മണിപ്പൂരിൽ കുക്കികളുടെ കൂട്ടശവസംസ്കാരം മാറ്റിവെച്ചു; കേന്ദ്രത്തിനു മുന്നിൽ അഞ്ചു നിബന്ധനകളുമായി ​ഗോത്ര നേതാക്കൾ

Aug 5, 2023 - 01:44
 0
മണിപ്പൂരിൽ കുക്കികളുടെ കൂട്ടശവസംസ്കാരം മാറ്റിവെച്ചു; കേന്ദ്രത്തിനു മുന്നിൽ അഞ്ചു നിബന്ധനകളുമായി ​ഗോത്ര നേതാക്കൾ

മണിപ്പൂർ സംഘർഷത്തിനിടെ കൊല്ലപ്പെട്ട 35 കുക്കി വിഭാഗക്കാരുടെ കൂട്ട ശവസംസ്കാരം കേന്ദ്രസർക്കാരിന്റെ അഭ്യർത്ഥനയെത്തുടർന്ന് മാറ്റിവെച്ചു. ചുരാചന്ദ്പൂർ ജില്ലയുടെ അതിർത്തി പ്രദേശമായ തുബോംഗിലാണ് കൂട്ട ശവസംസ്കാരം നടത്താനിരുന്നത്. മൃതശരീരങ്ങൾ സംസ്കരിക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിശോധിക്കുമെന്നും ഏഴ് ദിവസത്തിനുള്ളിൽ പ്രശ്നം പരിഹരിക്കാനാവാശ്യമായ കാര്യങ്ങളെല്ലാം ചെയ്യുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം കുക്കി സമുദായത്തെ അറിയിച്ചതായും അടുത്ത വൃത്തങ്ങൾ പറഞ്ഞു.

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ അഭ്യർത്ഥന പ്രകാരം കൂട്ട ശവസംസ്‌കാരം അഞ്ച് ദിവസത്തേക്ക് മാറ്റിവയ്ക്കാൻ തീരുമാനിച്ചതായി ഇൻഡിജീനിയസ് ട്രൈബൽ ലീഡേഴ്‌സ് ഫോറം (Indigenous Tribal Leader Forum (ITLF)) അറിയിച്ചു. ”ഞങ്ങൾ ഇന്നലെ രാത്രി മുതൽ പുലർച്ചെ നാലു മണി വരെ ആഭ്യന്തര മന്ത്രാലയവുമായി മാരത്തൺ ചർച്ചകൾ നടത്തി. സംസ്കാരം അഞ്ചു ദിവസം കൂടി വൈകിപ്പിക്കണമെന്നും ഈ അഭ്യർത്ഥന മാനിച്ചാൽ അതേ സ്ഥലത്ത് തന്നെ സംസ്‌കരിക്കാൻ അനുവദിക്കുമെന്നും ശ്മശാനത്തിനായി സർക്കാർ ഭൂമി അനുവദിക്കുമെന്നും അവർ ഞങ്ങൾക്ക് ഉറപ്പു നൽകി. ഈ നിർദേശം മിസോറാം മുഖ്യമന്ത്രിയും മുന്നോട്ടു വെച്ചിരുന്നു”, ഇൻഡിജീനിയസ് ട്രൈബൽ ലീഡേഴ്‌സ് ഫോറം നേതാക്കൾ പറഞ്ഞു.

ചില ആവശ്യങ്ങൾ അംഗീകരിച്ചാൽ, സംസ്‌കാരത്തിനായി അഞ്ചു ദിവസം കൂടി കാത്തിരിക്കാമെന്ന് ആഭ്യന്തര മന്ത്രാലയത്തിന് കുക്കി സമുദായ നേതാക്കൾ ഉറപ്പു നൽകിയിട്ടുണ്ട്.

  1. മണിപ്പൂരിലെ ചുരാചന്ദ്പൂരിലുള്ള എസ്. ബോൾജാങ്ങിലെ ശ്മശാനസ്ഥലം ഈ മൃതദേഹങ്ങൾ സംസ്കരിക്കാനായി അനുവദിക്കണം.
  2. കുക്കി സമുദായങ്ങളുടെ സുരക്ഷ ഉറപ്പാക്കണം. ഇതിനായി മലയോര ജില്ലകളിൽ മെയ്തി സേനയെ വിന്യസിക്കാൻ പാടില്ല.
  3. സംസ്‌കാരം ഇനിയും വൈകുമെന്നതിനാൽ, ഇംഫാലിലുള്ള കുക്കി സമുദായങ്ങളുടെ മൃതദേഹങ്ങൾ ചുരാചന്ദ്പൂരിലേക്ക് കൊണ്ടുവരണം.
  4. മണിപ്പൂര്റെ ഭാ​ഗമായി തങ്ങളെ ഇനി തുടരാൻ അനുവ​ദിക്കരുത്.
  5. ഇംഫാലിലെ ആദിവാസി ജയിൽ തടവുകാരെ അവരുടെ സുരക്ഷാർത്ഥം മറ്റ് സംസ്ഥാനങ്ങളിലേക്ക് മാറ്റണം.

”ഇക്കാര്യങ്ങൾ സംബന്ധിച്ച് രേഖാമൂലമുള്ള ഉറപ്പ് നൽകുന്നതിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം പരാജയപ്പെട്ടാൽ, ഞങ്ങൾ മുൻപ് ആസൂത്രണം ചെയ്തതുപോലെ കൂട്ട ശവസംസ്കാരം നടത്തും. ഞങ്ങളുടെ ആവശ്യങ്ങൾ പരി​ഗണിച്ച് ആഭ്യന്തര മന്ത്രാലയം രേഖാമൂലമുള്ള ഉറപ്പ് നൽകിയാൽ, ഞങ്ങൾ അവരുടെ അഭ്യർത്ഥന മാനിക്കും”, എന്നും ഐടിഎൽഎഫ് അറിയിച്ചു.

കൂട്ട ശവസംസ്കാരം നടക്കേണ്ടിയിരുന്ന സ്ഥലം സർക്കാർ ഭൂമിയാണെന്നും രണ്ട് കാരണങ്ങളാൽ ആ ഭാഗത്ത് സംസ്‌കരിക്കാനുള്ള തീരുമാനവുമായി മുന്നോട്ട് പോകരുതെന്നും സംസ്ഥാന സർക്കാർ അഭ്യർത്ഥിച്ചതായും അടുത്ത വൃത്തങ്ങൾ പറയുന്നു. ഒന്നാമതായി, ഇത് സർക്കാർ ഭൂമിയാണ്, അതിനാൽ കൂട്ട ശവസംസ്കാരം വലിയ വിവാദങ്ങൾ സൃഷ്ടിക്കും. രണ്ടാമതായി, ഈ ഭൂമി ഒരു അതിർത്തി പ്രദേശമാണ്. സാമുദായികമായി നോക്കിയാൽ ഏറ്റവും സെൻസിറ്റീവ് ആയ പ്രദേശങ്ങളിലൊന്നു കൂടിയാണ് ഇത്. ഇത്തരമൊരു കൂട്ട ശവസംസ്കാരം ഇവിടെ നടത്തുന്നത് വലിയ പ്രശ്നങ്ങളുണ്ടാകാൻ കാരണമാകും. കൂട്ട ശവസംസ്കാരത്തിനെതിരെ മെയ്തി സമുദായത്തിൽ നിന്നും ശക്തമായ പ്രതിഷേധം ഉയർന്നിരുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow