സൗദി അറേബ്യയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തകര്‍ത്തെറിഞ്ഞ് പോളണ്ട്

ഖത്തര്‍ ലോകകപ്പ് ഫുട്ബോള്‍ ഗ്രൂപ്പ് സി പോരാട്ടത്തില്‍ സൗദി അറേബ്യയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് പോളണ്ട് പരാജയപ്പെടുത്തിയത്. 39-ാം മിനിറ്റില്‍ പിയോറ്റർ സെലിൻസ്കിയും 82-ാം മിനിറ്റില്‍ റോബർട്ട് ലെവൻഡോവ്സ്കിയും നേടിയ ഗോളുകളാണ് പോളണ്ടിന് വിജയം സമ്മാനിച്ചത്.
വമ്പന്‍മാരായ അർജന്റീനയെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് വീഴ്ത്തിയ ശേഷമാണ് സൗദി പോളണ്ടിനെ നേരിടാനെത്തിയത്. കളിയുടെ ആദ്യ മിനിറ്റുകളില്‍ മികച്ച പ്രകടനം കാഴ്ച വച്ച സൗദി പിന്നീട് പിന്നോട്ട് പോവുകയായിരുന്നു.
39–ാം മിനിറ്റില്‍ ആദ്യ ഗോൾ നേടി പോളണ്ട് മത്സരത്തിലേക്ക് തിരിച്ചെത്തി. സൗദി അറേബ്യയുടെ പക്കൽനിന്നു പന്ത് പിടിച്ചെടുത്ത് പിയോറ്റർ സെലിൻസ്കിക്കു നൽകിയത് പോളണ്ട് ക്യാപ്റ്റൻ റോബർട്ട് ലെവൻഡോവ്സ്കി. ആത്മവിശ്വാസത്തോടെ പന്തെടുത്ത പിയോറ്റർ സെലിൻസ്കി അനായാസം ലക്ഷ്യം കണ്ടു. 44–ാം മിനിറ്റിൽ സൗദി താരം അൽ ഷെഹ്‍രിയെ പോളിഷ് താരം ക്രിസ്റ്റ്യൻ ബെയ്‍ലിക് ഫൗൾ ചെയ്തതിന് സൗദി അറേബ്യയ്ക്കു പെനാൽറ്റി ലഭിച്ചു.
വിഡിയോ അസിസ്റ്റന്റ് റഫറി സംവിധാനം ഉപയോഗിച്ചു പരിശോധിച്ച ശേഷമാണ് പെനൽറ്റി നൽകിയത്. അൽ ദാവരിയുടെ ഷോട്ട് പോളിഷ് ഗോളി വോജെച് സെസ്നി തടുത്തിട്ടു. റീബൗണ്ടിൽ മുഹമ്മദ് അൽ ബ്രെയ്കിന്റെ ഗോൾ ശ്രമവും പോളണ്ട് ഗോളി പരാജയപ്പെടുത്തി.
കളിയുടെ 82-ാം മിനിറ്റില്‍ സൗദി പ്രതിരോധ നിരയിലെ പിഴവ് മുതലെടുത്ത് പോളണ്ടിന്‍റെ രണ്ടാം ഗോള്‍ നേടി. ഒരു ഗോളടിക്കുകയും ഒരു ഗോളിന് വഴിവെയ്ക്കുകയും ചെയ്ത ലെവന്‍ഡോവ്‌സ്‌കിയാണ് മത്സരത്തിലെ താരം.
ജയത്തോടെ ഗ്രൂപ്പ് സിയില്‍ നാലു പോയിന്റോടെ പോളണ്ട് മുന്നിലെത്തി. അര്‍ജന്റീനയെ തോല്‍പിച്ച് കിട്ടിയ മൂന്ന് പോയിന്റാണ് സൗദിയുടെ സമ്പാദ്യം.
What's Your Reaction?






