പാകിസ്ഥാൻ റേഞ്ചേഴ്‌സിന്റെ പിന്തുണയോടെ സാംബയിൽ നുഴഞ്ഞുകയറാൻ ശ്രമം, 7 ജയ്ഷെ ഭീകരരെ വധിച്ച് ബിഎസ്എഫ്; രക്ഷപെട്ടവർക്കായി തിരച്ചിൽ

അതിർത്തിയിൽ ഷെൽ ആക്രമണം നടക്കുമ്പോഴും ഭീകരരെ ഉപയോഗിച്ച് വീണ്ടും ആക്രമണം നടത്തുകയാണ് പാകിസ്ഥാൻ. പാകിസ്ഥാൻ റേഞ്ചേഴ്‌സിന്റെ പിന്തുണയോടെ ശ്രീനഗർ ജമ്മുവിലെ സാംബ ജില്ലയിൽ നുഴഞ്ഞുകയറാൻ ശ്രമം നടത്തിയ 7 ജയ്ഷെ ഭീകരരെ സുരക്ഷാ സേന വധിച്ചു. രക്ഷപെട്ട 5 പേർക്കായി സുരക്ഷാ സേന തിരച്ചിൽ ശക്തമാക്കിയിട്ടുണ്ട്.
വ്യാഴാഴ്‌ച രാത്രി 11 മണിയോടെയാണ് രാജ്യാന്തര അതിർത്തിയിൽ നുഴഞ്ഞുകയറ്റ ശ്രമമുണ്ടായതെന്ന് ബിഎസ്എഫ് അറിയിച്ചു. ജമ്മു, പഠാൻകോട്ട്, ഉദംപുർ എന്നിവിടങ്ങളിലെ സൈനിക കേന്ദ്രങ്ങൾ ആക്രമിക്കാനുള്ള പാക്കിസ്ഥാന്റെ ശ്രമം ഇന്ത്യ നിർവീര്യമാക്കിയതിന് പിന്നാലെയാണ് നുഴഞ്ഞുകയറ്റ ശ്രമമുണ്ടായത്. 12 ഓളം പേർ നുഴഞ്ഞ് കയറാൻ ശ്രമിച്ച സംഘത്തിലുണ്ടായിരുന്നെന്നും ബാക്കി അഞ്ച് പേർ രക്ഷപ്പെട്ടെന്നുമാണ് വിവരം. ഇവരെ കണ്ടെത്താൻ തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.
ധൻധർ പോസ്റ്റിൽ നിന്ന് വെടിയുതിർത്ത് പാകിസ്ഥാൻ റേഞ്ചേഴ്‌സ് നുഴഞ്ഞുകയറാൻ ഭീകരരെ സഹായിച്ചുവെന്നും സുരക്ഷസേന അറിയിച്ചു. മെയ് 8, 9 തീയതികളിൽ രാത്രിയിൽ സാംബ സെക്ടറിലേക്ക് നുഴഞ്ഞുകയറുന്നതിനിടെയാണ് നിരീക്ഷണ ഗ്രിഡ് തീവ്രവാദികളുടെ സംഘത്തെ കണ്ടെത്തിയതെന്നും ബിഎസ്എഫ് അറിയിച്ചു. പിന്നാലെയാണ് ഭീകരരെ വധിച്ചത്.
What's Your Reaction?






