രാജ്യത്തിന്റെ 15ാം രാഷ്ട്രപതിയായി ദ്രൗപദി മുർമു അധികാരമേറ്റു

പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ നടന്ന സത്യപ്രതിജ്ഞാച്ചടങ്ങില്‍ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, പ്രധാനമന്ത്രി നരേന്ദ്രമോദി, ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ള, കേന്ദ്രമന്ത്രിമാര്‍, ഗവര്‍ണര്‍മാര്‍, മുഖ്യമന്ത്രിമാര്‍, വിദേശരാജ്യങ്ങളുടെ നയതന്ത്രമേധാവികള്‍, മൂന്നുസേനകളുടെയും മേധാവികള്‍, പാര്‍ലമെന്റംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Jul 26, 2022 - 02:44
 0
രാജ്യത്തിന്റെ 15ാം രാഷ്ട്രപതിയായി ദ്രൗപദി മുർമു അധികാരമേറ്റു

രാജ്യത്തിന്റെ 15 ാമത് രാഷ്ട്രപതിയായി ദ്രൗപദി മുര്‍മു (Droupadi Murmu) സത്യപ്രതിജ്ഞചെയ്ത് അധികാരമേറ്റു. പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ രാവിലെ 10.14 ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എന്‍ വി രമണ, ദ്രൗപദി മുര്‍മുവിന് സത്യവാചകം ചൊല്ലിക്കൊടുത്തു. തുടര്‍ന്ന്, സ്ഥാനമൊഴിഞ്ഞ രാഷ്ട്രപതി രാംനാഥ് കോവിന്ദും പുതിയ രാഷ്ട്രപതിയും ഇരിപ്പിടങ്ങള്‍ പരസ്പരം മാറി.

പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ നടന്ന സത്യപ്രതിജ്ഞാച്ചടങ്ങില്‍ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, പ്രധാനമന്ത്രി നരേന്ദ്രമോദി, ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ള, കേന്ദ്രമന്ത്രിമാര്‍, ഗവര്‍ണര്‍മാര്‍, മുഖ്യമന്ത്രിമാര്‍, വിദേശരാജ്യങ്ങളുടെ നയതന്ത്രമേധാവികള്‍, മൂന്നുസേനകളുടെയും മേധാവികള്‍, പാര്‍ലമെന്റംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

തിങ്കളാഴ്ച രാവിലെ 9.17നാണ് ചടങ്ങുകള്‍ ആരംഭിച്ചത്. 10 മണിക്ക് വാഹനവ്യൂഹത്തില്‍ പാര്‍ലമെന്റിന്റെ അഞ്ചാംനമ്പര്‍ കവാടത്തിലെത്തിയ രാഷ്ട്രപതിയേയും നിയുക്ത രാഷ്ട്രപതിയേയും ഉപരാഷ്ട്രപതി, ലോക്സഭാ സ്പീക്കര്‍, സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. തുടര്‍ന്ന് രാഷ്ട്രപതിയും ഉപരാഷ്ട്രപതിയും പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളിലേക്ക് നീങ്ങി. ഉപരാഷ്ട്രപതിയും ലോക്സഭാസ്പീക്കറും ചീഫ് ജസ്റ്റിസും അനുഗമിച്ചു.

രാഷ്ട്രപതിയെ തെരഞ്ഞെടുത്തുകൊണ്ടുള്ള തെരഞ്ഞെടുപ്പു കമ്മീഷന്റെ അറിയിപ്പ് കേന്ദ്ര ആഭ്യന്തരസെക്രട്ടറി വായിച്ചു. ചീഫ് ജസ്റ്റിസ് ദ്രൗപദി മുര്‍മുവിന് സത്യവാചകം ചൊല്ലിക്കൊടുത്തു. രാംനാഥ് കോവിന്ദും ദ്രൗപദി മുര്‍മുവും ഇരിപ്പിടം കൈമാറി. ചുമതലയില്‍ ഒപ്പുവെക്കാനുള്ള രജിസ്റ്റര്‍ പുതിയ രാഷ്ട്രപതിക്ക് സെക്രട്ടറി നല്‍കി. പുതിയ രാഷ്ട്രപതി ചുമതലയേറ്റ വിവരം രാഷ്ട്രപതിയുടെ അനുമതി നേടിയശേഷം ആഭ്യന്തരസെക്രട്ടറി പ്രഖ്യാപിച്ചു.

Also Read- മാധ്യമവിചാരണയ്ക്കെതിരെ ആഞ്ഞടിച്ച് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എൻ.വി രമണ

ആദിവാസിവിഭാഗത്തില്‍നിന്നുള്ള ആദ്യത്തെ രാഷ്ട്രപതിയായ ദ്രൗപദി മുര്‍മു ഈ പരമോന്നതപദവിയിലെത്തുന്ന രണ്ടാമത്തെ വനിതയാണ്. 64 ശതമാനം വോട്ടുനേടിയാണ് രാഷ്ട്രപതിസ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. മകള്‍ ഇതിശ്രീ, മകളുടെ ഭര്‍ത്താവ് ഗണേഷ് ഹേംബ്രാം, കുടുംബാംഗങ്ങള്‍ തുടങ്ങിയവരും സത്യപ്രതിജ്ഞച്ചടങ്ങിന് സാക്ഷ്യംവഹിച്ചു.

സത്യപ്രതിജ്ഞാച്ചടങ്ങിനായി പാര്‍ലമെന്റിന്റെ പരിസരത്ത് കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയത്. പാര്‍ലമെന്റിന്റെ പരിസരങ്ങളിലുള്ള മുപ്പതോളം കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് ഉച്ചയ്ക്ക് രണ്ടുമണിവരെ അവധി നല്‍കിയിട്ടുണ്ട്. രാവിലെ ആറുമണിമുതല്‍ ഈ കെട്ടിടങ്ങളില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ നിലയുറപ്പിച്ചിരുന്നു. പുതിയ പാര്‍ലമെന്റിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങളും തിങ്കളാഴ്ച താത്കാലികമായി നിര്‍ത്തിവെച്ചിരുന്നു. 

What's Your Reaction?

like

dislike

love

funny

angry

sad

wow