ജപ്പാനിലെത്തിയതിന് പിന്നാലെ ഇന്ത്യയും ജപ്പാനും തമ്മിലുള്ള ബന്ധത്തെപ്പറ്റി ജാപ്പനീസ് പത്രത്തിൽ ലേഖനമെഴുതി പ്രധാനമന്ത്രി നരേന്ദ്ര മോദി

May 23, 2022 - 18:52
 0
ജപ്പാനിലെത്തിയതിന് പിന്നാലെ ഇന്ത്യയും ജപ്പാനും തമ്മിലുള്ള ബന്ധത്തെപ്പറ്റി ജാപ്പനീസ് പത്രത്തിൽ ലേഖനമെഴുതി പ്രധാനമന്ത്രി നരേന്ദ്ര മോദി

ജപ്പാനിലെത്തിയതിന് പിന്നാലെ ഇന്ത്യയും ജപ്പാനും തമ്മിലുള്ള ബന്ധത്തെപ്പറ്റി ജാപ്പനീസ് ദിനപ്പത്രത്തിൽ ലേഖനമെഴുതി പ്രധാനമന്ത്രി നരേന്ദ്ര മോദി. ക്വാഡ് രാജ്യങ്ങളുടെ മൂന്നാം ഉച്ചകോടിയ്ക്കായി ടോക്യോയിലെത്തിയ അദ്ദേഹം ജപ്പാനിലെ പ്രശസ്തമായ ദിനപത്രങ്ങളിലൊന്നായ യോമിയുരി ഷിംബണിലാണ് ലേഖനമെഴുതിയത്.

പത്രത്തിന്റെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച ലേഖനം മോദി ട്വിറ്ററിൽ പങ്കുവച്ചിട്ടുണ്ട്. ഇന്ത്യയും ജപ്പാനും തമ്മിലുള്ള ഊർജസ്വലമായ ബന്ധത്തെക്കുറിച്ച് ഒരു ഒപ്പെഡ് (പത്രങ്ങളിൽ പ്രമുഖ വ്യക്തിത്വങ്ങൾ അഭിപ്രായമെഴുതുന്ന പേജാണ് ഒപ്പെഡ് പേജ്. എഡിറ്റോറിയലിന് തൊട്ടടുത്താണ് ഈ പേജ് സാധാരണയായി കാണുന്നത്.) ലേഖനമെഴുതി. സമാധാനത്തിനും സ്ഥിരതയ്ക്കും സമൃദ്ധിയ്ക്കും വേണ്ടിയുള്ള പങ്കാളിത്തമാണ് ഇരു രാജ്യങ്ങളുടേതും. ഞങ്ങളുടെ സൗഹൃത്തിന്റെ 70 മഹത്തായ വർഷങ്ങൾ നീണ്ട യാത്രയെ ഞാൻ സ്മരിക്കുന്നുവെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

ലേഖനത്തിൽ ഇന്ത്യ ജപ്പാൻ ബന്ധത്തെ പ്രത്യേകതയുള്ളതും പ്രാധാന്യമുള്ളതും ലോകവ്യാപകവുമാണെന്നാണ് അദ്ദേഹം വിശേഷിപ്പിച്ചിരിക്കുന്നത്. ഇരു രാജ്യങ്ങളും തമ്മിലുള്ള സാംസ്കാരിക ബന്ധം നൂറ്റാണ്ടുകൾ പഴക്കമുള്ളതാണ്. ജനാധിപത്യം, സ്വാതന്ത്ര്യം, അന്താരാഷ്ട്ര ക്രമം എന്നിവയുടെ മൂല്യങ്ങൾ പങ്കിടുന്നതിലുള്ള വിശ്വാസം ഒരു യഥാർത്ഥ പങ്കാളിയെന്ന നിലയിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ദൃഢമായ ബന്ധത്തിന് അടിവരയിടുന്നതാണ്. ജാപ്പനീസ് സാങ്കേതികവിദ്യയുടെയും അവരുടെ വൈദഗ്ദ്ധ്യത്തെ പറ്റിയും അദ്ദേഹം ലേഖനത്തിൽ പറഞ്ഞു. കൂടാതെ ജാപ്പനീസ് നേതൃത്വത്തിലും ബിസിനസ്സിലും തന്റെ ദീർഘകാല ഇടപെടലിനെ പറ്റിയും മോദി അനുസ്മരിച്ചു.

ഇന്തോ -പസഫിക് മേഖലയിലെ സുരക്ഷ ലക്ഷ്യമാക്കുന്ന ഇന്ത്യ, യു.എസ്, ഓസ്ട്രേലിയ, ജപ്പാൻ രാജ്യങ്ങളുടെ കൂട്ടായ്‌മയായ ക്വാഡിന്റെ മൂന്നാം പതിപ്പ് ഉച്ചകോടിയിൽ പങ്കെടുക്കാനാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ജപ്പാനിലെത്തിയത്. ഇന്നും നാളെയും ജപ്പാനിൽ ചെലവഴിക്കുന്ന മോദി ജപ്പാൻ പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദ, യു.എസ് പ്രസിഡന്റ് ജോ ബൈഡൻ എന്നിവരുമായി കൂടിക്കാഴ്‌ച നടത്തും. ഇന്ത്യ-ജപ്പാൻ ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്താനുള്ള ചർച്ചകളിലും മോദി പങ്കെടുക്കും. മോദിയുമായി ചർച്ച നടത്തുമെന്ന് നിയുക്ത ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്റണി ആൽബനീസും അറിയിച്ചിട്ടുണ്ട്.

ഇന്നും നാളെയുമായി 40 മണിക്കൂറിനിടെ 23 പരിപാടികളിലാകും പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുക. ക്വാഡ് രാഷ്ട്രത്തലവൻമാരുടെ കൂടിക്കാഴ്‌ചകൾക്ക് പുറമേ, ഒരു രാത്രി ജപ്പാനിൽ ചെലവഴിക്കുന്ന മോദി നയതന്ത്ര പ്രതിനിധികൾ, ജപ്പാനിൽ നിന്ന് കൂടുതൽ നിക്ഷേപം ആകർഷിക്കാനായി 36 ജാപ്പനീസ് കമ്പനി തലവൻമാർ എന്നിവരുമായും കൂടിക്കാഴ്‌ച നടത്തും. ജപ്പാനിലെ ഇന്ത്യൻ സമൂഹമായും സംവദിക്കും. നാളെ ഇന്ത്യയിലേക്ക് പുറപ്പെടുന്ന മോദി രണ്ട് രാത്രികൾ വിമാനത്തിലാണ് ചെലവഴിക്കുക.

What's Your Reaction?

like

dislike

love

funny

angry

sad

wow