സൈബർ തട്ടിപ്പ്: കൂടുതൽ പണം പോയത് ബംഗളൂരുവിന്, ആകെ നഷ്ടമായത് 363 കോടി
വിവരസാങ്കേതികവിദ്യയുടെ തലസ്ഥാനമാണ് എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ല, സംസ്ഥാനത്ത് കഴിഞ്ഞവർഷം സൈബർ തട്ടിപ്പിലൂടെ ഏറ്റവും കൂടുതൽ പണം നഷ്ടമായത് ബംഗളൂരുവിനാണ്. 266 കോടി രൂപയാണ് നഷ്ടമായത്. 14 കോടി രൂപ നഷ്ടപ്പെട്ട മൈസൂരു രണ്ടാം സ്ഥാനത്തുണ്ട്.
സംസ്ഥാനത്ത് ജനങ്ങൾക്ക് ആകെ നഷ്ടമായത് 363 കോടിയാണ്. പ്രതിദിനം ശരാശരി ഒരുകോടി രൂപയെന്ന നിലയിലാണ് തട്ടിപ്പ്. ആഭ്യന്തരമന്ത്രി അരഗ ജ്ഞാനേന്ദ്രയാണ് ഇതുസംബന്ധിച്ച കണക്ക് പുറത്തുവിട്ടത്. കഴിഞ്ഞവർഷം നഷ്ടപ്പെട്ട തുകയിൽ 46 കോടി രൂപ മാത്രമേ ഇതുവരെ തിരിച്ചുപിടിക്കാൻ സാധിച്ചിട്ടുള്ളൂ.
ശേഷിക്കുന്ന തുക തിരിച്ചുപിടിക്കാൻ ശ്രമംതുടരുകയാണ്. ഈവർഷം ജനുവരിയിൽമാത്രം 36 കോടി രൂപ തട്ടിപ്പിലൂടെ നഷ്ടപ്പെട്ടു. സൈബർ തട്ടിപ്പ് നടന്നാൽ എത്രയുംവേഗം പരാതി നൽകണമെന്ന് പൊലീസ് പറയുന്നു. പരാതി നൽകാൻ വൈകുന്തോറും നഷ്ടപ്പെട്ട പണം തിരിച്ചുകിട്ടാനുള്ള സാധ്യത കുറയും. അതിനാൽ, തട്ടിപ്പിന് ഇരയായെന്ന് അറിഞ്ഞാൽ അടുത്തുള്ള പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകണം.
2021നെ അപേക്ഷിച്ച് 2022ൽ സംസ്ഥാനത്ത് സൈബർ തട്ടിപ്പിൽ വർധനയുണ്ടായി. വ്യക്തികളുടെ സ്വകാര്യവിവരങ്ങൾ കരസ്ഥമാക്കി അതുപയോഗിച്ച് ബാങ്ക് അക്കൗണ്ടുകളിൽനിന്ന് പണം കവരുന്നതാണ് തട്ടിപ്പുകാരുടെ പ്രധാനരീതി. ഭീഷണിപ്പെടുത്തിയും പണം തട്ടുന്നുണ്ട്.
What's Your Reaction?