അടിച്ചുപൂസായ ആനക്കൂട്ടം ഉറങ്ങിയത് മണിക്കൂറുകളോളം; കുടിച്ചത് സമീപവാസികൾ കാട്ടിനുള്ളിൽ തയാറാക്കിവെച്ച കോട

മഹുവ പൂക്കൾ വെള്ളത്തിലിട്ട് വെച്ച് പുളിപ്പിച്ചെടുത്ത് തയാറാക്കുന്ന നാടൻ മദ്യമാണ് ആനകൾ കുടിച്ചുതീർ‌ത്തത്

Nov 11, 2022 - 00:07
 0
അടിച്ചുപൂസായ ആനക്കൂട്ടം ഉറങ്ങിയത് മണിക്കൂറുകളോളം; കുടിച്ചത് സമീപവാസികൾ കാട്ടിനുള്ളിൽ തയാറാക്കിവെച്ച കോട

ദിവസങ്ങൾക്ക് മുൻപ് കാട്ടിനുള്ളിൽ വലിയ കുടങ്ങളിൽ തയാറാക്കി വെച്ച നാടൻ കോട എടുക്കാൻ പോയതായിരുന്നു ഗ്രാമവാസികൾ. അവിടെ എത്തിയപ്പോൾ കണ്ട കാഴ്ച കോട കുടിച്ച് കാട്ടാനക്കൂട്ടം അടിച്ചുപൂസായി ഉറങ്ങുന്നതും. ഒഡീഷയിലാണ് സംഭവം. മഹുവ പൂക്കൾ വെള്ളത്തിലിട്ട് വെച്ച് പുളിപ്പിച്ചെടുത്ത് തയാറാക്കുന്ന നാടൻ മദ്യമാണ് ആനകൾ കുടിച്ചുതീർ‌ത്തത്.

കിയോഞ്ചർ ജില്ലയിലെ ശിലിപദ കശുമാവിൻ കാടിന് സമീപം താമസിക്കുന്ന ഗ്രാമവാസികളാണ് കാട്ടിനുള്ളിൽ കോട ഇട്ടുവെച്ചിരുന്നത്. ഇതെടുക്കാൻ പോയപ്പോഴാണ് 24 ആനകൾ മദ്യലഹരിയിൽ ഉറങ്ങുന്നത് കണ്ടത്. മഹുവ പൂക്കൾ വെള്ളത്തിലിട്ട് വലിയ കുടങ്ങളിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു. ''ഞങ്ങൾ രാവിലെ മഹുവ തയാറാക്കാൻ രാവിലെ ആറുമണിക്കാണ് കാട്ടിലേക്ക് പോയത്. അവിടെ എത്തിയപ്പോൾ കുടങ്ങൾ എല്ലാം തകർന്നുകിടക്കുന്നതാണ് കണ്ടത്. പുളിപ്പിക്കാൻ ഒഴിച്ചുവെച്ചിരുന്ന കോട കാണാനില്ലായിരുന്നു. അടുത്ത് തന്നെ കാട്ടാനക്കൂട്ടം കിടന്ന് ഉറങ്ങുന്നതും കണ്ടു''- ഗ്രാമവാസിയായ നരിയ സേതി പറഞ്ഞു.

Also Read- അധ്യാപക നിയമനത്തിനുള്ള പരീക്ഷാ ഹാൾടിക്കറ്റിൽ സണ്ണി ലിയോൺ; അന്വേഷണത്തിന് ഉത്തരവ്

ഒൻപതു കൊമ്പന്മാരും ആറു പിടിയാനകളും 9 കുട്ടിയാനകളുമാണ് സംഘത്തിലുണ്ടായിരുന്നത്. ''മദ്യം തയാറാക്കിയിരുന്നില്ല. ഞങ്ങൾ ആനകളെ ഉറക്കത്തിൽ നിന്ന് എഴുന്നേൽപ്പിക്കാൻ ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടു. തുടർന്ന് വനംവകുപ്പ് അധികൃതരെ വിവരം അറിയിച്ചു''- നരിയ സേതി പറഞ്ഞു. സമീപത്തെ പടാന്ന റേഞ്ചിൽ നിന്നെത്തിയ വനംവകുപ്പ് ജീവനക്കാർ ഡ്രമ്മിൽ ശബ്ദമുണ്ടാക്കി ആനകളെ എഴുന്നേൽപ്പിച്ചു. തുടർന്ന് ആനകൾ ഉൾക്കാട്ടിലേക്ക് പോയി.

എന്നാൽ മഹുവ കുടിച്ചിട്ടാണോ അനകൾ മയങ്ങിയതെന്ന് പറയാനാകില്ലെന്ന് വനംവകുപ്പ് അധികൃതർ പറഞ്ഞു. ചിലപ്പോൾ അവർ അവിടെ വിശ്രമിക്കുകയായിരുന്നിരിക്കാം. എന്നാൽ പൊട്ടിയ കുടങ്ങൾക്ക് സമീപത്ത് ആനകൾ മദ്യലഹരിയിൽ ഉറക്കത്തിലായിരുന്നുവെന്ന് ഗ്രാമവാസികൾ പറയുന്നു.

മഹുവ മരത്തിന്റെ പൂക്കൾ (മധുക ലോങ്കിഫോളിയ) പുളിപ്പിച്ചാണ് മഹുവ എന്നും വിളിക്കപ്പെടുന്ന ലഹരിപാനീയം ഉത്പാദിപ്പിക്കുന്നത്. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ ആദിവാസി സ്ത്രീകളും പുരുഷന്മാരും പരമ്പരാഗതമായി ഈ മദ്യം നിർമ്മിക്കുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow