള്ള മുഖ്യമന്ത്രിയുടെ വിവാദ പറക്കലിന് ഉപയോഗിച്ച അതേ കമ്പനിയില്‍ നിന്ന്. ഒരു വര്‍ഷം മുന്‍പ് പൂര്‍ത്തിയാക്കിയ അതേ വ്യവസ്ഥകളുമായി മുന്നോട്ട് പോകാന്‍ കമ്പനിയും സമ്മതിച്ചാല്‍ അടുത്തമാസം മുതല്‍ മുഖ്യമന്ത്രിക്കും പൊലീസിനും വീണ്ടും ഹെലികോപ്റ്ററാവും.
What's Your Reaction?