Neeraj Chopra | കുര്‍തനെ ഗെയിംസില്‍ നീരജ് ചോപ്രയ്ക്ക് സ്വര്‍ണം

ആദ്യ ശ്രമത്തില്‍ തന്നെ 86.69 മീറ്റര്‍ ദൂരം താണ്ടി നീരജിന്‍റെ രണ്ടാം ശ്രമം ഫൗളായിരുന്നു. മൂന്നാം ശ്രമത്തില്‍ ത്രോ ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ കാല്‍ വഴുതിയ നീരജ് അടുത്ത മൂന്ന് ത്രോകളും എറിയാതെ തന്നെയാണ് ഒന്നാമതെത്തിയത്.

Jun 19, 2022 - 15:41
 0
Neeraj Chopra | കുര്‍തനെ ഗെയിംസില്‍ നീരജ് ചോപ്രയ്ക്ക് സ്വര്‍ണം

ഒളിംപിക്സ് സ്വര്‍ണ മെഡല്‍ നേട്ടത്തിന് പിന്നാലെ മത്സരിച്ച രണ്ടാമത്തെ ടൂര്‍ണമെന്‍റില്‍ തന്നെ സ്വര്‍ണം നേടി  ഇന്ത്യയുടെ നീരജ് ചോപ്ര(Neeraj Chopra). ഫിൻലൻഡിലെ കുർതാനെ ഗെയിംസില്‍  ജാവലിന്‍ ത്രോ മത്സരത്തില്‍ ആദ്യ ശ്രമത്തില്‍ 86.69 മീറ്റര്‍ ദൂരം എറിഞ്ഞ് നീരജ് സ്വര്‍ണം നേടിയത്. 90 മീറ്റര്‍ ലക്ഷ്യമിട്ടാണ് കുർതാനെ ഗെയിംസില്‍ നീരജ് ഇറങ്ങിയതെങ്കിലും മഴയും പ്രതികൂല കാലാവസ്ഥയും തടസമായി. എങ്കിലും ആതിഥേയ താരം ഒളിവർ ഹെലാൻഡർ, സീസണിൽ 93.07 മീറ്റർ ദൂരം കണ്ടെത്തിയ ലോകചാംപ്യൻ ആൻഡേഴ്സൻ പീറ്റേഴ്സ് എന്നിവരെ പിന്തള്ളി നീരജിന് സ്വര്‍ണം എറിഞ്ഞിടാനായത് അഭിമാന നേട്ടമായി.

ആദ്യ ശ്രമത്തില്‍ തന്നെ 86.69 മീറ്റര്‍ ദൂരം താണ്ടി നീരജിന്‍റെ രണ്ടാം ശ്രമം ഫൗളായിരുന്നു. മൂന്നാം ശ്രമത്തില്‍ ത്രോ ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ കാല്‍ വഴുതിയ നീരജ് അടുത്ത മൂന്ന് ത്രോകളും എറിയാതെ തന്നെയാണ് ഒന്നാമതെത്തിയത്.  2012ലെ ഒളിമ്പിക് ചാമ്പ്യന്‍ ട്രിനാഡ് ആന്‍ഡ് ടുബാഗോയുടെ കെഷോൺ വാൽക്കോട്ട് 86.64 മീറ്റര്‍ എറിഞ്ഞ് വെള്ളി നേടിയപ്പോള്‍ സീസണിൽ 93.07 മീറ്റർ ദൂരം കണ്ടെത്തിയ ലോകചാംപ്യൻ ആൻഡേഴ്സൻ പീറ്റേഴ്സ് 84.75 മീറ്റര്‍ ദൂരം താണ്ടി വെങ്കലം നേടി.

കഴിഞ്ഞ ആഴ്ച നടന്ന പാവോ നൂർമി ഗെയിംസിൽ 89.3 മീറ്റർ ദൂരമെറിഞ്ഞ് നീരജ് ചോപ്ര ദേശീയ റെക്കോര്‍ഡ് തിരുത്തി വെള്ളി നേടിയിരുന്നു. ഒളിംപിക്സിലെ സുവർണനേട്ടത്തിന് ശേഷം 10 മാസത്തെ ഇടവേള കഴിഞ്ഞുള്ള ആദ്യ രണ്ട് ടൂര്‍ണമെന്‍റിലും മെഡല്‍ നേടാന്‍ നീരജിന് കഴിഞ്ഞു.

90 മീറ്റർ ലക്ഷ്യമിട്ടായിരുന്നു നീരജ്  കുർതാനെ ഗെയിംസിൽ ഇറങ്ങിയത്. കഴിഞ്ഞ ഒരുമാസമായി ഫിൻലൻഡില്‍ നടത്തിയ പരിശീലനവും താരത്തിന്‍റെ ആത്മവിശ്വാസം കൂട്ടിയിരുന്നു. എന്നാല്‍ മഴയും പ്രതികൂല കാലാവസ്ഥയും കൂടുതല്‍ ശ്രമങ്ങള്‍ക്ക് തടസമായി. ഈ മാസം 30ന് സ്റ്റോക്ഹോമിൽ ഡയമണ്ട് ലീഗിലും നീരജ് ചോപ്ര മത്സരിക്കുന്നുണ്ട്. അടുത്ത മാസം നടക്കുന്ന ലോകചാംപ്യൻഷിപ്പും തുടർന്നുള്ള കോമൺവെൽത്ത് ഗെയിംസുമാണ് അടുത്ത  ഒളിംപിക്സിന് മുൻപുള്ള നീരജിന്‍റെ പ്രധാനലക്ഷ്യം.

What's Your Reaction?

like

dislike

love

funny

angry

sad

wow