പൈലറ്റാകാനുള്ള മോഹം രാഹുൽ ഗാന്ധിയെ അറിയിച്ച വേദിക വിമാനത്തിൽ പറന്നു

പത്തനംതിട്ട: കഴിഞ്ഞ മാസം 29ന് വേദിക എന്ന കൊച്ചുമിടുക്കിക്കൊപ്പം തിരുവനന്തപുരത്തുനിന്ന് കൊച്ചിയിലേക്കുള്ള യാത്ര പിന്നിട്ടപ്പോൾ ആനന്ദ് മോഹൻരാജ് എന്ന പൈലറ്റിന്റെ മനസ്സുനിറയെ തെളിഞ്ഞുനിന്നത് തന്റെ തന്നെ കുട്ടിക്കാലമാണ്. പൈലറ്റ് ആകണമെന്ന മോഹത്തിന് പിന്നാലെ പാഞ്ഞ കുട്ടിക്കാലം. കുടുംബാംഗങ്ങളുടെ ശക്തമായ പിന്തുണയാണ് ആനന്ദിനെ തന്റെ സ്വപ്നങ്ങളിലെക്ക് ഉയർന്നു പറക്കാൻ സഹായിച്ചതെങ്കിൽ വേദികയ്ക്ക് തുണയായി എത്തിയത് രാഹുൽ ഗാന്ധിയാണ്.  ഭാരത് ജോഡോ യാത്രയ്ക്കിടെ കൊല്ലത്തുവച്ചാണ് പി.വി.വേദിക എന്ന നാലാം ക്ലാസ് വിദ്യാർഥിനിക്ക് രാഹുൽ ഗാന്ധിയെ പരിചയപ്പെടാൻ അവസരം ലഭിച്ചത്. ആൾക്കൂട്ടത്തിനിടയിൽനിന്ന് […]

Feb 7, 2023 - 18:51
 0
പൈലറ്റാകാനുള്ള മോഹം രാഹുൽ ഗാന്ധിയെ അറിയിച്ച വേദിക വിമാനത്തിൽ പറന്നു

പത്തനംതിട്ട: കഴിഞ്ഞ മാസം 29ന് വേദിക എന്ന കൊച്ചുമിടുക്കിക്കൊപ്പം തിരുവനന്തപുരത്തുനിന്ന് കൊച്ചിയിലേക്കുള്ള യാത്ര പിന്നിട്ടപ്പോൾ ആനന്ദ് മോഹൻരാജ് എന്ന പൈലറ്റിന്റെ മനസ്സുനിറയെ തെളിഞ്ഞുനിന്നത് തന്റെ തന്നെ കുട്ടിക്കാലമാണ്. പൈലറ്റ് ആകണമെന്ന മോഹത്തിന് പിന്നാലെ പാഞ്ഞ കുട്ടിക്കാലം. കുടുംബാംഗങ്ങളുടെ ശക്തമായ പിന്തുണയാണ് ആനന്ദിനെ തന്റെ സ്വപ്നങ്ങളിലെക്ക് ഉയർന്നു പറക്കാൻ സഹായിച്ചതെങ്കിൽ വേദികയ്ക്ക് തുണയായി എത്തിയത് രാഹുൽ ഗാന്ധിയാണ്. 

ഭാരത് ജോഡോ യാത്രയ്ക്കിടെ കൊല്ലത്തുവച്ചാണ് പി.വി.വേദിക എന്ന നാലാം ക്ലാസ് വിദ്യാർഥിനിക്ക് രാഹുൽ ഗാന്ധിയെ പരിചയപ്പെടാൻ അവസരം ലഭിച്ചത്. ആൾക്കൂട്ടത്തിനിടയിൽനിന്ന് തന്റെ പേര് പലതവണ ഉച്ചത്തിൽ വിളിച്ച വേദികയെ രാഹുൽ അടുത്തേക്ക് വിളിക്കുകയായിരുന്നു. കുശലാന്വേഷണവുമായി 20 മിനിറ്റോളം യാത്രയിൽ ഒപ്പംകൂട്ടുകയും ചെയ്തു. ഇതിനിടെ വലുതാകുമ്പോൾ ആരാകാനാണ് മോഹമെന്ന് ചോദിച്ചപ്പോൾ പൈലറ്റ് എന്നായിരുന്നു വേദികയുടെ മറുപടി. വിമാനത്തിൽ കയറിയിട്ടുണ്ടോ എന്ന് ചോദിച്ചപ്പോൾ ഇല്ലെന്ന് പറഞ്ഞു. തുടർന്ന് വിമാനത്തിൽ കയറാനും പൈലറ്റിനോട് സംസാരിക്കാനും അവസരം ഒരുക്കിത്തരാം എന്ന് ഉറപ്പുനൽകിയ ശേഷമാണ് രാഹുൽ ഗാന്ധി യാത്ര തുടർന്നത്. 

ഈ വാഗ്ദാനമാണ് വേദികയെ ആനന്ദ് മോഹൻരാജിന്റെ അടുത്തേക്ക് എത്തിച്ചത്. രാഹുൽ ഗാന്ധിയുടെ നിർദേശത്തെ തുടർന്ന് കെ.സി.വേണുഗോപാൽ എംപിയുടെ ഓഫിസ് ഇടപെട്ടാണ് വേദികയ്ക്ക് വിമാന യാത്രയ്ക്കുള്ള സൗകര്യങ്ങൾ ഒരുക്കിയത്. വേദികയുടെ ആഗ്രഹം വെറുമൊരു യാത്രകൊണ്ട് അവസാനിക്കുന്നതല്ലെന്ന് ഉറപ്പുണ്ടായിരുന്നതിനാൽ, വിമാനത്തെപ്പറ്റിയും വിമാന യാത്രയെപ്പറ്റിയും ആധികാരികമായി വിശദീകരിക്കാൻ കഴിയുന്ന പൈലറ്റിനൊപ്പം അയയ്ക്കണമെന്നും രാഹുൽ ഗാന്ധി നിർദേശിച്ചിരുന്നു. ഈ അന്വേഷണം എത്തിനിന്നത് പത്തനംതിട്ടക്കാരനായ ആനന്ദിലും. 

വിമാനത്തിൽ പോകുക, പറക്കലിന്റെ മായാജാലത്തെപ്പറ്റി പൈലറ്റുമായി സംസാരിക്കുക, പഠന സാധ്യതകൾ മനസ്സിലാക്കുക തുടങ്ങിയ അവളുടെ ആഗ്രഹങ്ങൾ സാക്ഷാത്കരിക്കാൻ നിമിത്തമായതിന്റെ സന്തോഷത്തിലാണ് ആനന്ദ് ഇപ്പോൾ. യാത്രയ്ക്കുശേഷം ആനന്ദ് സമൂഹമാധ്യമത്തിൽ എഴുതിയ കുറിപ്പും ഏറെ ശ്രദ്ധനേടിയിരുന്നു. ആ കുറിപ്പിലെ ചില ഭാഗങ്ങൾ ചുവടെ.

‘വിജയത്തിലേക്കുള്ള യാത്ര മടുപ്പിക്കുന്നതും കഠിനവുമാണ്. തീർച്ചയായും വളരെയധികം കഠിനാധ്വാനവും സ്ഥിരോത്സാഹവും ആവശ്യപ്പെടുകയും ചെയ്യുന്നു. എന്നാൽ നമ്മൾ എത്ര കഠിനാധ്വാനം ചെയ്താലും ഒറ്റയ്ക്ക് ഒരു സ്വപ്നവും നേടിയെടുക്കാൻ കഴിയില്ലെന്നതാണ് സത്യം. വിജയകരമായ ഓരോ സ്വപ്നത്തിനു പിന്നിലും ഒട്ടേറെ സഹായഹസ്തങ്ങളും ദയയുള്ള ഹൃദയങ്ങളും പ്രചോദനാത്മകമായ വ്യക്തികളും നമ്മുടെ മുന്നോട്ടുള്ള ചുവടുകളിൽ നമ്മുടെ അദൃശ്യ ശക്തിയായി മാറുന്നു.

വേദികയുടെ സ്വപ്നം സാക്ഷാത്കരിക്കാൻ ആഗ്രഹിക്കുന്നുവെന്ന് രാഹുൽ ഗാന്ധി അറിയിച്ചപ്പോൾ, അതിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ ഞാൻ സന്തോഷിച്ചു. അവളിൽ ഞാൻ കണ്ട ആവേശവും ജിജ്ഞാസയും പ്രതീക്ഷയും എന്നെ എന്റെ സ്വന്തം ബാല്യത്തിലേക്ക് തിരികെ കൊണ്ടുപോകുകയും എന്റെ സ്വന്തം യാത്രയെ ഓർമപ്പെടുത്തുകയും ചെയ്തതുകൊണ്ടാകാം ഉള്ളിൽനിന്ന് എനിക്ക് അവളുമായി ഇടപെടാൻ കഴിഞ്ഞത്.’

What's Your Reaction?

like

dislike

love

funny

angry

sad

wow