സമനിലച്ചരട് പൊട്ടിക്കാതെ അർജന്റീനയും ബ്രസീലും; ഖത്തറിലേക്ക് ടിക്കറ്റെടുത്ത് അർജന്റീനയും

സൂപ്പർ പോരാട്ടത്തിൽ വിജയാഹ്ളാദമില്ല. ലാറ്റിനമേരിക്കൻ മേഖലയിലെ ലോകകപ്പ് യോഗ്യത (World Cup Qualifiers) റൗണ്ട് പോരാട്ടത്തിൽ അർജന്റീന - ബ്രസീൽ (Argentina vs Brazil) മത്സരം സമനിലയിൽ കലാശിച്ചു. 90 മിനിറ്റ് കളിച്ചിട്ടും ഇരു ടീമുകളും ഗോളുകൾ ഒന്നും തന്നെ നേടാതെ പിരിഞ്ഞത് ആരാധകർക്ക് ചെറിയ നിരാശ നൽകിയെങ്കിലും മത്സരത്തിൽ ഇരു ടീമുകളും നടത്തിയ പോരാട്ടം ആരാധകരെ ആവേശം കൊള്ളിക്കുന്നതായിരുന്നു.

Nov 17, 2021 - 15:33
 0
സമനിലച്ചരട് പൊട്ടിക്കാതെ അർജന്റീനയും ബ്രസീലും; ഖത്തറിലേക്ക് ടിക്കറ്റെടുത്ത് അർജന്റീനയും

സൂപ്പർ പോരാട്ടത്തിൽ വിജയാഹ്ളാദമില്ല. ലാറ്റിനമേരിക്കൻ മേഖലയിലെ ലോകകപ്പ് യോഗ്യത (World Cup Qualifiers) റൗണ്ട് പോരാട്ടത്തിൽ അർജന്റീന - ബ്രസീൽ (Argentina vs Brazil) മത്സരം സമനിലയിൽ കലാശിച്ചു. 90 മിനിറ്റ് കളിച്ചിട്ടും ഇരു ടീമുകളും ഗോളുകൾ ഒന്നും തന്നെ നേടാതെ പിരിഞ്ഞത് ആരാധകർക്ക് ചെറിയ നിരാശ നൽകിയെങ്കിലും മത്സരത്തിൽ ഇരു ടീമുകളും നടത്തിയ പോരാട്ടം ആരാധകരെ ആവേശം കൊള്ളിക്കുന്നതായിരുന്നു.

അർജന്റീനയുടെ ഹോം ഗ്രൗണ്ടിൽ നടന്ന പോരാട്ടത്തിൽ സൂപ്പർ താരം നെയ്മറിനെ (Neymar) കൂടാതെയാണ് ബ്രസീൽ ഇറങ്ങിയത്. മറുവശത്ത് പരിക്ക് ഭേദമായ മെസ്സി (Messi) തിരിച്ചെത്തിയത് അർജന്റീന ആരാധകർക്ക് സന്തോഷം നൽകി.

ലോകകപ്പ് യോഗ്യത മത്സരം എന്നതിന് പുറമെ ഫുട്ബോളിലെ ചിരവൈരികളായ ഇരു ടീമുകൾക്കും ഈ മത്സരം അഭിമാന പോരാട്ടം കൂടിയായി മാറിയതോടെ ജയം നേടി കളം വിടുക എന്ന ലക്ഷ്യത്തോടെയാണ് ഇരു ടീമുകളും ഇറങ്ങിയത്. ആദ്യ പകുതിയിൽ തുടക്കത്തിൽ തന്നെ മുന്നേറ്റങ്ങളുമായി ഇരു ടീമുകളും എതിർ ഗോൾമുഖം ലക്ഷ്യം വെച്ചെങ്കിലും ഗോൾവല ഭേദിക്കാൻ ആർക്കും കഴിഞ്ഞില്ല. അർജന്റീന താരം ഡി മരിയ മികച്ച ഒരു മുന്നേറ്റത്തിലൂടെ ഗോളിന് അടുത്തെത്തിയെങ്കിലും ലക്ഷ്യം കാണാൻ കഴിഞ്ഞില്ല. ലയണൽ മെസ്സിയുടെ ഒരു ലോങ്ങ് റേഞ്ചർ ശ്രമം ബ്രസീൽ ഗോളി ആലിസൺ തട്ടിയകറ്റുകയും ചെയ്തു. ഇതിനുപുറമെ മെസ്സി നടത്തിയ മുന്നേറ്റങ്ങളും ലക്ഷ്യം കാണാതെ പോയി.

മറുഭാഗത്ത് വിനീഷ്യസ് ജൂനിയറും ലൂക്കാസ് പക്കേറ്റയും ബ്രസീൽ ഭാഗത്ത് നിന്നും മുന്നേറ്റങ്ങൾ നടത്തിയെങ്കിലും അവിടെയും ഗോൾവല ഭേദിക്കുന്ന ശ്രമങ്ങൾ പിറന്നില്ല. വിനീഷ്യസ് ചില സോളോ റണ്ണുകളിലൂടെ അർജന്റീന പ്രതിരോധത്തിന് തലവേദന സൃഷ്ടിച്ചെങ്കിലും താരത്തിന്റെ മുന്നേറ്റങ്ങൾ ഡി ബോക്സിനുള്ളിൽ അവസാനിക്കുകയായിരുന്നു.

മത്സരത്തിൽ പന്തടക്കത്തിലും മുന്നേറ്റങ്ങളിലും അർജന്റീനയ്ക്കായിരുന്നു ചെറിയ മുൻ‌തൂക്കം. ഇരു ടീമുകളും ഗോൾപോസ്റ്റ് ലക്ഷ്യം വെച്ച് ഒമ്പത് ഷോട്ടുകൾ തൊടുത്തപ്പോൾ അതിൽ അർജന്റീനയുടെ മൂന്നെണ്ണവും ബ്രസീലിന്റെ രണ്ടെണ്ണവുമാണ് ലക്ഷ്യത്തിലുണ്ടായിരുന്നത്. മത്സരത്തിൽ അർജന്റീന ഏഴ് കോർണറുകൾ നേടിയപ്പോൾ ബ്രസീലിന് ഒരെണ്ണം പോലും നേടാൻ കഴിഞ്ഞില്ല. ആവേശപൂർണമായ മത്സരത്തിൽ ഫൗളുകൾക്കും കുറവുണ്ടായിരുന്നില്ല. ഏഴ് മഞ്ഞക്കാർഡുകളാണ് റഫറിക്ക് പുറത്തെടുക്കേണ്ടി വന്നത്.

സമനിലയിൽ നിന്നും നേടിയ ഒരു പോയിന്റുമായി അർജന്റീനയും ഖത്തർ ലോകകപ്പിന് യോഗ്യത നേടി. ബ്രസീൽ നേരത്തെ യോഗ്യത നേടിയിരുന്നു. ലാറ്റിനമേരിക്കൻ യോഗ്യത റൗണ്ടിലെ മറ്റ് മത്സരങ്ങളിൽ കൊളംബിയയ്ക്ക് സമനിലയും ഉറുഗ്വായും ചിലെയും തോൽവി വഴങ്ങുക കൂടി ചെയ്തതാണ് അർജന്റീനയ്ക്ക് യോഗ്യത നേടുന്നതിൽ അനുകൂലമായത്.

ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ 12 മത്സരങ്ങളില്‍ നിന്ന് 35 പോയന്റുകള്‍ നേടിക്കൊണ്ട് ബ്രസീല്‍ പോയന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നു. ഇത്രയും മത്സരങ്ങളില്‍ നിന്ന് 29 പോയന്റ് നേടിയ അര്‍ജന്റീന രണ്ടാം സ്ഥാനത്താണ്. ഇരുടീമുകളും യോഗ്യതാ റൗണ്ടില്‍ ഇതുവരെ തോല്‍വി വഴങ്ങിയിട്ടില്ല എന്ന റെക്കോർഡ് ഈ മത്സരത്തിലും ഇരുവരും കാത്തു.

അതേസമയം, 2009 ന് ശേഷം അര്‍ജന്റീനയ്‌ക്കെതിരേ അവരുടെ ഹോം ഗ്രൗണ്ടില്‍ വിജയിക്കാന്‍ കഴിഞ്ഞിട്ടില്ല എന്നത് ബ്രസീലിന് ഈ മത്സരത്തിലും തിരുത്തിക്കുറിക്കാൻ കഴിഞ്ഞില്ല.

What's Your Reaction?

like

dislike

love

funny

angry

sad

wow