എട്ട്‌ ജില്ലകളിലായി 80 ഉരുൾപൊട്ടൽ; 43 മരണം: മുഴുവൻ ജനങ്ങളും ആപത്തിന്റെ ഗൗരവം തിരിച്ചറിഞ്ഞ്‌ പ്രവർത്തിക്കുന്നു

സംസ്ഥാനത്താകെ എട്ട്‌ ജില്ലകളിലായി 80 ഉരുൾപൊട്ടലുകൾ ഉണ്ടായെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. മലപ്പുറം കവളപ്പാറ ഭൂദാനം കോളനി, വയനാട്‌ മേപ്പാടി പുത്തുമല എന്നിവിടങ്ങളിലേതാണ്‌

Aug 10, 2019 - 19:09
 0
എട്ട്‌ ജില്ലകളിലായി 80 ഉരുൾപൊട്ടൽ; 43 മരണം: മുഴുവൻ ജനങ്ങളും ആപത്തിന്റെ ഗൗരവം തിരിച്ചറിഞ്ഞ്‌ പ്രവർത്തിക്കുന്നു

സംസ്ഥാനത്താകെ എട്ട്‌ ജില്ലകളിലായി 80 ഉരുൾപൊട്ടലുകൾ ഉണ്ടായെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. മലപ്പുറം കവളപ്പാറ ഭൂദാനം കോളനി, വയനാട്‌ മേപ്പാടി പുത്തുമല എന്നിവിടങ്ങളിലേതാണ്‌ വലിയ അപകടം. മലപ്പുറം മുണ്ടേരിയിൽ 200 ഓളം കുടുംബങ്ങളും ജീവനക്കാരും കുടുങ്ങിയിട്ടുണ്ട്‌. അവർക്ക മറ്റ്‌ പ്രശ്‌നങ്ങൾ ഇപ്പോഴില്ല. ഹെലികോപ്‌ടറിൽ ഭക്ഷണം എത്തിക്കാൻ ശ്രമം തുടരുകയാണ്‌. ഇവിടങ്ങളിൽ പുഴയിലെ ഒഴുക്ക്‌ ശക്തമായതിനാൽ എത്തിച്ചേരുന്നതിനും പ്രയാസമുണ്ട്‌. വിവിധ ഏജൻസികൾ ഒത്തുചേർന്നുള്ള പ്രവർത്തനങ്ങളാണ്‌ നടക്കുന്നത്‌. മത്സ്യത്തൊഴിലാളികളും രംഗത്തിറങ്ങി. മുഴുവൻ ജനങ്ങളും ആപത്തിന്റെ ഗൗരവം തിരിച്ചറിഞ്ഞ്‌ പ്രവർത്തിക്കുന്നു. രക്ഷാപ്രവർത്തകർ സ്വന്തം ജീവൻതന്നെ മറന്ന്‌ പ്രവർത്തിക്കുന്നു. അർപ്പണബോധത്തോടെ ചുമതല നിറവേറ്റുകയാണ്‌‐ മുഖ്യമന്ത്രി പറഞ്ഞു.

ജോലിക്കിടെ മരണപ്പെട്ട കെഎസ്‌ഇബി എൻജിനീയർ ബൈജുവിന്‌ മന്ത്രിമാരുടെയും ഉദ്യോഗസ്ഥരുടേയും യോഗം അനുശോചനം രേഖപ്പെടുത്തി. ഇതുവരെ 42 മരണങ്ങളാണ്‌ മഴക്കെടുതിയിൽ സംസ്ഥാനത്ത്‌ നടന്നിട്ടുള്ളത്‌. വയനാട്‌ 180138 പേരെ ഇതുവരെ മാറ്റിപ്പാർപ്പിച്ചു. 30000 കുടുംബങ്ങളിലുള്ളവരാണ്‌ ഇത്‌. കവളപ്പാറയിൽ 3 മൃതദേഹങ്ങൾ കണ്ടെത്തി. രാവിലെ തെരച്ചിൽ പുനരാരംഭിച്ചു. മണ്ണ്‌ നീക്കി തെരച്ചിലാണ്‌ നടക്കുന്നത്‌. 30 പേരുള്ള ഫയർഫോഴ്‌സ്‌ ടീം ഇവിടെയുണ്ട്‌. പുത്തുമലയിൽ രക്ഷാപ്രവർത്തനം പുനരാരംഭിച്ചു. 40 പേരുള്ള ഫയർഫോഴ്‌സ്‌ ടീം പ്രവർത്തിക്കുന്നു. എൻഡിആർഎഫ്‌, ആർമി സംഘങ്ങളും പങ്കെടുക്കുന്നു.

വയനാട്‌ ഇന്ന്‌ മഴയുടെ തീവ്രത കുറഞ്ഞിട്ടുണ്ട്‌. എന്നാൽ ഉച്ചയ്‌ക്ക്‌ ശേഷം വീണ്ടും കനക്കും എന്നാണ്‌ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങൾ പറയുന്നത്‌. ബാണാസുര സാഗർ ഡാമിന്റെ ഷട്ടർ മൂന്ന്‌ മണിക്ക്‌ തുറക്കും. ഇതിന്റെ ഥാഗമായി 24,990 പേരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക്‌ എത്തിച്ചു. ഡാമിന്റെ വൃഷ്‌ടി പ്രദേശങ്ങളിൽ മഴ തുടരുകയാണ്‌. എട്ട്‌ മണി മുതൽ റെഡ്‌ അലർട്ട്‌ പ്രഖ്യാപിച്ചു. കരമൻ തോടിൽ ജലനിരപ്പ്‌ ഉയരുന്നതിനാൽ ജനങ്ങൾ അതീവ ജാഗ്രത പാലിക്കണം. പത്തനംതിട്ടയിലും മഴ തുടരുകയാണ്‌. തിരുവല്ലയിൽ 15 ക്യാമ്പ്‌ ആരംഭിച്ചു. പമ്പയിൽ ജലനിരപ്പ്‌ ഉയർന്നിട്ടുണ്ട്‌.

ഈ സമയത്ത്‌ അപൂർവ്വം ചിലർ തെറ്റായ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നുണ്ട്‌. എല്ലാ ഡാമുകളും തുറന്നു വിട്ടു, സംസ്ഥാനത്ത് പെട്രോള്‍ വിതരണം നിര്‍ത്തി തുടങ്ങിയ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നു, ആശങ്ക പരത്താനുള്ള ശ്രമം നടക്കുന്നു. ഇത് തിരിച്ചറിയേണ്ടതുണ്ടെന്നും, ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കേണ്ടത് അനിവാര്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രശ്‌നങ്ങളെ സങ്കീർണമാക്കുന്ന സമീപനം സ്വീകരിക്കുന്നവർക്കെതിരെ ശക്തമായ നടപടി ഉണ്ടാകും. ഇടുക്കി ഡാമിൽ ഇനിയും വെള്ളം സംഭരിക്കാൻ കഴിയും. കഴിഞ്ഞ വർഷം ഈ സമയം 98.25 ശതമാനം ആയിരുന്നു ജലനിരപ്പ്‌. ഇപ്പോൾ 35 ശതമാനമേ ഒള്ളൂ. ഈ ദിവസങ്ങളിൽ അവിടെ ഉണ്ടാകുന്ന മഴവെള്ളം സംഭരിക്കാനുള്ള ശേഷി അവിടെയുണ്ട്‌. പമ്പയിലും 60 ശതമാനം വെള്ളമേ ഒള്ളൂ. കക്കി, ഷോളയാർ, ഇടമലയാർ ഡാമുകളിൽ സംഭരണശേഷിയുടെ പകുതിയിൽ താഴെ മാത്രം എത്തിയിട്ടുള്ളൂ. കുറ്റ്യാടി, പെരിങ്ങൽകുത്ത്‌, ബാണാസുര ഡാമുകൾ മാത്രമാണ്‌ നിറഞ്ഞിട്ടുള്ളത്‌. ഇത്‌ സൂചിപ്പിക്കുന്നത്‌ ജാഗ്രത പാലിക്കേണ്ട എന്നല്ല. അപകട സാധ്യതയുള്ള സ്ഥലങ്ങളിൽനിന്ന്‌ മാറണം. ഫലപ്രദമായ മുൻകരുതൽ അതാണെന്ന്‌ തിരിച്ചറിയണം. സഹകരിക്കാൻ സന്നദ്ധരാകണം. ഭൗതിക നഷ്‌ടങ്ങൾ കൂട്ടായി പരിഹരിക്കാൻ സാധിക്കും. മനുഷ്യജീവൻ അങ്ങനെയല്ല. അതിനാണ്‌ മുൻഗണന നൽകേണ്ടത്‌.

സംസ്ഥാനത്ത്‌ 15 ലക്ഷം വൈദ്യുതി കണക്ഷൻ തകരാറിലായി. മലബാറിൽ വൈദ്യൂതി ബന്ധം ഇല്ലാതാകുന്ന സ്ഥിതി ഉണ്ടായി. ചാലിയാർ ക്രോസ്‌ ചെയ്തതിനാലാണിത്‌. എന്നാൽ ഓഫ്‌ ആക്കുകയല്ല വേണ്ടത്‌ എന്ന്‌ തീരുമാനിച്ചിട്ടുണ്ട്‌. അതേസമയം ആളുകൾ വൈദ്യുതി ലൈനിന്‌ താളെക്കൂടി ക്രോസ്‌ ചെയ്യരുത്‌. ഇത്‌ അപകടം ഉണ്ടാക്കും. ഇത്‌ നിരീക്ഷിക്കാൻ പൊലീസിനെ നിയോഗിക്കും ‐ മുഖ്യമന്ത്രി പറഞ്ഞു.

What's Your Reaction?

like

dislike

love

funny

angry

sad

wow