രണ്ടാം ടി20യിൽ ദക്ഷിണാഫ്രിക്കയ്ക്ക് നാല് വിക്കറ്റ് ജയം

ഇന്ത്യ ഉയർത്തിയ ലക്ഷ്യം പിന്തുടർന്ന് ഇറങ്ങിയ ദക്ഷിണാഫ്രിക്ക ഭുവനേശ്വർ കുമാറിന്റെ തകർപ്പൻ ബൗളിങ്ങിന് മുന്നിൽ തകർന്നെങ്കിലും നാലാം വിക്കറ്റിൽ ബവൂമയും ക്ളാസനും ചേർന്ന് അവരെ രക്ഷിച്ചെടുക്കുകയായിരുന്നു

Jun 13, 2022 - 17:14
 0
രണ്ടാം ടി20യിൽ ദക്ഷിണാഫ്രിക്കയ്ക്ക് നാല് വിക്കറ്റ് ജയം

ഇന്ത്യക്കെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരവും സ്വന്തമാക്കി ദക്ഷിണാഫ്രിക്ക. കട്ടക്കിലെ ബാരാബതി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഇന്ത്യ ഉയർത്തിയ 149 റൺസ് വിജയലക്ഷ്യം 10 പന്തുകൾ ബാക്കി നിൽക്കെ ആറ് വിക്കറ്റ് നഷ്ടത്തിൽ ദക്ഷിണാഫ്രിക്ക മറികടന്നു. ഹെൻറിച്ച് ക്ലാസന്റെ വെടിക്കെട്ട് അർധസെഞ്ചുറി (46 പന്തിൽ 81) പ്രകടനമാണ് ദക്ഷിണാഫ്രിക്കയ്ക്ക് ജയം നേടിക്കൊടുത്തത്. തെംബ ബവൂമ (30 പന്തിൽ 35), ഡേവിഡ് മില്ലർ (15 പന്തിൽ 20*) എന്നിവരും മികച്ച പ്രകടനം നടത്തി.

നാലോവറിൽ 13 റൺസ് മാത്രം വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തി ഭുവനേശ്വർ കുമാർ ഇന്ത്യക്കായി തിളങ്ങിയെങ്കിലും സ്കോർബോർഡിൽ വലിയ ടോട്ടൽ ഇല്ലാതിരുന്നതും മറ്റ് ബൗളർമാർ നിറം മങ്ങിയതും ഇന്ത്യക്ക് തിരിച്ചടിയാവുകയായിരുന്നു. നാലോവറിൽ 49 റൺസ് വഴങ്ങിയ യുസ്‌വേന്ദ്ര ചാഹൽ തീർത്തും നിരാശപ്പെടുത്തി.

സ്കോർ: ഇന്ത്യ 20 ഓവറിൽ 148-6; ദക്ഷിണാഫ്രിക്ക 18.2 ഓവറിൽ 149-6

ഇന്ത്യ ഉയർത്തിയ ലക്ഷ്യം പിന്തുടർന്ന് ഇറങ്ങിയ ദക്ഷിണാഫ്രിക്ക ഭുവനേശ്വർ കുമാറിന്റെ തകർപ്പൻ ബൗളിങ്ങിന് മുന്നിൽ തകർന്നെങ്കിലും നാലാം വിക്കറ്റിൽ ബവൂമയും ക്ളാസനും ചേർന്ന് അവരെ രക്ഷിച്ചെടുക്കുകയായിരുന്നു. പവർപ്ലേ ഓവറുകൾക്കുള്ളിൽ തന്നെ റീസ ഹെൻഡ്രിക്സ് (4), പ്രിട്ടോറിയസ് (4), വാൻഡർ ദസ്സൻ (1) എന്നീ മൂന്ന് മുൻനിര വിക്കറ്റുകൾ നഷ്ടമായി തകർച്ച മുന്നിൽ കണ്ട ദക്ഷിണാഫ്രിക്കയെ ഇരുവരും ചേർന്ന് കരകയറ്റുകയായിരുന്നു. 29-3 എന്ന നിലയിൽ ഒന്നിച്ച സഖ്യം 93 റൺസിലാണ് പിരിഞ്ഞത്. നാലാം വിക്കറ്റിൽ ഇരുവരും കൂട്ടിച്ചേർത്ത 64 റൺസ് കൂട്ടുകെട്ടാണ് ദക്ഷിണാഫ്രിക്കൻ ഇന്നിങ്സിലെ അടിത്തറ.

ബവൂമ മടങ്ങിയ ശേഷം മില്ലർ ക്രീസിൽ എത്തിയപ്പോഴേക്കും ക്ലാസൻ പൂർണ നിയന്ത്രണത്തിലായി കഴിഞ്ഞിരുന്നു. ശേഷം മില്ലറെയും കൂട്ടി ദക്ഷിണാഫ്രിക്കൻ സ്കോർ മുന്നോട്ടുകൊണ്ടുപോയ ക്ലാസൻ ദക്ഷിണാഫ്രിക്കൻ ജയത്തിന് കേവലം അഞ്ച് റൺസകലെ 144 ലാണ് പുറത്തായത്. പിന്നാലെ ക്രീസിൽ എത്തിയ പാർണെലിനെ പുറത്താക്കി ഭുവനേശ്വർ ദക്ഷിണാഫ്രിക്കയുടെ ജയം അൽപം കൂടി വൈകിക്കുക മാത്രമാണ് ചെയ്തത്.

പരമ്പരയിലെ രണ്ടാം മത്സരവും ജയിച്ച ദക്ഷിണാഫ്രിക്ക അഞ്ച് മത്സര പരമ്പരയിൽ 2-0 ന് മുന്നിലെത്തി. പരമ്പരയിലെ മൂന്നാം മത്സരം ജൂൺ 14ന് വിശാഖപട്ടണത്ത് നടക്കും.

What's Your Reaction?

like

dislike

love

funny

angry

sad

wow