ചെന്നൈ മുന്നറിയിപ്പ് നല്‍കുന്നു
വെറും ഒരു മണിക്കൂര്‍ പെയ്ത മഴയില്‍ നിന്നും ചെന്നൈയിലെ അപാര്‍ട്ട്മെന്‍റ് സംഭരിച്ചത് 25000 ലിറ്റര്‍ വെള്ളം.! ഷോലിങ്കനെല്ലൂരിലെ ശബരി അപാര്‍ട്ട്മെന്‍റിന്‍റെ ടെറസില്‍ നിന്നാണ് കടുത്ത ജലക്ഷാമത്തിന്‍റെ ഇടയില്‍ ഇത്തിരി നേരം പെയ്ത മഴയെ ഇവര്‍ കൊയ്തെടുത്തത്. ടെറസില്‍ വീഴുന്ന മഴവെള്ളം പൈപ് വഴി രണ്ട് കൂറ്റന്‍ ടാങ്കിലേക്ക് ശേഖരിച്ച്, ഊറാന്‍ അനുവദിച്ച്, ട്രീറ്റ്മെന്‍റ് പ്ളാന്‍റിലൂടെ റിസൈക്ളിങ്ങിന് വിധേയമാക്കിയാണ് ഇവര്‍ ഉപയോഗിക്കുക.
കെട്ടിടങ്ങളുടെ പെരുപ്പത്തിലൂടെ മഹാനഗരമായി ‘വികസിച്ച’ ചെന്നെ സമീപകാലത്തൊന്നുമില്ലാത്ത ശുദ്ധജല ക്ഷാമത്തിനാണ് കഴിഞ്ഞ ഏതാനും ആഴ്ചകള്‍ സാക്ഷ്യം വഹിച്ചത്. രണ്ട് വര്‍ഷം മുമ്പ് പ്രളയം താണ്ഡവമാടിയ അതേ ചെന്നൈ! ഇന്ത്യയിലെ ഏതു മഹാനഗരങ്ങളെയും പ്രത്യേകിച്ച് കേരളമെന്ന സംസ്ഥാനത്തെയും കാത്തിരിക്കുന്നതും ഈ കൊടും വരള്‍ച്ചയണെന്ന് ചെന്നൈ മുന്നറിയിപ്പ് നല്‍കുന്നു. എന്നിരിക്കെ ഒന്നും ചെയ്യാതെ വെള്ളം വെള്ളം എന്ന് തൊണ്ടയുണക്കി കരയുന്നതിനേക്കാള്‍ ചെയ്യാവുന്ന ചില കാര്യങ്ങള്‍ ഉണ്ട്. നമ്മള്‍ ഈ മണ്ണിനോട് ചെയ്തുകൂട്ടിയ, ഇപ്പോഴും ചെയ്തുകൊണ്ടിരിക്കുന്ന അപരാധങ്ങള്‍ക്ക് അതൊന്നുമല്ല പ്രതിവിധിയെങ്കില്‍കൂടി.
ചെന്നൈക്കാര്‍ ചെയ്ത അത്രപോലും സങ്കീര്‍ണമല്ലാത്ത രീതിയില്‍ കേരളത്തില്‍ എളുപ്പം മഴവെള്ളം സംഭരിക്കാം. കാരണം ഇവിടെ മൂന്നും നാലും സെന്‍റില്‍ താമസിക്കുന്നവര്‍ക്കുപോലും കിണറുകള്‍ ഉണ്ട്. അതുകൊണ്ട് തന്നെ ടെറസില്‍ പതിക്കുന്ന വെള്ളം എളുപ്പം കുഴല്‍വഴി കിണറിലേക്ക് ഇറക്കാനാവും.
എന്തായാലും നദികളും പുഴകളും കുളങ്ങളും നിറഞ്ഞ കേരളം വയലുകള്‍ കൊയ്യുന്നതിന് പകരം മഴകൊയ്യാന്‍ ഇറങ്ങിതുടങ്ങേണ്ടിയിരിക്കുന്നു എന്നത് ഏറ്റവും വലിയ ദുരന്തമല്ലാതെ മറ്റൊന്നുമല്ല. പണമുള്ളവര്‍ക്ക് കാശു കൊടുത്താന്‍ എന്തും കിട്ടും. അതില്ലാത്തവര്‍ അണ്ണാക്കുവരണ്ട് മരിച്ചു തീരാതിരിക്കാന്‍ പരീക്ഷിച്ചു തുടങ്ങിക്കോളൂ...
What's Your Reaction?