ലോകായുക്തയുടെ അധികാരം കവരാന്‍ നിയമഭേദഗതി; വിധി സർക്കാരിന് തള്ളാം

ലോകായുക്തയുടെ (Lokayukta) അധികാരത്തിൽ വെള്ളംചേർക്കാനുള്ള നിയമഭേദഗതിക്കൊരുങ്ങി സംസ്ഥാന സർക്കാർ (Kerala Government). ലോകായുക്തയുടെ വിധി സർക്കാരിന് തള്ളുകയോ കൊള്ളുകയോ ചെയ്യാൻ അധികാരം നൽകുന്നത് അടക്കമുള്ള നിയമ ഭേദഗതികളാണ് (Amendment) സർക്കാർ കൊണ്ടുവരുന്നത്. ഇതു സംബന്ധിച്ച ഓർഡിനൻസിന് കഴിഞ്ഞ മന്ത്രിസഭയാണ് അനുമതിനൽകിയത്.

Jan 25, 2022 - 17:44
 0

ലോകായുക്തയുടെ (Lokayukta) അധികാരത്തിൽ വെള്ളംചേർക്കാനുള്ള നിയമഭേദഗതിക്കൊരുങ്ങി സംസ്ഥാന സർക്കാർ (Kerala Government). ലോകായുക്തയുടെ വിധി സർക്കാരിന് തള്ളുകയോ കൊള്ളുകയോ ചെയ്യാൻ അധികാരം നൽകുന്നത് അടക്കമുള്ള നിയമ ഭേദഗതികളാണ് (Amendment) സർക്കാർ കൊണ്ടുവരുന്നത്. ഇതു സംബന്ധിച്ച ഓർഡിനൻസിന് കഴിഞ്ഞ മന്ത്രിസഭയാണ് അനുമതിനൽകിയത്. ഇത് അംഗീകാരത്തിന് ഗവർണർക്ക് സമർപ്പിച്ചിട്ടുണ്ട്.

നിലവിലെ സാഹചര്യത്തിൽ അഴിമതി തെളിഞ്ഞാൽ പൊതുപ്രവർത്തകർ അധികാരസ്ഥാനത്തിരിക്കാൻ യോഗ്യരല്ലെന്ന് വിധിക്കാൻ ലോകായുക്തയ്ക്ക് അധികാരമുണ്ട്. ഇത്തരം വിധി ഓരോ വിഷയവുമായി ബന്ധപ്പെട്ട അധികാരി ആരാണോ (ഗവർണർ, മുഖ്യമന്ത്രി, സർക്കാർ) അവർക്ക് നൽകണമെന്നാണ് നിലവിലെ നിയമം. ഇത് ബന്ധപ്പെട്ട അധികാരി അംഗീകരിക്കണമെന്നാണ് വ്യവസ്ഥ. ഇതിൽ മാറ്റംവരുത്തി ഇത്തരം വിധിയിൽ അധികാര സ്ഥാനത്തുള്ളയാളിന് ഒരു ഹിയറിങ് കൂടി നടത്തി, വിധി തള്ളുകയോ കൊള്ളുകയോ ചെയ്യാമെന്നാണ് ഭേദഗതിയിലെ പ്രധാന വ്യവസ്ഥ.

ഒന്നാം പിണറായി മന്ത്രിസഭയിൽ മന്ത്രിയായിരുന്ന കെ ടി ജലീൽ ബന്ധുനിയമനക്കേസിൽ അഴിമതി കാണിച്ചെന്നും മന്ത്രിസ്ഥാനത്ത് ഇരിക്കരുതെന്നും ലോകായുക്ത വിധിച്ചിരുന്നു. രാജി ഒഴിവാക്കാൻ ജലീൽ സുപ്രീംകോടതിവരെ പോയെങ്കിലും ഫലമുണ്ടായില്ല. ഭേദഗതി വരുന്നതോടെ, സമാന സാഹചര്യത്തിൽ ലോകായുക്തയുടെ വിധിയിൽ മുഖ്യമന്ത്രിക്ക് ഒരു ഹിയറിങ് നടത്തി തീരുമാനമെടുക്കാം

ഓർഡിനൻസ് പ്രകാരം ലോകായുക്തയുടെ വിധിയിൽ ബന്ധപ്പെട്ട അധികാരി മൂന്നുമാസത്തിനകം തീരുമാനമെടുക്കണം. ഇല്ലെങ്കിൽ വിധി അംഗീകരിക്കപ്പെട്ടതായി കണക്കാക്കും. സർക്കാരിനെതിരേ നിലവിൽ ലോകായുക്തയിൽ നിൽക്കുന്ന ചില കേസുകൾ ശക്തമാണെന്ന് മുൻകൂട്ടിക്കണ്ട് കൊണ്ടുവരുന്നതാണ് നിയമഭേദഗതിയെന്ന വിമർശനവുമായി പ്രതിപക്ഷം രംഗത്തെത്തിയിട്ടുണ്ട്. അഴിമതി തെളിഞ്ഞാലും സർക്കാരിന്റെ ഇഷ്ടാനിഷ്ടങ്ങൾക്ക് അനുസരിച്ചായിരിക്കും വിധി നടത്തിപ്പ് എന്നത് ലോകായുക്തയെ നോക്കുകുത്തിയാക്കുമെന്നാണ് പ്രധാന വിമർശനം.

പൊതുപ്രവർത്തകരുടെ അഴിമതി അന്വേഷിക്കാനും ഇതുസംബന്ധിച്ച കേസുകൾ വിചാരണ ചെയ്യാനുമാണ്1998ൽ സംസ്ഥാനങ്ങളിൽ ലോകായുക്ത സ്ഥാപിച്ചത്. പല കേസുകളിലും ലോകായുക്ത വിധികൾക്ക് നിലവിൽത്തന്നെ ശുപാർശ സ്വഭാവമേയുള്ളൂ. ഉള്ളതിൽ ഏറ്റവും ശക്തമായ ഒന്നായിരുന്നു അഴിമതിയുടെ അന്വേഷണവും കുറ്റംതെളിഞ്ഞാൽ അവർ സ്ഥാനത്തുനിന്ന് മാറണമെന്ന് നിർദേശിക്കാനുള്ള അധികാരവും. പുതിയ ഭേദഗതിയോടെ ഈ അധികാരവും ലോകായുക്തയ്ക്ക് നഷ്ടമാകും.

What's Your Reaction?

like

dislike

love

funny

angry

sad

wow